വാഷിംഗ്ടണ്‍: വിവാദ കോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്‌റ്റൈനെ കുറിച്ചുള്ള സര്‍ക്കാര്‍ രേഖകള്‍ മുഴുവന്‍ പുറത്തുവിടാന്‍ നിര്‍ദ്ദേശിക്കുന്ന ബില്ലില്‍ ഒപ്പുവെച്ചതായും എന്നാല്‍ ഇതെല്ലാം 'ഡെമോക്രാറ്റുകളുടെ വലിയ വ്യാജ നാടകം'* മാത്രമാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ചു.
'I HAVE JUST SIGNED THE BILL TO RELEASE THE EPSTEIN FILES!' എന്നാണ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തത്. ഡെമോക്രാറ്റുകള്‍ക്ക് എപ്‌സ്‌റ്റൈനെ ബന്ധിപ്പിക്കുന്ന സത്യങ്ങള്‍ 'ഇനിയാകാം പുറത്ത് വരിക' എന്ന സൂചനയും അദ്ദേഹം നല്‍കി.
പ്രസിഡന്റിന്റെ ഈ തീരുമാനത്തിന് പിന്നില്‍ സ്വന്തം MAGA കൂട്ടായ്മയുടെ ശക്തമായ സമ്മര്‍ദ്ദമാണെന്നും, എന്നാല്‍ 'അമേരിക്കയുടെ അത്ഭുതകരമായ വിജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്' ഡെമോക്രാറ്റുകള്‍ എപ്‌സ്‌റ്റൈന്‍ ഫയല്‍ പ്രസക്തമാക്കുന്നതെന്നും ട്രംപ് ആരോപിച്ചു.
താനാണ് മുന്‍ ഭരണകൂടത്തെക്കാള്‍ 'സുതാര്യത പുലര്‍ത്തുന്നത്' എന്നും, 'ബൈഡന്‍ ഭരണകൂടം ഒരൊറ്റ പേജുപോലും പുറത്തുവിട്ടിട്ടില്ല ' എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു കുറ്റപ്പെടുത്തല്‍.
ഫയലുകള്‍ പൂര്‍ണ്ണമായും പുറത്തുവരുമോ ? ആശങ്കകളുമായി കോണ്‍ഗ്രസ്സ് നേതാക്കള്‍
ബില്‍ ഒപ്പുവെച്ചെങ്കിലും എല്ലാം വ്യക്തമായി പുറത്തുവരുമോയെന്ന കാര്യത്തില്‍ സംശയങ്ങള്‍ തുടരുന്നു. പ്രശ്‌നകരമായ വിവരങ്ങള്‍ മറച്ചുപിടിക്കാന്‍ ട്രംപ് ഭരണകൂടം രേഖകളില്‍ തിരുത്തലോ മായ്ക്കലോ നടത്താനിടയുണ്ടെന്നാണ് സംശയം.
സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷൂമര്‍ മുന്നറിയിപ്പുമായി രംഗത്തെത്തി.
'ബില്‍ ഒപ്പുവച്ചതോടെ, അത് പൂര്‍ണ്ണമായി നടപ്പാക്കുക പ്രസിഡന്റ് ട്രംപിന്റെ കടമയാണ്. എല്ലാം വെളിപ്പെടുത്താതെ ഒളിയങ്കങ്ങള്‍ കാണിക്കരുത്' എന്നായിരുന്നു അദ്ദേഹത്തിന്റെ കടുത്ത പ്രതികരണം.
എപ്‌സ്‌റ്റൈന്റെ മുന്‍ സുഹൃത്തായിരുന്ന ട്രംപ് 'അന്വേഷണങ്ങള്‍' എന്ന പേരില്‍ ചില രേഖകള്‍ മാത്രം പുറത്ത് വിടുകയും, പ്രാധാന്യമുള്ള മറ്റ് രേഖകള്‍ പൊതുജനങ്ങളില്‍ നിന്ന് മറച്ചുവെക്കുകയും ചെയ്യരുതെന്ന് ഷൂമര്‍ വ്യക്തമാക്കി.
എപ്‌സ്‌റ്റൈന്‍ ഫയലുകള്‍ പുറത്തുവിടാന്‍ ബില്‍ ഒപ്പുവെച്ച് ട്രംപ്; 'ഡെമോക്രാറ്റുകളുടെ വലിയ നാടകമെന്ന്' ആരോപണം
