ക്യൂബയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്; യുദ്ധക്കപ്പലുകള്‍ തീരത്തടുക്കുമെന്ന് ഭീഷണി

ക്യൂബയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്; യുദ്ധക്കപ്പലുകള്‍ തീരത്തടുക്കുമെന്ന് ഭീഷണി


വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധം കഴിഞ്ഞ് മടങ്ങുന്ന അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ക്യൂബയുടെ തീരത്തിനടുത്ത് നിര്‍ത്തിയേക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ക്യൂബയുടെ കാര്യത്തില്‍ അമേരിക്ക ഇടപെടുമെന്ന സൂചന നല്‍കിയ ട്രംപ്, യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെ ക്യൂബയിലേക്ക് അയക്കുമെന്നും പറഞ്ഞു. അതേസമയം, അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി ഐ എയുമായി രഹസ്യമായി സഹകരിക്കാന്‍ ക്യൂബന്‍ ജനതയോട് റൂബിയോ ആഹ്വാനം ചെയ്തതും വിവാദമായി.

വെള്ളിയാഴ്ച ഫ്‌ളോറിഡയില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയാണ് ട്രംപ് ഭീഷണി മുഴക്കിയത്. 

ഇറാനില്‍നിന്ന് മടങ്ങുമ്പോള്‍ ക്യൂബയുടെ കാര്യം തങ്ങള്‍ കൈകാര്യം ചെയ്യുമെന്നും തങ്ങളുടെ  കപ്പലുകള്‍ ക്യൂബയ്ക്കരികിലൂടെ കടന്നുപോകുമ്പോള്‍ അവയിലൊന്ന് തീരത്തുനിന്ന് ഏകദേശം 50 വാര അകലെ നിര്‍ത്തുമെന്നും അവര്‍ കൈകള്‍ ഉയര്‍ത്തുമെന്നും തുടര്‍ന്ന് ഞങ്ങള്‍ മാര്‍ക്കോ റൂബിയോയെ അങ്ങോട്ട് അയക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്.

ക്യൂബയ്‌ക്കെതിരായ അമേരിക്കയുടെ നീക്കങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം. എന്നാല്‍, ക്യൂബയില്‍ സൈനിക നടപടി ഉണ്ടാകുമെന്നോ രാജ്യം പിടിച്ചെടുക്കാനുള്ള ഔദ്യോഗിക തീരുമാനം എടുത്തിട്ടുണ്ടെന്നോ വ്യക്തമാക്കുന്ന പ്രഖ്യാപനം ട്രംപ് നടത്തിയിട്ടില്ല.

'എല്ലാ ഭീഷണികളെയും തള്ളുന്നു'; ക്യൂബയുടെ മറുപടി

ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് രംഗത്തെത്തി. ക്യൂബയെ സംബന്ധിച്ച അമേരിക്കയുടെ അഭിലാഷങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഭീഷണികളെയും തള്ളിക്കളയുന്നതായി അദ്ദേഹം വ്യക്തമാക്കി.

ക്യൂബയെ സംബന്ധിച്ച അമേരിക്കയുടെ അഭിലാഷങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഭീഷണികളെയും തങ്ങള്‍ നിരാകരിക്കുന്നതായും തങ്ങളുടെ തീരങ്ങളില്‍ മനോഹരമായ കടല്‍ത്തീരങ്ങളുണ്ടെന്നും എന്നാല്‍, മൂര്‍ച്ചയേറിയ ചുണ്ണാമ്പുകല്‍പ്പാറകളും പ്രതികൂലമായ പ്രകൃതിസാഹചര്യങ്ങളും ഇവിടെയുണ്ടെന്നു കൂടി അദ്ദേഹം പറഞ്ഞു. ശത്രുതാപരമായ ലക്ഷ്യങ്ങളോടെയും ആധിപത്യം സ്ഥാപിക്കാനുള്ള ആഗ്രഹത്തോടെയും തീരത്തെത്തുന്നവര്‍ക്ക് ഈ സാഹചര്യം അനുകൂലമാകില്ലെന്ന മുന്നറിയിപ്പും റോഡ്രിഗസ് എക്‌സില്‍ കുറിച്ചു.

