വാഷിംഗ്ടണ്‍: യു എസും ഇറാനും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ താളം തെറ്റുന്നതിനിടെ കരാര്‍ ഉണ്ടാക്കാത്തപക്ഷം ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.
ഇറാനുമായി തുടരുന്ന സമാധാന ചര്‍ച്ചകളിnz പുരോഗതി തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം കരാര്‍ ഉണ്ടായില്ലെങ്കില്‍ കര്‍ശന ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഇറാന്റെ പുതിയ നിര്‍ദേശം തനിക്ക് തൃപ്തികരമല്ലെന്ന് ട്രംപ് പറഞ്ഞു. ഇപ്പോള്‍ അവര്‍ നല്‍കുന്ന നിര്‍ദേശങ്ങളില്‍ താന്‍ സന്തുഷ്ടനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്‍ ആവശ്യപ്പെടുന്ന ചില കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഇറാന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ചകള്‍ക്ക് തടസ്സമാകുന്നതായി ട്രംപ് പറഞ്ഞു. അവര്‍ നിലപാടില്‍ എത്തുമോ എന്നുറപ്പില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇറാന്‍ കരാര്‍ ഉണ്ടാക്കാത്തപക്ഷം എന്ത് നടപടിയെടുക്കും എന്ന ചോദ്യത്തിന് മറുപടിയായി ട്രംപ് കടുത്ത മുന്നറിയിപ്പാണ് നല്‍കിയത്. ഇറാനെ പൂര്‍ണ്ണമായി തകര്‍ക്കണോ അല്ലെങ്കില്‍ കരാര്‍ ഉണ്ടാക്കണോ ഇതാണ് മുന്നിലുള്ള സാധ്യതകളെന്നും പറഞ്ഞു.
എന്നാല്‍ സൈനിക ആക്രമണം നടത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ആവശ്യമുണ്ടെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
യുദ്ധാധികാര നിയമപ്രകാരം കോണ്‍ഗ്രസിന്റെ അനുമതി സംബന്ധിച്ച ചോദ്യങ്ങള്‍ക്കും ട്രംപ് പ്രതികരിച്ചു. ഇത്തരം അനുമതി ആവശ്യപ്പെടുന്നത് പൂര്‍ണ്ണമായും ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഇറാന്‍ പാകിസ്ഥാന്‍ വഴി അമേരിക്കയ്ക്ക് പുതിയ സമാധാന നിര്‍ദേശം കൈമാറിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അതിനുശേഷവും ഇരുരാജ്യങ്ങള്‍ക്കിടയിലെ തര്‍ക്കം തുടരുകയാണ്.
