ഇറാൻ ആണവചർച്ചകൾ നിർണായക ഘട്ടത്തിൽ; ട്രംപിന്റെ ദൂതൻമാർ രഹസ്യമായി ആണവ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്

ഇറാൻ ആണവചർച്ചകൾ നിർണായക ഘട്ടത്തിൽ; ട്രംപിന്റെ ദൂതൻമാർ രഹസ്യമായി ആണവ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്


വാഷിംഗ്ടൺ: ഇറാനുമായുള്ള ആണവചർച്ചകൾ നിലച്ച സാഹചര്യത്തിലും മേഖലയിൽ സംഘർഷം വീണ്ടും ശക്തമാകുന്നതിനിടെയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻമാർ ആണവ വിദഗ്ധരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്‌നറും ടെന്നസിയിലെ ഓക്ക് റിഡ്ജ് നാഷണൽ ലബോറട്ടറിയിലെ വിദഗ്ധസംഘവുമായി കൂടിക്കാഴ്ച നടത്തിയതായാണ് ആക്‌സിയോസ് റിപ്പോർട്ട് ചെയ്യുന്നത്.

ഇറാനുമായുള്ള യുദ്ധാവസ്ഥ അവസാനിപ്പിക്കാനും ആണവ വിഷയത്തിൽ ധാരണാപത്രത്തിലെത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നതെന്നാണ് വിവരം. ആണവായുധമോ ഉയർന്ന തോതിൽ സമ്പുഷ്ടമാക്കിയ യുറേനിയമോ കൈവശം വയ്ക്കാൻ ഇറാനെ അനുവദിക്കില്ലെന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം.

അതേസമയം, സമാധാനത്തിനുള്ള ഉറപ്പുകൾ അമേരിക്ക നൽകാതെ ആണവ വിഷയത്തിൽ അന്തിമ ധാരണയിലേക്ക് കടക്കില്ലെന്നാണ് ഇറാന്റെ നിലപാട്. ചർച്ചകൾ തുടരുന്നതിനിടയിലും അമേരിക്ക ഇറാനെ ആക്രമിച്ച സംഭവങ്ങളാണ് ടെഹ്‌റാന്റെ അവിശ്വാസത്തിന് കാരണമായതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ധാരണാപത്രത്തിലെ നിരവധി വിഷയങ്ങളിൽ ഇപ്പോഴും അമേരിക്കയും ഇറാനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ തുടരുന്നുണ്ടെന്ന് മധ്യസ്ഥ ശ്രമങ്ങളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ ഓക്ക് റിഡ്ജിലെ കൂടിക്കാഴ്ച ചർച്ചകൾ വളരെ ഗൗരവതരമായ ഘട്ടത്തിലാണെന്നതിന്റെ സൂചനയാണെന്നും ധാരണയിലെത്താനുള്ള സാധ്യത നിലനിൽക്കുന്നതിനാലാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതെന്നും ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

ആണവ ചർച്ചകളിൽ പങ്കാളികളാകാൻ ഏകദേശം 100 വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക സംഘവും അമേരിക്ക രൂപീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ അടുത്ത ദിവസങ്ങളിലെ നീക്കങ്ങൾ ആഗോള ശ്രദ്ധ നേടുകയാണ്.