സി ഐ എയുമായി രഹസ്യമായി സഹകരിക്കണമെന്ന് റൂബിയോ

ക്യൂബയില്‍ അനുകൂലമായ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവര്‍ സി ഐ എയുമായി രഹസ്യമായി സഹകരിക്കണമെന്ന് നേരത്തേ റൂബിയോ ആഹ്വാനം ചെയ്തിരുന്നു. ഇത്തരം സഹകരണം രാജ്യത്ത് അനുകൂലമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം.

പരാജയപ്പെട്ട വാഗ്ദാനങ്ങളും അഴിമതിയും ഏതാനും ആളുകള്‍ മാത്രം അനുഭവിക്കുന്ന പ്രത്യേകാവകാശങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍, നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം സൃഷ്ടിക്കാന്‍ സി ഐ എയുമായുള്ള രഹസ്യപങ്കാളിത്തത്തിലൂടെ ഈ അവസരം പ്രയോജനപ്പെടുത്തുകയെന്നാണ് റൂബിയോ എക്‌സില്‍ കുറിച്ചത്.

ക്യൂബന്‍ സര്‍ക്കാരിന്റെ നയങ്ങളും നടപടികളും അമേരിക്കയ്ക്ക് അസാധാരണവും ഗുരുതരവുമായ ഭീഷണിയാണെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ ആരോപിച്ചു. സ്വതന്ത്രവും ജനാധിപത്യപരവുമായ സമൂഹങ്ങളുടെ ധാര്‍മികവും രാഷ്ട്രീയവുമായ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് ക്യൂബന്‍ സര്‍ക്കാരിന്റെ നടപടികളെന്നും പ്രസ്താവനയില്‍ പറയുന്നു.

ക്യൂബയ്ക്കുമേല്‍ സാമ്പത്തിക സമ്മര്‍ദം ശക്തമാക്കി അമേരിക്ക

ക്യൂബയ്ക്കുമേല്‍ സാമ്പത്തിക സമ്മര്‍ദം വര്‍ധിപ്പിക്കുന്ന നടപടികളിലാണ് ട്രംപ് ഭരണകൂടം. നിര്‍മാണം, ഖനനം, ലോഹവ്യവസായം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ക്യൂബയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒന്‍പത് സ്ഥാപനങ്ങള്‍ക്കെതിരെ പുതിയ ശിക്ഷാനടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ക്യൂബയിലേക്ക് യാത്ര ചെയ്യുന്ന അമേരിക്കന്‍ പൗരന്മാര്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുമായി വ്യാപാരബന്ധം പുലര്‍ത്തുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കാനും അമേരിക്ക നീക്കം നടത്തുന്നു.

ക്യൂബയുടെ നേതൃത്വത്തില്‍ മാറ്റമുണ്ടാകണമെന്ന നിലപാട് ട്രംപ് പലവട്ടം പരസ്യമായി സൂചിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം മേയ് രണ്ടിന് ക്യൂബയുടെ നിയന്ത്രണം അമേരിക്ക ഉടന്‍ ഏറ്റെടുക്കുമെന്ന തരത്തിലുള്ള പരാമര്‍ശവും അദ്ദേഹം നടത്തിയിരുന്നു.

പാം ബീച്ചസ് ഫോറം ക്ലബിന്റെ അത്താഴവിരുന്നില്‍ സംസാരിക്കവേ ക്യൂബയ്ക്ക് പ്രശ്‌നങ്ങളുണ്ടെന്നും ത ങ്ങള്‍ ഉടന്‍തന്നെ ക്യൂബയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്നുമായിരുന്നു ട്രംപിന്റെ പരാമര്‍ശം.