ആവശ്യമായി വന്നാല്‍ ഇറാനെതിരെ വീണ്ടും സൈനികാക്രമണം നടത്താന്‍ മടിക്കില്ലെന്ന് ട്രംപ്

ആവശ്യമായി വന്നാല്‍ ഇറാനെതിരെ വീണ്ടും സൈനികാക്രമണം നടത്താന്‍ മടിക്കില്ലെന്ന് ട്രംപ്


വാഷിംഗ്ടണ്‍: ആവശ്യമായി വന്നാല്‍ ഇറാനെതിരെ വീണ്ടും സൈനികാക്രമണം നടത്താന്‍ മടിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ ഉടന്‍തന്നെ സൈനിക നടപടി പുന:രാരംഭിക്കാനും തയ്യാറാണെന്ന് അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ സഖ്യകക്ഷികള്‍ക്കും കപ്പലുകള്‍ക്കും ഇറാന്‍ ഭരണകൂടം ഭീഷണിയുയര്‍ത്തുന്നത് തടയാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും ട്രംപ് പറഞ്ഞു.

അമേരിക്കന്‍ സഖ്യകക്ഷികള്‍ക്കും കപ്പല്‍ ഗതാഗതത്തിനും ഇറാന്‍ ഭീഷണിയാകുന്നത് തടയാന്‍ സൈനികശക്തി പ്രയോഗിക്കുമോ എന്ന സേലം ന്യൂസ് ചാനലിലെ അഭിമുഖത്തിനിടെ അവതാരകന്‍ ഹ്യൂ ഹെവിറ്റ് ചോദിച്ചപ്പോള്‍, 'ഒരു മടിയുമുണ്ടാകില്ല' എന്നായിരുന്നു ട്രംപിന്റെ മറുപടി.

'കാര്യങ്ങള്‍ വിപരീത ദിശയിലേക്ക് നീങ്ങുന്നതായി കണ്ടാല്‍ ഞാന്‍ അതു ചെയ്യും. ഒരുപക്ഷേ ഇപ്പോള്‍ത്തന്നെ അത്തരമൊരു നടപടി സ്വീകരിച്ചേക്കാം', ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ നാവികസേനയും വ്യോമസേനയും വ്യോമപ്രതിരോധ സംവിധാനങ്ങളും തകര്‍ന്നുവെന്നും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ച്ചയിലാണെന്നും ട്രംപ് അവകാശപ്പെട്ടു.

ഇറാന്റെ മിസൈല്‍ ശേഷി മധ്യപൂര്‍വേഷ്യയ്ക്ക് പുറത്തേക്കും ഭീഷണിയുയര്‍ത്തുന്നതാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യൂറോപ്പിലെത്താന്‍ ശേഷിയുള്ള ആയുധങ്ങള്‍ ഇറാന്റെ കൈവശമുണ്ടെന്നും ഭാവിയില്‍ ലോസ് ആഞ്ചലസ്, സാന്‍ ഡിയാഗോ തുടങ്ങിയ അമേരിക്കന്‍ നഗരങ്ങള്‍ക്കും ഭീഷണിയാകാമെന്നും ട്രംപ് പറഞ്ഞു.

അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥനായ സ്‌കോട്ട് ബെസെന്റ് സൈനികതാവളത്തിലേക്ക് മാറിയതിനെക്കുറിച്ചും ഒരു മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഇറാന്‍ വധിച്ചാല്‍ എന്തായിരിക്കും പ്രതികരണമെന്നുമുള്ള ചോദ്യത്തിന്, 'അവര്‍ക്ക് പിന്നീട് അധികകാലം നിലനില്‍ക്കാനാകില്ല' എന്നായിരുന്നു ട്രംപിന്റെ മറുപടി.

കമ്യൂണിസ്റ്റുകളാണോ മുസ്ലിം ബ്രദര്‍ഹുഡാണോ കൂടുതല്‍ അപകടകാരികളെന്ന ചോദ്യത്തിന് രണ്ടുകൂട്ടരും അപകടകാരികളാണെന്ന് അദ്ദേഹം പ്രതികരിച്ചു. നിലവില്‍ മുസ്ലിം ബ്രദര്‍ഹുഡ് കൂടുതല്‍ അപകടകാരികളായിരിക്കാമെന്നും അവരുടെ സ്വാധീനം ഇപ്പോള്‍ വര്‍ധിച്ചുവരുന്നതായാണ് തോന്നുന്നതെന്നും ട്രംപ് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം അമേരിക്കയ്ക്കാണെന്നും ഇറാന്റെ സൈനികശേഷി വലിയതോതില്‍ തകര്‍ത്തുവെന്നും ട്രംപ് അവകാശപ്പെട്ടു.

കപ്പലുകള്‍ക്കുനേരെ ഏതാണ്ട് ദിവസേന ആക്രമണങ്ങള്‍ തുടരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം അമേരിക്കയ്ക്കാണെന്ന് ട്രംപ് ആവര്‍ത്തിച്ചു.

'നിലവില്‍ കാര്യങ്ങള്‍ വളരെ നന്നായി മുന്നോട്ടുപോകുന്നു. യുദ്ധം ആരംഭിക്കുന്നതിന് മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ എണ്ണ ഇപ്പോള്‍ ഈ മേഖലയില്‍നിന്ന് പുറത്തേക്ക് പോകുന്നുണ്ട്', ട്രംപ് അവകാശപ്പെട്ടു.

ഇറാനെതിരെ വീണ്ടും സൈനികാക്രമണം നടത്താനുള്ള സാധ്യത 'വളരെ കുറവാണ്' എന്ന് ദിവസങ്ങള്‍ക്കുമുമ്പ് ട്രംപ് വിശേഷിപ്പിച്ചിരുന്നു. അതേസമയം, ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സൈനികനടപടി വീണ്ടും ആരംഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന സൂചനയുമായി ട്രംപ് രംഗത്തെത്തിയത്.

യാഥാസ്ഥിതിക നിലപാടുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനാണ് ഹ്യൂ ഹെവിറ്റ്. അദ്ദേഹത്തിന്റെ പരിപാടി സംപ്രേഷണം ചെയ്യുന്ന യാഥാസ്ഥിതിക വാര്‍ത്താ മാധ്യമമാണ് സേലം ന്യൂസ് ചാനല്‍.