വാഷിംഗ്ടണ്‍: എന്‍വിഡിയ സി ഇ ഒ ജെന്‍സന്‍ ഹുവാങ്ങിന് ചൈനീസ് ചാരവനിതയെന്ന് സംശയിക്കുന്ന യുവതിയുമായി പ്രണയബന്ധമുണ്ടെന്ന വിവരം ചൈനാ സന്ദര്‍ശനത്തിന് മുമ്പുതന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്. ചൈനയിലേക്കുള്ള യാത്രയ്ക്കിടെ മെയ് മാസം എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍വെച്ചാണ് ട്രംപിന് ഇതുസംബന്ധിച്ച രഹസ്യാന്വേഷണ വിവരം ലഭിച്ചതെന്നാണ് സംഭവവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോര്‍ട്ട്.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മാര്‍ക്കോ റൂബിയോയാണ് വിവരം ട്രംപിനെ അറിയിച്ചത്. ട്രംപിന്റെ ക്ഷണപ്രകാരം ജെന്‍സന്‍ ഹുവാങ് ചൈനീസ് സന്ദര്‍ശന സംഘത്തില്‍ ചേരുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. ചൈനീസ് രഹസ്യാന്വേഷണ വിഭാഗമായ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് അമേരിക്കന്‍ അധികൃതര്‍ വിലയിരുത്തിയ യുവതിയുമായാണ് ഹുവാങ്ങിന് ബന്ധമുണ്ടെന്നായിരുന്നു വിവരം.
ഏഴ് മാസത്തിനിടെ ഹുവാങ്ങിന്റെ ഈ ബന്ധം സംബന്ധിച്ച രഹസ്യാന്വേഷണ വിവരം ട്രംപിന് ലഭിക്കുന്നത് കുറഞ്ഞത് രണ്ടാം തവണയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്താന്‍ പോയപ്പോള്‍ ഇക്കാര്യം അറിയില്ലായിരുന്നുവെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമാണ് പുതിയ വെളിപ്പെടുത്തല്‍.
ചൈനാ ഉച്ചകോടിക്ക് മുമ്പ് ഹുവാങ്ങിന്റെ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, 'ഇല്ല, അന്ന് അതേക്കുറിച്ച് കേട്ടിരുന്നില്ല' എന്നായിരുന്നു ട്രംപിന്റെ മറുപടി.
ഹുവാങ്ങിന്റെ വ്യക്തിബന്ധം സംബന്ധിച്ച വിവാദം എന്‍വിഡിയയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കമ്പനിയുടെ ഓഹരിവില ഇടിയുന്നതിനും ഇത് കാരണമായി. അമേരിക്കയും ചൈനയും തമ്മിലുള്ള സാങ്കേതികവിദ്യാ മത്സരം, പ്രത്യേകിച്ച് നിര്‍മിത ബുദ്ധി രംഗത്തെ ആധിപത്യത്തിനായുള്ള പോരാട്ടം വീണ്ടും ചര്‍ച്ചയാകാനും സംഭവം ഇടയാക്കി. എ ഐ രംഗത്ത് അമേരിക്കയ്ക്കുള്ള നിലവിലെ മുന്‍തൂക്കത്തില്‍ എന്‍വിഡിയയുടെ അത്യാധുനിക ചിപ്പുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്.
ട്രംപുമായും ഭരണകൂടവുമായും ഹുവാങ്ങിനുള്ള സ്വാധീനവും എ ഐ, സെമികണ്ടക്ടര്‍ വ്യവസായം സംബന്ധിച്ച അമേരിക്കന്‍ നയരൂപീകരണത്തില്‍ അദ്ദേഹത്തിന്റെ പങ്കും പുതിയ സംഭവവികാസങ്ങളോടെ വീണ്ടും പരിശോധനയ്ക്ക് വിധേയമായിരിക്കുകയാണ്.
