ഇസ്താംബൂള്‍: ഗ്രീന്‍ലാന്‍ഡ് ആക്രമിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാന്‍ പ്രത്യേക സേനാ കമാന്‍ഡര്‍മാര്‍ക്ക് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയതായി ബ്രിട്ടന്‍ ആസ്ഥാനമായ ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ജനുവരി 3ന് വെനിസ്വേലയില്‍ നടത്തിയ സൈനിക ഓപ്പറേഷനിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ വാഷിങ്ടണിന്റെ വിജയത്തിന് പിന്നാലെയാണ് റഷ്യയോ ചൈനയോ നീക്കം നടത്തുന്നതിന് മുന്‍പ് ഗ്രീന്‍ലാന്‍ഡ് കൈവശപ്പെടുത്താന്‍ വേഗത്തില്‍ നീങ്ങണമെന്ന് ട്രംപ് നിലപാട് സ്വീകരിച്ചതെന്ന് ് റിപ്പോര്‍ട്ട് പറയുന്നു.
റിപ്പോര്‍ട്ട് പ്രകാരം, ഗ്രീന്‍ലാന്‍ഡ് ആക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കാന്‍ ട്രംപ് ജോയിന്റ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡിന് (ജെ എസ് ഒ സി) നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇത് നിയമവിരുദ്ധമാണെന്നും കോണ്‍ഗ്രസിന്റെ പിന്തുണ ഇല്ലെന്നും ചൂണ്ടിക്കാട്ടി ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ഈ നീക്കത്തെ എതിര്‍ക്കുന്നുവെന്നാണ് വിവരം.
ട്രംപ് ഗ്രീന്‍ലാന്‍ഡിനെ ഏറ്റെടുക്കുന്നതില്‍ താത്പര്യം പ്രകടിപ്പിച്ച പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച ഗ്രീന്‍ലാന്‍ഡിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ശക്തമായ പ്രതികരണം രേഖപ്പെടുത്തി. തങ്ങള്‍ അമേരിക്കക്കാരാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഡാനിഷുകാരാകാനും ആഗ്രഹിക്കുന്നില്ലെന്നും തങ്ങള്‍ ഗ്രീന്‍ലാന്‍ഡുകാരാകാനാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു.
വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെ 'അവര്‍ക്ക് ഇഷ്ടമാണോ അല്ലയോ എന്നത് പരിഗണിക്കാതെ ഗ്രീന്‍ലാന്‍ഡിനെ തങ്ങള്‍ എന്തെങ്കിലും ചെയ്യുമെന്നും അങ്ങനെ ചെയ്യാത്തപക്ഷം റഷ്യയോ ചൈനയോ ഗ്രീന്‍ലാന്‍ഡ് കൈവശപ്പെടുത്തുമെന്നും റഷ്യയെയോ ചൈനയെയോ അയല്‍ക്കാരാക്കാന്‍ തങ്ങള്‍ തയ്യാറല്ല,' എന്നാണ് ട്രംപ് പറഞ്ഞത്.
എളുപ്പവഴിയില്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെങ്കിലും അത് എളുപ്പവഴിയില്‍ സാധിക്കില്ലെങ്കില്‍ കഠിനവഴി സ്വീകരിക്കേണ്ടിവരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ ഈ പരാമര്‍ശങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ശക്തമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇത്തരമൊരു നീക്കം നേറ്റോയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്ന് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
