വാഷിംഗ്ടണ്‍: ഇറാനിയന്‍ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതോ പുറത്തുകടക്കുന്നതോ ആയ കപ്പലുകളെ അമേരിക്ക ഉപരോധിക്കുമെന്ന് ട്രൂത്ത് സോഷ്യലില്‍ ട്രംപ് പ്രഖ്യാപിച്ചു. ഏഴ് ആഴ്ച നീണ്ട സംഘര്‍ഷത്തിന് പിന്നാലെ താത്ക്കാലിക വെടിനിര്‍ത്തലുണ്ടായെങ്കിലും തുടര്‍ന്നുള്ള നടപടികള്‍ വഷളാക്കുന്നതാണ് വാഷിംഗ്ടണിന്റെ പ്രഖ്യാപനം.
ഇസ്ലാമാബാദിലെ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് യു എസിന്റെ സമ്മര്‍ദ്ദ നീക്കം. വാഷിംഗ്ടണ്‍ അമിതമായ ആവശ്യങ്ങള്‍ ഉന്നയിക്കുകയും ദുരുദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്തുവെന്നാണ് തെഹ്റാന്‍ ആരോപിക്കുന്നത്. അമേരിക്കന്‍ പക്ഷത്തിന് ആത്മാര്‍ഥതയുണ്ടായിരുന്നില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
യു എസ് നാവികസേന ഹോര്‍മുസ് കടലിടുക്കില്‍ പ്രവേശിക്കാനോ പുറത്തുപോകാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും തടയുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതിയിരുന്നു.
ഇറാനിലേതല്ലാത്ത തുറമുഖങ്ങളിലേക്കും പുറത്തേക്കും ഹോര്‍മുസ് വഴി കടക്കുന്ന കപ്പലുകളുടെ യാത്ര ഉപരോധം തടസ്സപ്പെടുത്തില്ലെന്ന് യു എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയത് ശ്രദ്ധേയമാണ്. ഇത് ട്രംപിന്റെ പ്രഖ്യാപനത്തിന്റെ വ്യാപ്തി കുറയ്ക്കുന്ന പ്രധാന നീക്കമാണ്.
എന്നാല്‍ തങ്ങള്‍ക്കെതിരെ നീക്കം നടത്തിയാല്‍ ആര്‍ക്കും സുരക്ഷിതത്വമുണ്ടാകില്ലെന്ന് ഇറാന്‍ തിരിച്ചടിച്ചു. ഇറാന്റെ ഖതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ആസ്ഥാനത്തിന്റെ വക്താവിന്റെ പ്രസ്താവന ഉദ്ധരിച്ച് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ ഐ ആര്‍ ഐ ബി പേര്‍ഷ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും സമുദ്ര സുരക്ഷ കൂട്ടായി നിലനിര്‍ത്തണമെന്ന് പ്രഖ്യാപിച്ചു, ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് ഭീഷണിയാകുന്നത് മുഴുവന്‍ മേഖലയ്ക്കും ഭീഷണിയാകുമെന്ന മുന്നറിയിപ്പും നല്‍കി.
തങ്ങളുടെ സായുധ സേന തങ്ങളുടെ പ്രാദേശിക ജലാശയങ്ങളില്‍ നിശ്ചയദാര്‍ഢ്യത്തോടെ സുരക്ഷ ഏര്‍പ്പെടുത്തുന്നത് തുടരുമെന്നും ശത്രുതാപരമായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ അനുവാദമില്ലെന്നും മറ്റ് കപ്പലുകള്‍ക്ക് ഇറാനിയന്‍ അധികാരികള്‍ നിശ്ചയിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മാത്രമേ കടന്നുപോകാന്‍ അനുവാദമുള്ളൂവെന്നും ഇറാന്‍ ആവര്‍ത്തിച്ചു. യു എസ് നടത്തുന്ന ഉപരോധം ഇറാന്‍ അനുവദിക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവിന്റെ സൈനിക ഉപദേഷ്ടാവ് മൊഹ്സെന്‍ റെസായി പ്രഖ്യാപിച്ചു.