ഹുവാങ്ങുമായി പ്രണയബന്ധത്തിലായിരുന്ന യുവതിക്ക് ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ആദ്യമായി ട്രംപിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, അന്ന് മുതല്‍ വിഷയത്തിന്റെ ഗൗരവം ട്രംപ് കുറച്ചുകാണിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ശരത്കാലത്തിന്റെ അവസാനത്തില്‍ ആദ്യമായി വിവരം ലഭിച്ചപ്പോള്‍ നടപടിയെടുക്കേണ്ടതില്ലെന്ന് ട്രംപ് തീരുമാനിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം ഇക്കാര്യത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിശദീകരണം ലഭിച്ചിരുന്നോ എന്ന ചോദ്യത്തിന് പരിശോധിക്കണമെന്നായിരുന്നു ട്രംപിന്റെ മറുപടി. 'രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് ഞാന്‍ തീര്‍ച്ചയായും അന്വേഷിക്കും. ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ടാകാം. എന്നാല്‍ അത് എന്നെ കാര്യമായി സ്വാധീനിച്ചിട്ടില്ല' എന്നും അദ്ദേഹം പറഞ്ഞു.
അടുത്തയാഴ്ച ട്രംപ് വീണ്ടും ചൈന സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തില്‍ ജെന്‍സന്‍ ഹുവാങ്ങും സംഘത്തിലുണ്ടാകുമെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും എന്‍വിഡിയ മേധാവി ഇത്തവണത്തെ സംഘത്തില്‍ ഉണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി.
വിവാദങ്ങള്‍ക്കിടയിലും ഹുവാങ്ങിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്. ആലീസ് ഹുവാങ് എന്നറിയപ്പെടുന്ന യുവതി ചാരപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്നുവെന്ന് അറിയാമായിരുന്നോ എന്ന് ഹുവാങ്ങിനോട് താന്‍ ചോദിച്ചിരുന്നതായും ഇക്കാര്യം അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും ട്രംപ് പറഞ്ഞു.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള അടുത്ത കൂടിക്കാഴ്ചയില്‍ വിഷയം ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന സൂചനയും ട്രംപ് നല്‍കി. 'എനിക്ക് ജെന്‍സനെ വളരെ നന്നായി അറിയാം. അദ്ദേഹം മാന്യനായ വ്യക്തിയാണെന്നാണ് എന്റെ വിശ്വാസം' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഹുവാങ് ചൈനാ സന്ദര്‍ശന സംഘത്തില്‍ ചേര്‍ന്ന മെയ് മാസം ട്രംപ് നടത്തിയ ചൈനാ സന്ദര്‍ശനം ഹുവാങ്ങിന്റെ ബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളോടെ വീണ്ടും പരിശോധനയ്ക്ക് വിധേയമായിരിക്കുകയാണ്. സിംഗപ്പൂര്‍ ആസ്ഥാനമായ മെഗാസ്പീഡ് എന്ന കമ്പനിയില്‍ മുമ്പ് ഉന്നത ഉദ്യോഗസ്ഥയായിരുന്ന ആലീസ് ഹുവാങാണ് വിവാദത്തിലെ യുവതി. എന്‍വിഡിയയുടെ അത്യാധുനിക ചിപ്പുകള്‍ വാങ്ങുന്ന സ്ഥാപനമാണ് മെഗാസ്പീഡ്.
2022 അവസാനത്തോടെ അമേരിക്ക ചൈനയിലേക്കുള്ള അത്യാധുനിക ചിപ്പുകളുടെ നേരിട്ടുള്ള വില്‍പ്പനയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, തെക്കുകിഴക്കന്‍ ഏഷ്യയിലെ ഡേറ്റാ സെന്ററുകള്‍ വഴി കമ്പ്യൂട്ടിങ് ശേഷി വാടകയ്‌ക്കെടുത്ത് ചൈനീസ് കമ്പനികള്‍ക്ക് ആവശ്യമായ സാങ്കേതികവിദ്യ ലഭ്യമാക്കാന്‍ കഴിഞ്ഞിരുന്നു. മെഗാസ്പീഡ് പോലുള്ള സ്ഥാപനങ്ങള്‍ നടത്തുന്ന ഡേറ്റാ സെന്ററുകളും ഇതില്‍ ഉള്‍പ്പെടുന്നു.
