ഇസ്രയേലിനുള്ള 400 കോടി ഡോളറിന്റെ വാര്‍ഷിക ധനസഹായം ഈ വര്‍ഷം അവസാനത്തോടെ നിര്‍ത്തുമെന്ന് ട്രംപ്

ഇസ്രയേലിനുള്ള 400 കോടി ഡോളറിന്റെ വാര്‍ഷിക ധനസഹായം ഈ വര്‍ഷം അവസാനത്തോടെ നിര്‍ത്തുമെന്ന് ട്രംപ്


വാഷിംഗ്ടണ്‍: ഇസ്രയേലിന് നല്‍കിവരുന്ന 400 കോടി ഡോളറിന്റെ വാര്‍ഷിക സാമ്പത്തിക സഹായം 2026 അവസാനത്തോടെ നിര്‍ത്തലാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഇതുസംബന്ധിച്ച് ധാരണയിലെത്തിയതായും ട്രംപ് വെളിപ്പെടുത്തി.

ഫോക്‌സ് ന്യൂസിന്റെ 'ഫോക്‌സ് ആന്‍ഡ് ഫ്രണ്ട്‌സ്' പരിപാടിക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. ഇസ്രയേലിന് ഇനി ഈ സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ലെന്നും ഡെമോക്രാറ്റുകളും ഇടതുപക്ഷ രാഷ്ട്രീയക്കാരും അമേരിക്കയുടെ സഹായത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് ആയുധമാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ഇസ്രയേലിന് ഭാവിയില്‍ സഹായം ആവശ്യമുണ്ടായാല്‍ അമേരിക്ക പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപിന്റെ പ്രസ്താവനയോട് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചിട്ടില്ല. ഏത് സാമ്പത്തിക സഹായ പദ്ധതിയാണ് അവസാനിപ്പിക്കുന്നതെന്ന് ട്രംപ് കൃത്യമായി വ്യക്തമാക്കിയിട്ടുമില്ല.

ഇസ്രയേലിന് പ്രതിവര്‍ഷം 380 കോടി ഡോളറിന്റെ സൈനിക സഹായം നല്‍കുന്നതിനുള്ള അമേരിക്കയുടെ ധാരണാപത്രം 2028ല്‍ കാലാവധി പൂര്‍ത്തിയാകാനിരിക്കുകയാണ്. അതിനുശേഷം ഇസ്രയേലിനുള്ള അമേരിക്കന്‍ സഹായം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തിവരികയാണ്.

'അവര്‍ക്ക് ഇഷ്ടമുള്ള ആയുധങ്ങള്‍ വാങ്ങാം. യൂറോപ്പിനും അതുപോലെ ചെയ്യാം. ലോകത്തിലെ ഏറ്റവും മികച്ച ആയുധങ്ങള്‍ നിര്‍മിക്കുന്നത് അമേരിക്കയാണ്,' ട്രംപ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുടെ സൈനിക സഹായത്തില്‍നിന്ന് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇസ്രയേലിനെ സ്വയംപര്യാപ്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് നെതന്യാഹു മെയ് മാസം സി ബി എസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

അമേരിക്കന്‍ കോണ്‍ഗ്രസ് അംഗത്തിന് ജൂണില്‍ അയച്ച കത്തിലും സഹായം സ്വീകരിക്കുന്ന രാജ്യത്തില്‍നിന്ന് പങ്കാളിത്ത രാജ്യമായി മാറാനുള്ള സമയമായെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടിരുന്നു.

2023ല്‍ ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം അമേരിക്കന്‍ ജനങ്ങള്‍ക്കിടയില്‍ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരികയാണ്. പ്രത്യേകിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി അനുഭാവികള്‍ക്കിടയിലാണ് ഈ പ്രവണത ശക്തമായത്.

ക്വിന്നിപിയാക് സര്‍വകലാശാല ജൂണില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ 48 ശതമാനം അമേരിക്കന്‍ വോട്ടര്‍മാരും 66 ശതമാനം ഡെമോക്രാറ്റുകളും ഇസ്രയേലിന് അമേരിക്ക നല്‍കുന്ന പിന്തുണ അമിതമാണെന്ന് അഭിപ്രായപ്പെട്ടു. 2017ല്‍ ഇതേ ചോദ്യം ആദ്യമായി ഉന്നയിച്ചപ്പോള്‍ യഥാക്രമം 16 ശതമാനവും 20 ശതമാനവുമായിരുന്നു ഈ നിലപാട് സ്വീകരിച്ചവര്‍.

ഡെമോക്രാറ്റിക് വോട്ടര്‍മാര്‍ക്കിടയില്‍ ഇസ്രയേലിനുള്ള പിന്തുണ ഗണ്യമായി ഇടിഞ്ഞിട്ടുണ്ട്. ഇസ്രയേലിന്റെ നയങ്ങളെ വിമര്‍ശിക്കുന്ന സ്ഥാനാര്‍ഥികള്‍ പാര്‍ട്ടിയുടെ പ്രാഥമിക തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്ന സാഹചര്യവും ശക്തമായിട്ടുണ്ട്. പരമ്പരാഗതമായി ഇസ്രയേലിനെ പിന്തുണച്ചിരുന്ന മിതവാദികളായ ജനപ്രതിനിധികള്‍ പോലും അമേരിക്കയുടെ ദീര്‍ഘകാല നയങ്ങളെ ചോദ്യം ചെയ്യാന്‍ തയ്യാറാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.

'400 കോടി ഡോളര്‍ നല്‍കുന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ഈ സഹായത്തെ അനീതിയുടെ സൂചനയായി ഇടതുപക്ഷം ഉപയോഗിക്കുകയാണ്. അത് അനുവദിക്കാനാവില്ല,' ട്രംപ് പറഞ്ഞു.