വാഷിംഗ്ടൺ: അന്യഗ്രഹ ജീവികൾ യാഥാർത്ഥ്യമാണ് എന്ന നിലയിൽ പരാമർശം നടത്തിയ മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ നടപടി തികച്ചും തെറ്റായിപോയെന്ന് പ്രസിഡന്റ് ട്രംപിന്റെ ആരോപണം. ഒബാമയുടെ നടപടി രഹസ്യവിവരച്ചോർയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ' അദ്ദേഹം (ഒബാമ) അത് പറയാൻ പാടില്ലായിരുന്നു. വലിയ പിഴവാണ് ചെയ്തത്,' എന്നാണ് എയർ ഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പ്രതികരിച്ചത്.
'പോയ വാരം' എന്ന പരിപാടിയിലെ രാഷ്ട്രീയ വിശകലനകാരനായ ബ്രയാൻ ടൈലർ കോഹൻ അവതരിപ്പിക്കുന്ന പോഡ്കാസ്റ്റിലാണ് ഒബാമ പരാമർശം നടത്തിയത്. 'ലൈറ്റ്‌നിംഗ് റൗണ്ട്' ചോദ്യോത്തരത്തിനിടെയാണ് 'എലിയൻസ് യാഥാർഥ്യമാണെന്ന് ഞാൻ കരുതുന്നു' എന്ന് അദ്ദേഹം പറഞ്ഞത്. ഈ വാക്കുകൾ വാർത്തയായതോടെ ഒബാമ വിശദീകരണവുമായി രംഗത്തെത്തി.
വിശ്വത്തിന്റെ വിശാലത കണക്കിലെടുത്താൽ ഭൂമിക്കപ്പുറം ജീവൻ ഉണ്ടാകാനുള്ള സാധ്യത ശാസ്ത്രീയമായി കൂടുതലാണെന്ന അർത്ഥത്തിലായിരുന്നു തന്റെ പ്രതികരണമെന്നാണ് ഒബാമ വ്യക്തമാക്കിയത്. 'അവർ യാഥാർഥ്യമാകാം. എന്നാൽ ഞാൻ കണ്ടിട്ടില്ല. ഏരിയ 51ൽ അവരെ ഒളിപ്പിച്ചിട്ടുമില്ല. പ്രസിഡന്റിനെയും അറിയിക്കാതെ ഭൂഗർഭ കേന്ദ്രങ്ങളൊന്നും പ്രവർത്തിക്കുന്നില്ല,' എന്നും അദ്ദേഹം തമാശ ചേർത്ത് പറഞ്ഞു.
2009 മുതൽ 2017 വരെ പ്രസിഡന്റായിരുന്ന ഒബാമ ഇൻസ്റ്റഗ്രാമിൽ കുറിച്ച മറ്റൊരു കുറിപ്പിൽ, തന്റെ ഭരണകാലത്ത് ഭൂമിക്കപ്പുറം ജീവൻ മനുഷ്യരുമായി ബന്ധപ്പെട്ടു എന്നതിന് തെളിവൊന്നും കണ്ടിട്ടില്ലെന്ന് വ്യക്തമാക്കി. അഭിമുഖത്തിനിടെ രഹസ്യവിവരങ്ങൾ ആശ്രയിച്ചതായി യാതൊരു സൂചനയും നിലവിലില്ല.
ഇതിനിടെ, 'എലിയൻസ് യാഥാർഥ്യമാണോയെന്ന്' ചോദിച്ചപ്പോൾ, 'അത് സംബന്ധിച്ച് എനിക്ക് വ്യക്തമായ അഭിപ്രായമില്ല. പലരുംവിശ്വസിക്കുന്നുണ്ടെങ്കിലും ഞാൻ അതിനെക്കുറിച്ച് സംസാരിക്കാറില്ല,' എന്നായിരുന്നു ട്രംപിന്റെ മറുപടി.
2024ൽ യുഎസ് പ്രതിരോധ വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിൽ, അമേരിക്കൻ സർക്കാരിന് അന്യഗ്രഹ ജീവികളെ നേരിട്ട് കണ്ടതായോ സ്ഥിരീകരിച്ചതായോ തെളിവുകളില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഭൂരിഭാഗം യു.എഫ്.ഒ കാഴ്ചകൾ സാധാരണ വസ്തുക്കളാണെന്നും റിപ്പോർട്ട് പറയുന്നു.
അതുപോലെ, 2023ൽ യു.എ.പി. (അപരിചിത ആകാശ പ്രതിഭാസങ്ങൾ) വിഷയത്തിൽ യുഎസ് പ്രതിനിധി സഭ നടത്തിയ പ്രത്യേക ഹിയറിംഗിലും എലിയൻ സാന്നിധ്യത്തെ കുറിച്ചുള്ള വലിയ വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നില്ല.
റിപ്പബ്ലിക്കൻ നേതാവായ ട്രംപും ഡെമോക്രാറ്റ് നേതാവായ ഒബാമയും തമ്മിലുള്ള രാഷ്ട്രീയ വിരോധം ഏറെ പഴക്കമുള്ളതാണ്. പുതിയ ആരോപണത്തോടെ വിവാദം വീണ്ടും ശക്തമായിരിക്കുകയാണ്.
