ഇസ്രായേല്‍- ലെബനന്‍ 10 ദിവസത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചതായി ട്രംപ്

ഇസ്രായേല്‍- ലെബനന്‍ 10 ദിവസത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചതായി ട്രംപ്


വാഷിംഗ്ടണ്‍: ഇസ്രായേലും ലെബനനും 10 ദിവസത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി 'മികച്ച സംഭാഷണങ്ങള്‍' നടത്തിയെന്ന് ട്രംപ് വിശേഷിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രഖ്യാപനം.

ലോകമെമ്പാടുമുള്ള 9 യുദ്ധങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞത് lന്റെ ബഹുമതിയാണെന്നും ഇത് തന്റെ പത്താമത്തെ യുദ്ധമായിരിക്കുമെന്നും അതിനാല്‍ നമുക്ക് അത് പൂര്‍ത്തിയാക്കാംമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

കൂടുതല്‍ ശാശ്വതമായ ഒരു പരിഹാരം ഉറപ്പാക്കുന്നതിന് ഇരു രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, സെക്രട്ടറി റൂബിയോ, ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ഡാന്‍ കെയ്ന്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് യു എസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

1983ന് ശേഷം ഇസ്രായേലും ലെബനനും തമ്മിലുള്ള ആദ്യത്തെ അര്‍ഥവത്തായ ചര്‍ച്ചകള്‍ക്കായി നെതന്യാഹുവിനെയും ഔണിനെയും വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്രംപ് ഒരു പോസ്റ്റില്‍ പറഞ്ഞു. ഇരു കൂട്ടരും സമാധാനം കാണാന്‍ ആഗ്രഹിക്കുന്നുവെന്നും അത് വേഗത്തില്‍ സംഭവിക്കുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 

ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സംസാരിച്ചതായി പറഞ്ഞതിന് മിനിറ്റുകള്‍ക്ക് ശേഷമാണ് പ്രഖ്യാപനം വന്നത്. എക്‌സിലെ ഒരു പോസ്റ്റില്‍ ലെബനനില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കാനും മേഖലയില്‍ ശാശ്വത സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്ക് നന്ദി പറയുന്നതായും ജോസഫ് ഔണ്‍ കുറിച്ചു.

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരസ്യമായി ഈ നീക്കം പ്രഖ്യാപിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് ബെയ്‌റൂട്ടിലെ ഇറാന്‍ അംബാസഡര്‍ വെടിനിര്‍ത്തല്‍ സാധ്യതയെക്കുറിച്ച് അറിയിച്ചിരുന്നതായി മുതിര്‍ന്ന ഹിസ്ബുള്ള അംഗം പറഞ്ഞു. 

ഹിസ്ബുള്ള വെടിനിര്‍ത്തലിന് തയ്യാറാകുമോ എന്ന റോയിട്ടേഴ്‌സ് പ്രതിനിധിയുടെ ചോദ്യത്തിന് എല്ലാത്തരം ശത്രുതകളും നിര്‍ത്താനുള്ള ഇസ്രായേലിന്റെ പ്രതിബദ്ധതയുമായാണ് എല്ലാം ബന്ധപ്പെട്ടിരിക്കുന്നതെന്നാണ് ഹിസ്ബുള്ള പ്രതിനിധി ഹസ്സന്‍ ഫദ്‌ലല്ല പ്രതികരിച്ചത്. 

പത്തു ദിവസത്തെ സമയം ഇരുവിഭാഗത്തിനും കൂടുതല്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനുള്ള ഇടം നല്‍കുന്നു. ഈ സമയത്ത് ഇരുപക്ഷവും ലംഘനങ്ങള്‍ ഒഴിവാക്കുകയും ആശയവിനിമയ മാര്‍ഗങ്ങള്‍ തുറന്നിടുകയും ചെയ്യുമോ എന്നതിനെ ആശ്രയിച്ചിരിക്കും കൂടുതല്‍ കാര്യങ്ങള്‍.