ട്രംപിന്റെ ചൈനാ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ആഴ്ചകളില്‍ ഹുവാങ്ങിനെക്കുറിച്ചുള്ള ഒരു മെമ്മോ തയ്യാറാക്കുന്നതിന് റൂബിയോ മേല്‍നോട്ടം വഹിച്ചിരുന്നു. ഭരണകൂടത്തിലെ തെരഞ്ഞെടുത്ത ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഈ രേഖ കൈമാറിയത്. എന്നാല്‍, ട്രംപിനുവേണ്ടി തയ്യാറാക്കിയതല്ല ഈ മെമ്മോയെന്നും എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍വെച്ച് അദ്ദേഹത്തിന് കൈമാറിയിട്ടില്ലെന്നും വിഷയവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
ട്രംപിനൊപ്പം ചൈനയിലേക്ക് പോകേണ്ട ബിസിനസ്, സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖരുടെ ആദ്യ ക്ഷണപ്പട്ടികയില്‍ ഹുവാങ്ങിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. അദ്ദേഹത്തിന്റെ അഭാവം ട്രംപിന്റെ യാത്രയ്ക്ക് മുമ്പ് മാധ്യമശ്രദ്ധ നേടിയിരുന്നു.
എന്നാല്‍, അലാസ്‌കയില്‍ ഇന്ധനം നിറയ്ക്കുന്നതിനായി വിമാനം നിര്‍ത്തിയ സമയത്ത് മുന്‍കൂട്ടി അറിയിപ്പുകളൊന്നുമില്ലാതെ ഹുവാങ്ങിനെ യാത്രാസംഘത്തില്‍ ഉള്‍പ്പെടുത്താന്‍ ട്രംപ് തീരുമാനിച്ചു. റൂബിയോ ഉള്‍പ്പെടെ ഭരണകൂടത്തിലെ പത്തിലധികം ഉന്നത ഉദ്യോഗസ്ഥര്‍ അപ്പോള്‍ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലുണ്ടായിരുന്നു.
പൊതുവേദിയില്‍ വെളിപ്പെടുത്താന്‍ അധികാരമില്ലാത്തതിനാല്‍ പേര് വെളിപ്പെടുത്താത്ത ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍, അലാസ്‌കയില്‍വെച്ച് ഹുവാങ് യാത്രാസംഘത്തില്‍ ചേരുന്ന വിവരം അറിഞ്ഞതിനു പിന്നാലെ റൂബിയോ ട്രംപിനെ വിഷയത്തെക്കുറിച്ച് അറിയിച്ചതായി സ്ഥിരീകരിച്ചു. 'പ്രസിഡന്റിന് റൂബിയോ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കി' എന്നായിരുന്നു ഉദ്യോഗസ്ഥന്റെ പ്രതികരണം.
എന്നാല്‍, ലഭിച്ച വിവരങ്ങള്‍ ട്രംപിന്റെ തീരുമാനത്തെ കാര്യമായി സ്വാധീനിച്ചില്ലെന്നും ഹുവാങ്ങിനെ വിമാനത്തില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനവുമായി അദ്ദേഹം മുന്നോട്ടുപോയെന്നും സംഭവവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ കയറിയശേഷം ഹുവാങ് ട്രംപുമായി വളരെ ചുരുങ്ങിയ സമയം മാത്രമാണ് കൂടിക്കാഴ്ച നടത്തിയത്. യാത്രയുടെ ഭൂരിഭാഗം സമയവും വിമാനത്തിലെ മറ്റൊരു ഭാഗത്തായിരുന്നു അദ്ദേഹം ചെലവഴിച്ചതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആലീസ് ഹുവാങ് ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഏജന്റാണെന്നും ജെന്‍സന്‍ ഹുവാങ്ങുമായി പ്രണയബന്ധത്തിലായിരുന്നുവെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വിലയിരുത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ എന്‍വിഡിയയിലെ ഉന്നത ഉദ്യോഗസ്ഥരും ജെന്‍സന്‍ ഹുവാങ്ങും യുവതിയുമായുള്ള ഇടപെടലുകള്‍ സാധാരണ ബിസിനസ് ബന്ധത്തിന്റെ ഭാഗമായിരുന്നുവെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ഞായറാഴ്ച യുവതിയുമായി പ്രണയബന്ധമുണ്ടായിരുന്നുവെന്ന് ഹുവാങ് സമ്മതിച്ചു. പിന്നാലെ വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് എന്‍വിഡിയ പ്രഖ്യാപിക്കുകയും ചെയ്തു.
