വീഡിയോ വിവാദം: ബിബിസിക്കെതിരെ 5 ബില്യണ്‍ ഡോളര്‍വരെ നഷ്ടപരിഹാരം തേടി കേസ് ഫയല്‍ചെയ്യുമെന്ന് ട്രംപ്

വീഡിയോ വിവാദം: ബിബിസിക്കെതിരെ 5 ബില്യണ്‍ ഡോളര്‍വരെ നഷ്ടപരിഹാരം തേടി കേസ് ഫയല്‍ചെയ്യുമെന്ന് ട്രംപ്


വാഷിംഗ്ടണ്‍ :   പ്രസംഗം തെറ്റായി എഡിറ്റിംഗ് നടത്തി പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ബിബിസിക്കെതിരെ 1 മുതല്‍ 5 ബില്യണ്‍ ഡോളര്‍ വരെ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ബിബിസി ചെയര്‍മാന്‍ വ്യാഴാഴ്ച ക്ഷമ ചോദിച്ചുവെങ്കിലും അത് അപകീര്‍ത്തിയല്ലെന്ന നിലപാട് തുടരുന്നതിനിടയിലായിരുന്നു ട്രംപിന്റെ കടുത്ത പ്രതികരണം.

2021ലെ കാപിറ്റോള്‍ കലാപത്തിന് മുമ്പുള്ള തന്റെ പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത ക്ലിപ്പ് പുറത്ത് വിട്ടതിലൂടെ ബിബിസി തന്നെ 'ചതിച്ചു' എന്നായിരുന്നു ട്രംപിന്റെ ആരോപണം. 'തെറ്റ് ചെയ്‌തെന്ന് അവര്‍ സമ്മതിച്ചു. അടുത്ത ആഴ്ച ഏതെങ്കിലും സമയത്ത് കേസ് ഫയല്‍ ചെയ്യും. ഒന്നു മുതല്‍ അഞ്ച് ബില്യണ്‍ ഡോളര്‍ വരെ നഷ്ടപരിഹാരം ആവശ്യപ്പെടും'- എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു.

വിവാദത്തില്‍ യുകെ ജനതയും 'വളരെയധികം ക്രുദ്ധരാണ്' എന്നും ബിബിസി 'വ്യാജ വാര്‍ത്തക്കാരാണ് ' എന്നും അദ്ദേഹം ആരോപിച്ചു.

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും ട്രംപ് പറഞ്ഞു. ബ്രോഡ്കാസ്റ്ററുടെ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് സ്റ്റാര്‍മര്‍ പറഞ്ഞിരുന്നെങ്കിലും, പ്രശ്‌നത്തില്‍ വ്യക്തമായ നിലപാട് എടുക്കാതിരുന്നതിനെ ട്രംപ് പരിഹസിച്ചു. 'ആഴ്ചാവസാനം സ്റ്റാര്‍മറെ വിളിക്കും. കാര്യം അദ്ദേഹത്തെ വളരെയധികം ലജ്ജിപ്പിച്ചിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

തെറ്റായ എഡിറ്റിംഗ് ട്രംപ് നേരിട്ട് അക്രമത്തിന് ആഹ്വാനം ചെയ്തുവെന്ന തെറ്റിദ്ധാരണ സൃഷ്ടിച്ചതായി ബിബിസി തിങ്കളാഴ്ച സമ്മതിച്ചിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഡയറക്ടര്‍ ജനറലും ഹെഡ് ഓഫ് ന്യൂസും രാജിവെച്ചിരുന്നു.

ചെയര്‍മാന്‍ സമീര്‍ ഷാ വൈറ്റ് ഹൗസിലേക്ക് അയച്ച കത്തില്‍ എഡിറ്റിംഗിലെ പിഴവിനെ കുറിച്ച് ഖേദം രേഖപ്പെടുത്തിയതായി ബിബിസി പ്രസ്താവനയില്‍ അറിയിച്ചു.