യുദ്ധത്തില്‍ നിന്ന് യു എസ് വേഗത്തില്‍ പുറത്തേക്ക് കടക്കുമെന്നും ആവശ്യമെങ്കില്‍ സ്‌പോട്ട് ഹിറ്റുകള്‍ നടത്തുമെന്നും ട്രംപ്

യുദ്ധത്തില്‍ നിന്ന് യു എസ് വേഗത്തില്‍ പുറത്തേക്ക് കടക്കുമെന്നും ആവശ്യമെങ്കില്‍ സ്‌പോട്ട് ഹിറ്റുകള്‍ നടത്തുമെന്നും ട്രംപ്


വാഷിംഗ്ടണ്‍: ഇറാനുമായുള്ള സംഘര്‍ഷം എപ്പോള്‍ അവസാനിപ്പിക്കുമെന്ന് തനിക്ക് പറയാനാവില്ലെങ്കിലും യു എസ് വളരെ വേഗത്തില്‍ പുറത്തേക്ക് കടക്കുമെന്നും ആവശ്യമെങ്കില്‍ 'സ്‌പോട്ട് ഹിറ്റുകള്‍ക്ക്' തിരിച്ചു വരാമെന്നും ട്രംപ്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. 

രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ നിശ്ചയിച്ചതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് ട്രംപ് റോയിട്ടേഴ്സിന് ഫോണ്‍ അഭിമുഖം നല്‍കിയത്. 

ഇറാനിലെ യു എസ് ലക്ഷ്യങ്ങള്‍ക്ക് നേറ്റോ സഖ്യത്തിന്റെ പിന്തുണയില്ലായ്മയെക്കുറിച്ചുള്ള തന്റെ പ്രതിഷേധം പ്രകടിപ്പിക്കുകയായിരുന്നു ട്രംപ് പ്രസംഗത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. 1949-ല്‍ യു എസ് സെനറ്റ് അംഗീകരിച്ച ഉടമ്പടി സംഘടനയായ നേറ്റോയില്‍ നിന്ന് അമേരിക്കയെ പിന്‍വലിക്കുന്നത് 'പൂര്‍ണ്ണമായും' പരിഗണിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

യു എസിന് അവരെ ആവശ്യമുള്ളപ്പോള്‍ അവര്‍ സൗഹൃദം കാണിച്ചില്ലെന്നും അവരോട് ഒരിക്കലും അധികം ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നിട്ടും അതൊരു വണ്‍വേ സ്ട്രീറ്റായെന്നും ട്രംപ് ആരോപിച്ചു. 

യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് കടന്നക്കുകകയും ഇന്ധന വിലയില്‍ വന്‍ വര്‍ധനവ് ഉണ്ടാവുകയും ചെയ്തതോടെ ട്രംപിനു നേരെ വിവിധ മേഖലകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ട്. 

ഇറാന്റെ കൈവശം ആണവായുധം ഉണ്ടാകില്ലെന്ന് യു എസ് നടപടികളിലൂടെ ഉറപ്പാക്കിയിട്ടുണ്ടെന്നും  ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇറാന് ഇപ്പോള്‍ അതിനുള്ള കഴിവില്ലെന്നും അവര്‍ക്ക് ആണവായുധം ഉണ്ടാകില്ലെന്നും പറഞ്ഞ ട്രംപ് ആവശ്യമെങ്കില്‍ തങ്ങള്‍ സ്‌പോട്ട് ഹിറ്റുകള്‍ നടത്തി മടങ്ങി വരുമെന്നും പറഞ്ഞു. 

തങ്ങളുടെ ആണവ പരിപാടി സമാധാനപരമാണെന്ന് ഇറാന്‍ അവകാശപ്പെടുകയും ആണവായുധം വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 

വ്യോമാക്രമണത്തില്‍ പരമോന്നത നേതാവ് അലി ഖംനേയി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കരാറില്‍ ഏര്‍പ്പെടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. പൂര്‍ണ ഭരണമാറ്റം ഉണ്ടായെന്നും ഇനി ആക്രമിക്കപ്പെടാന്‍ ആഗ്രഹിക്കാത്തതിനാല്‍ ഇറാന്‍ കരാറില്‍ ഏര്‍പ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ട്രംപ് പറഞ്ഞു.

തനിക്ക് ഭരണമാറ്റം ആവശ്യമില്ലായിരുന്നുവെങ്കിലും യുദ്ധത്തിലെ നാശനഷ്ടങ്ങളെ തുടര്‍ന്ന് അത് ലഭിക്കുകയായിരുന്നുവെന്നും വലിയ കാര്യം അവര്‍ക്ക് ഒരു ആണവായുധം ഉണ്ടായിരിക്കില്ല എന്നതാണെന്നും ട്രംപ് പറഞ്ഞു. ഇറാന് അതു വേണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 

ഇറാന്റെ കൈവശമുള്ള സമ്പുഷ്ട യുറേനിയത്തെ സംബന്ധിച്ചിടത്തോളം അത് ഇതുവരെ ഭൂമിക്കടിയിലാണെന്നും തനിക്ക് അത് പ്രശ്‌നമല്ലെന്നുമാണ് ട്രംപ് വിശദമാക്കിയത്. തങ്ങള്‍ എപ്പോഴും ഉപഗ്രഹം വഴി അത് നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.