നാഷണല്‍ ഗാര്‍ഡുമാരുടെ കുടുംബാംഗങ്ങളെ ട്രംപ് വൈറ്റ് ഹൗസിലേക്ക് കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു

നാഷണല്‍ ഗാര്‍ഡുമാരുടെ കുടുംബാംഗങ്ങളെ ട്രംപ് വൈറ്റ് ഹൗസിലേക്ക് കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു


വാഷിങ്ടണ്‍: അഫ്ഗാന്‍ പൗരന്റെ വെടിയേറ്റ് കൊല്ലപ്പെട്ട നാഷണല്‍ ഗാര്‍ഡ് സാറാ ബെക്‌സ്‌ട്രോമിന്റേയും ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആന്‍ഡ്രു വോള്‍ഫിന്റേയും കുടുംബാംഗങ്ങളെ യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. നാഷണല്‍ ഗാര്‍ഡില്‍ എസ് പി റാങ്കിലുള്ള സാറയുടെ മാതാപിതാക്കളുമായി സംസാരിച്ചതായും അവരെ വൈറ്റ് ഹൗസിലേയ്ക്കു ക്ഷണിച്ചതായും ട്രംപ് തന്നെയാണ് വ്യക്തമാക്കിയത്.

ആന്‍ഡ്രുവിന്റെ കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ചയ്ക്കായി സംസാരിച്ചതായി ട്രംപ് കൂട്ടിച്ചേര്‍ത്തു. 29 വയസുള്ള റഹ്മത്തുള്ള എന്ന അഫ്ഗാനിയാണ് വെടിയുതിര്‍ത്തത്. ഇയാള്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. നിങ്ങള്‍ക്ക് പറ്റുന്ന സമയത്ത് വൈറ്റ് ഹൗസിലേയ്ക്കു വരണമെന്നും രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സാറയ്ക്ക് രാജ്യത്തിന്റെ അന്തിമോപചാരം നല്‍കണം എന്നിങ്ങനെയായിരുന്നു ട്രംപ് പറഞ്ഞത്.

വാഷിങ്ടണ്‍ ഡിസി പൊലീസിനൊപ്പം കുറ്റകൃത്യങ്ങള്‍ക്കെതിരായ പോരാട്ട പദ്ധതിയുടെ ഭാഗമായാണ് വെസ്റ്റ് വെര്‍ജീനിയ നാഷണല്‍ ഗാര്‍ഡില്‍ നിന്നുള്ള 20 വയസുള്ള സാറ ബെക്ക്‌സ്‌ട്രോമും 24 വയസുള്ള വോള്‍ഫും നിയമിക്കപ്പെട്ടത്. കൊല്ലപ്പെട്ട സാറാ ബെക്ക്‌സ്‌ട്രോമിന്റെ സംസ്‌കാരം എപ്പോഴെന്നു തീരുമാനിച്ചിട്ടില്ല. വോള്‍ഫിന്റെ തിരിച്ചു വരവിനായി ജന്മനാട്ടില്‍ ഉള്‍പ്പടെ ജനങ്ങള്‍ മെഴുതിരി കത്തിച്ച് പ്രാര്‍ഥനയിലാണ്.