ഹോര്‍മുസ് കടലിടുക്കില്‍ നാവിക ഉപരോധം ഉടന്‍ ആരംഭിക്കുമെന്ന് ട്രംപ്

ഹോര്‍മുസ് കടലിടുക്കില്‍ നാവിക ഉപരോധം ഉടന്‍ ആരംഭിക്കുമെന്ന് ട്രംപ്


വാഷിംഗ്ടണ്‍: ഇസ്ലാമാബാദ് ചര്‍ച്ചകളില്‍ പുരോഗതിയില്ലാത്തതിനെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ നാവിക ഉപരോധം ഉടന്‍ ആരംഭിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും മികച്ച അമേരിക്കന്‍ നാവികസേന, ഹോര്‍മുസ് കടലിടുക്കില്‍ പ്രവേശിക്കാനോ പുറത്തുപോകാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും തടയുന്ന പ്രക്രിയ ആരംഭിക്കുമെന്ന് ഞായറാഴ്ച ട്രംപ് പ്രഖ്യാപിച്ചു, അതേസമയം ഒരു ഘട്ടത്തില്‍, എല്ലാവര്‍ക്കും അകത്തേക്ക് പോകാന്‍ അനുവാദമുണ്ട്, എല്ലാവര്‍ക്കും പുറത്തേക്ക് പോകാന്‍ അനുവാദമുണ്ട് എന്ന അടിസ്ഥാനത്തില്‍ എത്തിച്ചേരുന്ന കാര്യവും തങ്ങള്‍ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

ഇറാന് ടോള്‍ നല്‍കിയ എല്ലാ കപ്പലുകളെയും അന്താരാഷ്ട്ര ജലാശയങ്ങളില്‍ നിന്ന് കണ്ടെത്തി നിരോധിക്കാന്‍ യു എസ് നാവികസേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും നിയമവിരുദ്ധമായി ടോള്‍ നല്‍കുന്ന ആര്‍ക്കും കടലില്‍ സുരക്ഷിതമായി കടന്നുപോകാന്‍ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. തങ്ങള്‍ക്ക് നേരെയോ സമാധാനപരമായ കപ്പലുകള്‍ക്ക് നേരെയോ വെടിയുതിര്‍ക്കുന്ന ഏതൊരു ഇറാനിയും നരകത്തിലേക്ക് വീഴുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

തെഹ്റാന്റെ നാവികസേനയെയും വ്യോമസേനയെയും യു എസ് നശിപ്പിച്ചുവെന്നും അതിന്റെ ഉന്നത നേതാക്കളെ കൊന്നുവെന്നും തന്റെ വാദം ആവര്‍ത്തിച്ച ട്രംപ് ഹോര്‍മുസ് ഉപരോധം ഉടന്‍ ആരംഭിക്കുമെന്നും മറ്റ് രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുമെന്നും പറഞ്ഞു. എങ്കിലും  ആരുടെയും പേര് അദ്ദേഹം പറഞ്ഞില്ല.

ഇറാനുമായി കൂടിക്കാഴ്ച വളരെ നന്നായി നടന്നുവെന്നും ആണവ വ്യാപനം ഒഴികെയുള്ള മിക്ക കാര്യങ്ങളിലും ഇരുപക്ഷവും യോജിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടിട്ടും തന്റെ ഭീഷണി ട്രംപ് ആവര്‍ത്തിക്കുകയും തങ്ങള്‍ 'ലോഡ് ആന്‍ഡ് ലോഡഡ്' ആണെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. 

ഇസ്ലാമാബാദില്‍ ഇറാനുമായുള്ള ഉയര്‍ന്ന തലത്തിലുള്ള സമാധാന ചര്‍ച്ചകള്‍ തകര്‍ന്നതായി യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ 21 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഏഴ് ആഴ്ച നീണ്ടുനിന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിലെത്താന്‍ ഇരു രാജ്യങ്ങളും പരാജയപ്പെട്ടുവെന്ന് വാന്‍സ് സ്ഥിരീകരിച്ചു.

അമേരിക്കയേക്കാള്‍ ഇറാനാണ് ഇത് മോശം വാര്‍ത്തയാണെന്ന് താന്‍ കരുതുന്നതായും തങ്ങളുടെ  അന്തിമവും മികച്ചതുമായ ഓഫര്‍ ഉപേക്ഷിച്ചു ഈ പാതയില്‍ തുടരണോ അതോ വ്യത്യസ്തമായ ഒന്ന് തിരഞ്ഞെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് തെഹ്റാനിലെ നേതൃത്വമാണെന്നും പാകിസ്ഥാനില്‍ നിന്ന് യു എസിലേക്ക് പോകുന്നതിന് മുമ്പ് വാന്‍സ് പറഞ്ഞു.