അമേരിക്കയില്‍ കഞ്ചാവ് പുനര്‍വര്‍ഗീകരിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം: 50 വര്‍ഷത്തിന് ശേഷം വലിയ മാറ്റം

അമേരിക്കയില്‍ കഞ്ചാവ് പുനര്‍വര്‍ഗീകരിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം: 50 വര്‍ഷത്തിന് ശേഷം വലിയ മാറ്റം


അമേരിക്കയില്‍ കഞ്ചാവിന്റെ നിയമസ്ഥിതിയില്‍ അരനൂറ്റാണ്ടിനുശേഷം വലിയ ഭേദഗതിക്ക് വഴിയൊരുങ്ങുകയാണ്. കഞ്ചാവിനെ ഷെഡ്യൂള്‍  I വിഭാഗത്തില്‍ നിന്ന് ഷെഡ്യൂള്‍  IIIലേക്ക് മാറ്റാന്‍ അടുത്താഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരിട്ട് എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വൈറ്റ് ഹൗസ് ഇതിനെ കുറിച്ച് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നടപടി 'ഉറപ്പായിട്ടാണ് ' എന്ന സൂചന തന്നെയാണ് ലഭിക്കുന്നത്.

1970 മുതല്‍ ഹെറോയിന്‍, എല്‍എസ്ഡി പോലുള്ള അത്യന്തം അപകടകാരികളായ മയക്കുമരുന്നുകളോടൊപ്പം ഷെഡ്യൂള്‍ I ല്‍ തന്നെയാണ് കഞ്ചാവും. 'ആരോഗ്യപരമായ ഉപയോഗമില്ല, അത്യധികം ദുരുപയോഗ സാധ്യത ' എന്നാണ് ഈ വിഭാഗത്തിന്റെ നിര്‍വ്വചനം. എന്നാല്‍ പല സംസ്ഥാനങ്ങളും ഇതിനകം തന്നെ മെഡിക്കല്‍ ഉപയോഗത്തിനും, പ്രായപൂര്‍ത്തിയായവരുടെ വിനോദോപയോഗത്തിനും കഞ്ചാവിന് അനുമതിയാക്കിയിരിക്കുകയാണ്.

ഷെഡ്യൂള്‍ III-ലേക്കുള്ള മാറ്റം കഞ്ചാവിന്റെ 'വൈദ്യോപയോഗത്തെ അംഗീകരിക്കുന്നു' എന്നതാണ് ഏറ്റവും വലിയ സന്ദേശം. ഇതോടെ ഫെഡറല്‍ തലത്തിലുള്ള ഗവേഷണ നിയന്ത്രണങ്ങള്‍ ഗണ്യമായി കുറയും; ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ലളിതമായ നടപടിക്രമമാവും. ഇപ്പോള്‍ 32 ബില്ല്യണ്‍ ഡോളര്‍ വിലയുള്ള കഞ്ചാവ് വിപണിക്ക് ഇത് വലിയ ചേരുവയാകും. ഐആര്‍എസ് നിയമപ്രകാരം 280E വകുപ്പ് കാരണം കഞ്ചാവ് കമ്പനികള്‍ക്ക് നികുതി ഇളവുകള്‍ ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍. പുതിയ തീരുമാനത്തോടെ സാധാരണ കമ്പനികളെ പോലെ ഇവര്‍ക്കും നികുതിയിളവുകള്‍ ലഭിക്കും.

കഞ്ചാവ് കൃഷി പല സംസ്ഥാനങ്ങളിലും ഇപ്പോഴും നിയമവിരുദ്ധമാണ്. ഫെഡറല്‍ പുനര്‍വര്‍ഗീകരണം ഉണ്ടായാലും വിനോദോപയോഗം ദേശീയതലത്തില്‍ നിയമപരമാകില്ല. സംസ്ഥാനങ്ങള്‍ക്കും സ്വന്തം നിയമം തുടരാം. കഞ്ചാവിനെക്കുറിച്ചുള്ള സുപ്രധാന മാറ്റങ്ങള്‍ വരാന്‍ കോണ്‍ഗ്രസിന്റെ നിയമനിര്‍മ്മാണം അനിവാര്യമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ കഞ്ചാവ് കൃഷിക്കും ഉപയോഗത്തിനും അനുവദിക്കുന്ന സംസ്ഥാനങ്ങള്‍ അവരുടെ സ്വന്തം ഉത്തരവാദിത്തത്തിലായിരിക്കും തുടരുക.

ജോ ബൈഡന്‍ 2022ല്‍ തന്നെ പുന:പരിശോധന നിര്‍ദ്ദേശിച്ചിരുന്നു. HHS 2023ല്‍ Schedule III-te¡v മാറ്റാന്‍ ശുപാര്‍ശചെയ്തു; DEA 2024ല്‍ പ്രമേയം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ട്രംപിന്റെ നടപടി ഇതിന്റെ തുടര്‍ച്ചയായാണ് കാണുന്നത്.

റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ കഞ്ചാവ് ഓഹരികള്‍ 15 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ യുവാക്കളിലെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, അപകടനിരക്ക് വര്‍ദ്ധിക്കുക തുടങ്ങി ആരോഗ്യസുരക്ഷാ ആശങ്കകളും വിമര്‍ശകര്‍ മുന്നോട്ടുവയ്ക്കുന്നു.

ആകെ നോക്കുമ്പോള്‍-നിയമസ്ഥിതിയില്‍ വന്‍മാറ്റത്തിന് വാതില്‍ തുറന്നേക്കാമെങ്കിലും, വിനോദോപയോഗത്തെ ദേശീയതലത്തില്‍ നിയമവത്കരിക്കാന്‍ ഇനിയും വലിയ ദൂരമുണ്ട്.