വാഷിംഗ്ടണ്‍: അഭയാര്‍ഥികള്‍ക്കും അഭയാവകാശം ലഭിച്ചവര്‍ക്കും മറ്റ് കുടിയേറ്റക്കാര്‍ക്കും യുഎസില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന പെര്‍മിറ്റിന്റെ കാലാവധി ട്രംപ് ഭരണകൂടം കുത്തനെ കുറച്ചു. ഇതുവരെ അഞ്ചുവര്‍ഷം വരെ ലഭിച്ചിരുന്ന വര്‍ക്ക് പെര്‍മിറ്റുകള്‍ ഇനി പരമാവധി 18 മാസത്തിനകം പുതുക്കേണ്ടിവരും. ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്ന നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം.
വാഷിംഗ്ടണില്‍ ഉണ്ടായ നാഷണല്‍ ഗാര്‍ഡ് സൈനികര്‍ക്കെതിരായ വെടിവെയ്പ്പ് സംഭവമാണ് തീരുമാനത്തിന് അടിസ്ഥാനം എന്ന് യുഎസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (USCIS) ഡയറക്ടര്‍ ജോസഫ് എഡ്‌ലോ പറഞ്ഞു. 2021ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പിന്മാറ്റത്തിന് ശേഷം പുനരധിവാസ പരിപാടിയിലൂടെ യുഎസിലെത്തിയ ഒരു അഫ്ഗാന്‍ പൗരനാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആക്രമണത്തില്‍ ഗൗരവമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു വനിതാ സൈനിക പിന്നീട് മരിച്ചിരുന്നു.
ജോലി അനുമതിയുടെ കാലാവധി കുറയ്ക്കുന്നതിലൂടെ കൂടുതല്‍ ഇടവേളകളില്‍ സുരക്ഷാ പരിശോധന നടത്താനാകുമെന്നും യുഎസില്‍ ജോലി ചെയ്യാന്‍ അനുമതി ലഭിക്കുന്നവര്‍ പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്നില്ലെന്ന് ഉറപ്പാക്കാനാവുമെന്നും എഡ്‌ലോ വ്യക്തമാക്കി. മുന്‍ ഭരണകൂടം പ്രവേശിപ്പിച്ച ഒരു കുടിയേറ്റക്കാരനാണ് ആക്രമണം നടത്തിയതെന്ന വസ്തുത കൂടുതല്‍ കര്‍ശനവും ഇടവേളകളിലുള്ളതുമായ പരിശോധനയുടെ ആവശ്യകത തെളിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ചട്ടം അഭയാര്‍ഥികള്‍ക്കും അഭയാവകാശം ലഭിച്ചവര്‍ക്കും സര്‍ക്കാര്‍ നാടുകടത്തല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്ന കുടിയേറ്റക്കാര്‍ക്കും ബാധകമാകും. ഇതിനുമുമ്പ് 19 രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള കുടിയേറ്റ അപേക്ഷകള്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചതിന് പിന്നാലെയാണ് ഈ തീരുമാനം.
കുടിയേറ്റവിരുദ്ധ നടപടികള്‍ വീണ്ടും കര്‍ശനമാക്കി യുഎസ്; അഭയാര്‍ഥികളുടെ ജോലി അനുമതി കാലാവധി 18 മാസമാക്കി ചുരുക്കി
