വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ടോള്‍, ഇന്‍ഷുറന്‍സ് ചെലവ് ഉള്‍പ്പെടെയുള്ള യാതൊരു അധിക ചാര്‍ജുകളും ഈടാക്കില്ലെന്ന് ഇറാന്‍ അമേരിക്കയെ അറിയിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കഴിഞ്ഞയാഴ്ച ഒപ്പുവെച്ച ധാരണാപത്രത്തിലെ വിവിധ വിഷയങ്ങളില്‍ അമേരിക്കയും ഇറാനും പരസ്പരവിരുദ്ധമായ നിലപാടുകള്‍ തുടരുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം.
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം, ലെബനനിലെ ഇസ്രായേല്‍ യുദ്ധം, ഇറാനെ സംബന്ധിച്ച സാമ്പത്തിക ആനുകൂല്യങ്ങള്‍ തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും വ്യത്യസ്ത അവകാശവാദങ്ങള്‍ ഉന്നയിച്ചുവരികയാണ്. ഇതിനിടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കടുത്ത നിലപാടുകാരില്‍ നിന്നടക്കമുള്ള ആഭ്യന്തര വിമര്‍ശനങ്ങളും ട്രംപ് നേരിടുന്നുണ്ട്.
ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഇറാന്റെ സന്ദേശം പരാമര്‍ശിച്ചത്.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി, ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളില്‍ നിന്ന് ടോളോ ഇന്‍ഷുറന്‍സ് ചെലവോ മറ്റ് യാതൊരു തരത്തിലുള്ള ഫീസുകളോ ഇറാന്‍ ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്ന് ഇറാന്‍ അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്ന് ട്രംപ് കുറിച്ചു.
ഈ വിവരം തെറ്റാണെന്ന് തെളിഞ്ഞാല്‍ ചര്‍ച്ചകള്‍ ഉടന്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം തെഹ്‌റാന് മുന്നറിയിപ്പ് നല്‍കി.
അമേരിക്ക ഇറാന് ഇതുവരെ യാതൊരു ധനസഹായവും നല്‍കിയിട്ടില്ലെന്നും ഇറാന്റെ പണം നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാന്‍ അനുവദിച്ചിട്ടില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം, ഇറാനില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് അത്യാവശ്യ സാഹചര്യമാണുള്ളതെന്നും ധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉതപന്നങ്ങള്‍ അമേരിക്കയില്‍ നിന്നു മാത്രമായിരിക്കും വാങ്ങുകയെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിലേക്ക് അമേരിക്ക ഒരു പണവും നല്‍കിയിട്ടില്ലെന്നും തങ്ങളുടെ നിയന്ത്രണത്തിലുള്ള അവരുടെ ചില ഫണ്ടുകള്‍ മോചിപ്പിക്കുമെങ്കിലും അത് അമേരിക്കന്‍ കര്‍ഷകരില്‍ നിന്നും ചോളം, ഗോതമ്പ്, സോയാബീന്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ വാങ്ങുന്നതിനായിരിക്കും ഉപയോഗിക്കുകയെന്നും ഇറാനില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് അടിയന്തര ആവശ്യമുണ്ട്, അവ അമേരിക്കയില്‍ നിന്ന് മാത്രമായി വാങ്ങുമെന്നും ട്രംപ് വ്യക്തമാക്കി.