ചൈനയിലേക്കുള്ള ചിപ്പ് വില്‍പ്പനയില്‍
ചൈനയിലേക്കുള്ള സെമികണ്ടക്ടര്‍ വില്‍പ്പനയില്‍ കൂടുതല്‍ ഉദാരമായ സമീപനം സ്വീകരിക്കണമെന്ന നിലപാടാണ് ജെന്‍സന്‍ ഹുവാങ് ദീര്‍ഘകാലമായി സ്വീകരിച്ചിട്ടുള്ളത്. 2025-ല്‍ ട്രംപ് വീണ്ടും വൈറ്റ് ഹൗസിലെത്തുന്നതിന് മുമ്പും അദ്ദേഹം ഈ നിലപാട് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. എ ഐ രംഗത്ത് അമേരിക്ക ചൈനയെക്കാള്‍ മുന്നില്‍ തുടരണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനകളാണ് പിന്തുണക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.
എ ഐയുടെ അന്താരാഷ്ട്ര സുരക്ഷാ പ്രത്യാഘാതങ്ങളെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും ട്രംപ് പൊതുവെ ഹുവാങ്ങിനും മറ്റ് പ്രമുഖ സാങ്കേതികവിദ്യാ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും പിന്തുണ നല്‍കിയിട്ടുണ്ട്.
ഈ വര്‍ഷം ആദ്യം ഒരു നിക്ഷേപക സമ്മേളനത്തില്‍ സംസാരിക്കവെ, എന്‍വിഡിയയുടെ ഏറ്റവും നൂതനമായ ഉത്പന്നങ്ങള്‍ ചൈനയ്ക്ക് ലഭിക്കരുതെന്ന് ഹുവാങ് ആവര്‍ത്തിച്ചിരുന്നു. സാങ്കേതികവിദ്യയില്‍ അമേരിക്കയുടെ മേധാവിത്വം നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ഒന്നാമതും ഏറ്റവും മുന്നിലും ഏറ്റവും മികച്ചതുമായിരിക്കണം' എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
അതേസമയം, അമേരിക്കന്‍ കമ്പനികള്‍ ആഗോള വിപണിയില്‍ മത്സരശേഷി നിലനിര്‍ത്തണമെന്നും ഹുവാങ് വാദിച്ചു.
റൂബിയോയുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ മെമ്മോ, തുടര്‍ന്നുള്ള ചൈനാ സന്ദര്‍ശനത്തിനുള്ള ആദ്യ ക്ഷണപ്പട്ടികയില്‍നിന്ന് ഹുവാങ്ങിനെ ഒഴിവാക്കാനുള്ള തീരുമാനത്തെ സ്വാധീനിച്ചിരുന്നോ എന്നത് വ്യക്തമല്ല.
അന്ന് എന്‍വിഡിയയുടെ ഏറ്റവും നൂതനമായ ബ്ലാക്ക്വെല്‍ ചിപ്പുകള്‍ ചൈനയ്ക്ക് വില്‍ക്കാന്‍ അനുമതി നല്‍കുന്നതിനെക്കുറിച്ച് ട്രംപ് ആലോചിച്ചുവരികയായിരുന്നു. ഹുവാങ്ങും മറ്റ് പ്രമുഖ സാങ്കേതികവിദ്യാ മേഖലയിലെ മേധാവികളും ഈ നിര്‍ദേശത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ ട്രംപ് ഭരണകൂടത്തിലെ നിരവധി ഉപദേഷ്ടാക്കള്‍ ഇതിനെ എതിര്‍ത്തു.
ബ്ലാക്ക്വെല്‍ ചിപ്പുകള്‍ ചൈനയ്ക്ക് വില്‍ക്കാന്‍ ഭരണകൂടം ഇതുവരെ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍, അംഗീകൃത ഉപഭോക്താക്കള്‍ക്ക് താരതമ്യേന ശേഷി കുറഞ്ഞ എച്ച്200 ചിപ്പുകള്‍ വില്‍ക്കാന്‍ പിന്നീട് അമേരിക്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.
