വാഷിംഗ്ടൺ: ചൈനയുമായി വ്യാപാര കരാറിൽ പ്രവേശിച്ചാൽ കാനഡയിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും 100 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി. ട്രൂത്ത് സോഷ്യൽ വഴിയായിരുന്നു ട്രംപിന്റെ പരാമർശം.
'കാനഡ ചൈനയുമായി ഒരു കരാർ ഉണ്ടാക്കിയാൽ യുഎസിലേക്കെത്തുന്ന കാനഡയിലെ എല്ലാ ഉൽപ്പന്നങ്ങൾക്കും ഉടൻ തന്നെ 100% താരിഫ് ഏർപ്പെടുത്തും,' ട്രംപ് കുറിച്ചു. ഏത് കരാറിനെയാണ് സൂചിപ്പിക്കുന്നതെന്ന കാര്യത്തിൽ ട്രംപ് വ്യക്തത വരുത്തിയിട്ടില്ല.
കഴിഞ്ഞ ആഴ്ച കാനഡ പ്രധാനമന്ത്രി മാർക്ക് കാർനി ചൈനയുമായി 'തന്ത്രപരമായ പങ്കാളിത്തം' പ്രഖ്യാപിക്കുകയും ചില തീരുവകൾ കുറയ്ക്കാൻ ധാരണയായതായും അറിയിച്ചിരുന്നു. അന്ന് ട്രംപ് ഇതിനെ 'നല്ല കാര്യം' എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ദാവോസിൽ നടത്തിയ പ്രസംഗത്തിൽ യുഎസ് നയിക്കുന്ന ആഗോളക്രമം തകർന്നുവെന്ന് കാർനി പറഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വീണ്ടും പിരിമുറുക്കം ഉയർന്നത്.
'വലിയ ശക്തികളുടെ സാമ്പത്തിക സമ്മർദത്തിനെതിരെ' മധ്യശക്തികൾ ഒന്നിക്കണമെന്നും കാർനി ആഹ്വാനം ചെയ്തിരുന്നു. പിന്നാലെ ട്രംപ് പ്രതികരിച്ചത്, 'യുണൈറ്റഡ് സ്റ്റേറ്റ്സ് കൊണ്ടാണ് കാനഡ ജീവിക്കുന്നത്' എന്നായിരുന്നു. ഇതോടൊപ്പം കാനഡയെ തന്റെ പുതിയ 'ബോർഡ് ഓഫ് പീസ്' സംരംഭത്തിലേക്കുള്ള ക്ഷണവും ട്രംപ് പിൻവലിച്ചു.
ശനിയാഴ്ച നടത്തിയ മറ്റൊരു പോസ്റ്റിൽ, ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ യുഎസിലേക്കെത്തിക്കാൻ കാനഡയെ 'ഡ്രോപ്പ് ഓഫ് പോർട്ട്' ആക്കാമെന്ന് കാർനി കരുതുന്നുണ്ടെങ്കിൽ അത് തെറ്റിദ്ധാരണയാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം, ചൈനയുമായി സ്വതന്ത്ര വ്യാപാര കരാർ തേടുന്നില്ലെന്ന് കാനഡയുടെ യുഎസ് വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് വ്യക്തമാക്കി. 'ചില പ്രധാന തീരുവ വിഷയങ്ങളിൽ പരിഹാരമാണ് നേടിയത്. ലോകമെമ്പാടുമുള്ള വ്യാപാര പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം,' അദ്ദേഹം പറഞ്ഞു.
കാർനിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ നടന്ന ധാരണ പ്രകാരം കാനഡൻ കനോള ഓയിലിനുള്ള ചൈനയുടെ തീരുവ 85 ശതമാനത്തിൽ നിന്ന് മാർച്ചോടെ 15 ശതമാനമാക്കി കുറയ്ക്കും. അതേസമയം ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കാനഡ ഈടാക്കുന്ന നികുതി 100 ശതമാനത്തിൽ നിന്ന് 6.1 ശതമാനമായി താഴ്ത്താനും തീരുമാനിച്ചിട്ടുണ്ട്.
വർഷങ്ങളായുള്ള തർക്കങ്ങൾക്ക് വിരാമമിട്ട ഈ കരാർ കാനഡയിൽ കൂടുതൽ ചൈനീസ് നിക്ഷേപങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. ചൈനയുമായുള്ള പുരോഗതി 'പുതിയ ലോകക്രമത്തിന് കാനഡയെ സജ്ജമാക്കും' എന്നും കാർനി പ്രതികരിച്ചു.
ചൈനയുമായി കരാർ ഉണ്ടാക്കിയാൽ കാനഡയ്ക്ക് 100% തീരുവ: ട്രംപിന്റെ ഭീഷണി; വടക്കേ അമേരിക്കൻ വ്യാപാരബന്ധങ്ങളിൽ വീണ്ടും പിരിമുറുക്കം
