വാഷിംഗ്ടണ്‍: വെനിസ്വേലയിലെ നടപടിക്കു ശേഷം തന്റെ നൃത്തച്ചുവടുകള്‍ വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ അനുകരിച്ചുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അതേസമയം തന്റെ നൃത്തം 'പ്രസിഡന്‍ഷ്യല്‍ അല്ല' എന്നാണ് ഫസ്റ്റ് ലേഡി മെലാനിയ ട്രംപ് പറയുന്നതെന്നും അതിനാല്‍ തന്നെ അവര്‍ക്ക് അത് വെറുപ്പാണെന്നും ട്രംപ് പറഞ്ഞു.
വാഷിംഗ്ടണിലെ കെന്നഡി സെന്ററില്‍ റിപ്പബ്ലിക്കന്‍ നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്.
'അവന്‍ അവിടെ എഴുന്നേറ്റ് എന്റെ നൃത്തം അല്പം അനുകരിക്കാന്‍ ശ്രമിക്കുന്നു,' ട്രംപ് പറഞ്ഞു. 'എന്നാല്‍ അവന്‍ ഒരു ക്രൂരനാണ്. ലക്ഷക്കണക്കിന് ആളുകളെ അവന്‍ കൊന്നിട്ടുണ്ട്. പീഡനം നടത്തിയിട്ടുണ്ട്. കാരക്കാസിന്റെ നടുവില്‍ തന്നെ അവര്‍ പീഡനകേന്ദ്രം നടത്തുന്നു; ഇപ്പോള്‍ അത് അടച്ചുപൂട്ടുകയാണ്.'
തന്റെ റാലികളില്‍ വൈ എം സി എ എന്ന ഗാനത്തിന് അനുസരിച്ച് ട്രംപ് നൃത്തം ചെയ്യാറുണ്ടെങ്കിലും മഡൂറോ പലപ്പോഴും 'നോ വാര്‍, യെസ് പീസ്' എന്ന തന്റെ മുദ്രാവാക്യത്തിന്റെ ടെക്നോ മിക്സിനൊത്ത് നൃത്തം ചെയ്യുന്നതായി കാണപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഭീഷണികള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഈ മുദ്രാവാക്യം ഉപയോഗിച്ചിരുന്നത്.
പ്രസംഗത്തിനിടെ അമേരിക്കന്‍ പ്രത്യേക സേന നടത്തിയ ഓപ്പറേഷനെയും ട്രംപ് പ്രശംസിച്ചു. ഈ നടപടിയിലാണ് മഡൂറോയെയും ഭാര്യയെയും പിടികൂടിയതും കാരക്കാസ് ബോംബാക്രമണത്തിന് വിധേയമായതും എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.
2020ലെ തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് തന്റെ അനുയായികള്‍ നടത്തിയ യു എസ് ക്യാപിറ്റോള്‍ ആക്രമണത്തിന്റെ അഞ്ചാം വാര്‍ഷികവും ട്രംപ് പരാമര്‍ശിച്ചു. ആ തെരഞ്ഞെടുപ്പ് 'കൃത്രിമമായി നടത്തപ്പെട്ടത്' ആണെന്ന നിലപാടാണ് ട്രംപ് ആവര്‍ത്തിച്ചത്. കലാപവുമായി ബന്ധപ്പെട്ട് അദ്ദേഹം രണ്ടാമതും ഇംപീച്ച് ചെയ്യപ്പെട്ടിരുന്നു. ഈ വര്‍ഷത്തെ മിഡ്ടേം തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാതിരുന്നാല്‍ ഇതുപോലൊരു സാഹചര്യം വീണ്ടും ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
മിഡ്ടേം തെരഞ്ഞെടുപ്പുകള്‍ നിങ്ങള്‍ ജയിക്കണം. ജയിച്ചില്ലെങ്കില്‍ എന്നെ ഇംപീച്ച് ചെയ്യാന്‍ അവര്‍ ഏതെങ്കിലും കാരണമെങ്കിലും കണ്ടെത്തും എന്നാണ് ഡെമോക്രാറ്റ് എതിരാളികളെ സൂചിപ്പിച്ച് ട്രംപ് പറഞ്ഞത്.
