വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ തീരുവ 15 ശതമാനമായി ഉയര്‍ത്തി. അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം പ്രകാരം ട്രംപിന് തീരുവ ഏര്‍പ്പെടുത്താന്‍ അധികാരമില്ലെന്ന് വ്യക്തമാക്കി യു എസ് സുപ്രിം കോടതി അവ റദ്ദാക്കിയിരുന്നു. അതിന് പിന്നാലെ ട്രംപ് ആദ്യം 10 ശതമാനം ആഗോള തീരുവ പ്രഖ്യാപിച്ചെങ്കിലും ശനിയാഴ്ച അത് 15 ശതമാനമായി ഉയര്‍ത്തുന്നതായി അറിയിച്ചു.
യു എസ് സുപ്രിം കോടതി പുറപ്പെടുവിച്ച തീരുവ സംബന്ധിച്ച വിധി പരിഹാസ്യവും ദുര്‍ബലവും അത്യന്തം അമേരിക്ക വിരുദ്ധവുമാണെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. വിധി സമഗ്രമായി വിലയിരുത്തിയതിന് ശേഷം അമേരിക്കന്‍ പ്രസിഡന്റായ താന്‍ ആഗോള തീരുവ 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തുന്നതായി അറിയിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നിരവധി രാജ്യങ്ങള്‍ പതിറ്റാണ്ടുകളായി യു എസിനെ 'ചൂഷണം' ചെയ്തുവരികയാണെന്നും ഇപ്പോള്‍ നിയമപരമായി അനുവദനീയമായ പരമാവധി നിരക്കായ 15 ശതമാനത്തിലേക്ക് ഉയര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ഏതാനും മാസങ്ങളില്‍ നിയമപരമായി അനുവദനീയമായ പുതിയ തീരുവ നിരക്കുകള്‍ നിശ്ചയിച്ച് പ്രഖ്യാപിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയെ വീണ്ടും മഹത്തായ രാഷ്ട്രമാക്കുന്ന അതിലും വലിയ വിജയത്തിലേക്ക് നയിക്കുന്ന നമ്മുടെ പ്രക്രിയ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
