ഇറാനില്‍ പുതിയ ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കുറവെന്ന് ട്രംപ്; ഒരു മണിക്കൂറിനുള്ളില്‍ 38 പാലങ്ങള്‍ തകര്‍ക്കാന്‍ കഴിയുമെന്ന് ഭീഷണി

ഇറാനില്‍ പുതിയ ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കുറവെന്ന് ട്രംപ്; ഒരു മണിക്കൂറിനുള്ളില്‍ 38 പാലങ്ങള്‍ തകര്‍ക്കാന്‍ കഴിയുമെന്ന് ഭീഷണി


വാഷിംഗ്ടണ്‍: ഇറാനെതിരെ വീണ്ടും സൈനിക ആക്രമണം നടത്തേണ്ടിവരുമെന്ന് കരുതുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ആവശ്യമെങ്കില്‍ ഇറാനെതിരെ ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്നും ഒരു മണിക്കൂറിനുള്ളില്‍ രാജ്യത്തെ 38 പാലങ്ങള്‍ തകര്‍ക്കാന്‍ അമേരിക്കന്‍ സൈന്യത്തിന് കഴിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സി എന്‍ എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രസ്താവന.

ഇറാനുമായി ശക്തമായൊരു കരാറില്‍ എത്താന്‍ കഴിയുമോയെന്നതിനെ ആശ്രയിച്ചിരിക്കും തുടര്‍നടപടികളെന്ന് ട്രംപ് പറഞ്ഞു. 'വീണ്ടും സൈനിക ആക്രമണം നടത്തേണ്ടിവരുമെന്നത് വളരെ കുറവ് സാധ്യതയുള്ള കാര്യമാണ്. ഇറാന്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യമാണ്. ഈ വര്‍ഷം പണപ്പെരുപ്പം 301 ശതമാനമായെന്ന് പുറത്തുവന്നത് നിങ്ങള്‍ കണ്ടില്ലേ,' അദ്ദേഹം പറഞ്ഞു.

അതേസമയം, ഇറാനെതിരായ സൈനിക നടപടികള്‍ക്ക് അമേരിക്കന്‍ സൈന്യം പൂര്‍ണ സജ്ജമാണെന്നും ട്രംപ് അവകാശപ്പെട്ടു.

'എനിക്ക് ഇവിടെ മൂന്ന് വിമാനവാഹിനിക്കപ്പലുകളുണ്ട്. അവ പൂര്‍ണമായും സജ്ജമാണ്. ഇറാനെതിരെ അതിശക്തമായ ആക്രമണമാണ് ഞാന്‍ നടത്തിയത്. എത്രത്തോളം ശക്തമായിരുന്നുവെന്ന് നിങ്ങള്‍ക്ക് അറിയില്ല. ഒരു മണിക്കൂറിനുള്ളില്‍ തകര്‍ക്കാന്‍ കഴിയുന്ന 38 പാലങ്ങള്‍ ഞങ്ങളുടെ ലക്ഷ്യത്തിലുണ്ട്. ഇറാന്‍ ഒരു കരാറിലെത്താന്‍ അതിയായി ആഗ്രഹിക്കുന്നു,' ട്രംപ് പറഞ്ഞു.

നവംബര്‍ ഏഴിന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് പേര്‍ഷ്യന്‍ ഗള്‍ഫിലെ നാവിക ഉപരോധം ഇറാന്റെ കരമാര്‍ഗങ്ങളിലേക്കും കാസ്പിയന്‍ കടല്‍ മേഖലയിലെ ശൃംഖലകളിലേക്കും വ്യാപിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇറാനിലേക്ക് ഒന്നും കടക്കുകയോ പുറത്തുപോകുകയോ ചെയ്യാത്ത സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നായിരുന്നു അമേരിക്കയുടെ നിലപാട്.

ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരായ അമേരിക്കയുടെ ഉപരോധം രാജ്യത്തിന്റെ കരാതിര്‍ത്തികളിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കത്തെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് വക്താവ് പരിഹസിച്ചു. ഇത് വെറും വാക്കുകളിലെ കളി മാത്രമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

എക്‌സില്‍ സെന്‍ട്രല്‍ കമാന്‍ഡ് മേധാവിയെ പരാമര്‍ശിച്ച് ഇറാന്റെ വക്താവ് മൊഹെബ്ബി പങ്കുവെച്ച കുറിപ്പിലും അമേരിക്കന്‍ സൈനിക നടപടികളെ പരിഹസിക്കുന്ന പരാമര്‍ശമുണ്ടായിരുന്നു.

'സെന്‍ട്രല്‍ കമാന്‍ഡിന്റെ പോഡ്കാസ്റ്റിലെ ഈ എപ്പിസോഡില്‍, ദശലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന അത്യാധുനിക എംക്യു-1, എംക്യു-9 ഡ്രോണുകളെ എങ്ങനെയാണ് ആത്മഹത്യാ ഡ്രോണുകളാക്കി മാറ്റിയതെന്ന് ഞാന്‍ വിശദീകരിക്കാം,' എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

അതിനിടെ, അമേരിക്ക എല്ലാ മേഖലകളിലുമുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ തയ്യാറായാല്‍ 48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ഇറാന്റെ നിര്‍ദേശം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.

അമേരിക്ക സംഘര്‍ഷം എല്ലാ മേഖലകളിലും അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'അങ്ങനെയല്ലെങ്കില്‍ ഇറാന്‍ നരകതുല്യമായ സാഹചര്യം സൃഷ്ടിക്കും,' എന്നായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി.

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിനുശേഷം സമാധാന മധ്യസ്ഥര്‍ ഇറാനുമായി ചര്‍ച്ചകള്‍ക്കായി എത്തിയിട്ടില്ലെന്നും അരാഗ്ചി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

'ഈ ഫലങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് എത്ര സമയമെടുക്കുമെന്ന് ഇനി നോക്കണം. അതിനുശേഷമായിരിക്കും നമുക്ക് എങ്ങനെ മുന്നോട്ടുപോകണമെന്ന് തീരുമാനിക്കാനാകുക,' അരാഗ്ചി പറഞ്ഞു.