വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമിയെ ഒഹായോ ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥിയായി വെള്ളിയാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഔപചാരികമായി പിന്തുണച്ചു. 'വളരെ പ്രത്യേകതയുള്ള വ്യക്തിയാണദ്ദേഹം' എന്ന് ട്രംപ് പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരിച്ചിരുന്ന രാമസ്വാമി 'ഒഹായോയുടെ മികച്ച ഗവര്‍ണര്‍ ആയിരിക്കും' എന്ന ആത്മവിശ്വാസം ട്രംപ് പ്രകടിപ്പിച്ചു.
'ഞാന്‍ അദ്ദേഹത്തെ പൂര്‍ണ്ണമായും പിന്തുണക്കുന്നു. രാമസ്വാമി ഒരിക്കലും നിരാശപ്പെടുത്തില്ല,' എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതിയത്. 'ബുദ്ധിമാനായ, കരുത്തുള്ള, ദേശസ്‌നേഹിയുമായ നേതാവാണ് വിവേക് രാമസ്വാമി. ഒഹായോയെ ഞാന്‍ ഏറെ സ്‌നേഹിക്കുന്നു; 2016, 2020, 2024 വര്‍ഷങ്ങളില്‍ ഞാന്‍ അവിടെ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചു. രാമസ്വാമി അതിന്റെ മികച്ച ഗവര്‍ണര്‍ ആകും,' ട്രംപ് കൂട്ടിച്ചേര്‍ത്തു.
1985ല്‍ ഇന്ത്യന്‍ കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകനായി ജനിച്ച രാമസ്വാമി ഒരു സംരംഭകനും എഴുത്തുകാരനും രാഷ്ട്രീയപ്രവര്‍ത്തകനുമാണ്. 2024ല്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരിച്ചെങ്കിലും പിന്നീട് ട്രംപിനെ പിന്തുണച്ച് പിന്മാറുകയായിരുന്നു. 'Woke, Inc.', 'Nation of Victims' എന്നീ പുസ്തകങ്ങളുടെ രചയിതാവായ രാമസ്വാമി കോര്‍പ്പറേറ്റ് ആക്ടിവിസത്തിനും ഐഡന്റിറ്റി പോളിറ്റിക്‌സിനുമെതിരെ വിമര്‍ശനാത്മക നിലപാടുകള്‍ എടുത്തിരുന്നു.
എന്നാല്‍ ട്രംപിന്റെ ഈ പിന്തുണ MAGA വിഭാഗത്തിനുള്ളില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും വെര്‍ജീനിയയിലുമുള്ള റിപ്പബ്ലിക്കന്‍ പരാജയങ്ങള്‍ക്കുശേഷം MAGA അനുകൂലികള്‍ ഒഹായോയില്‍ രാമസ്വാമിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി എമി ആക്ടണ്‍ സര്‍വെയില്‍ മുന്നിലാണ് എന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെയാണ് പ്രതിഷേധം ശക്തമായത്.
'ഐഡന്റിറ്റി പോളിറ്റിക്‌സ് ഒഴിവാക്കാതെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയിക്കില്ല' എന്ന രാമസ്വാമിയുടെ പ്രസ്താവനയും MAGA കൂട്ടായ്മയെ പ്രകോപിപ്പിച്ചു. 'വിവേക് തോല്‍ക്കണം. ഈ മത്സരം റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റ് പോരാട്ടമല്ല, അമേരിക്കന്‍ മൂല്യങ്ങള്‍ സംരക്ഷിക്കണമോ എന്നതിന്റെ പരിശോധനയാണ്,' എന്നായിരുന്നു ഒരു MAGA അനുകൂലിയുടെ പരാമര്‍ശം.
ട്രംപിന്റെ പൂര്‍ണ്ണ പിന്തുണയോടെ രാമസ്വാമിയുടെ പ്രചാരണം ശക്തമാകുമ്പോഴും, പാര്‍ട്ടിയിലെ ആഭ്യന്തര വിഭജനങ്ങള്‍ ഒഹായോയിലെ റിപ്പബ്ലിക്കന്‍ മുന്നേറ്റത്തിന് വെല്ലുവിളിയായേക്കാമെന്ന വിലയിരുത്തലുകള്‍ ഉയരുകയാണ്.
ഒഹായോ ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥിയായി വിവേക് രാമസ്വാമിയെ പിന്തുണച്ച് ട്രംപ് ; MAGA പക്ഷത്തിന് അതൃപ്തി
