വാഷിംഗ്ടണ്‍: 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണാഡ് ട്രംപിന്റെ പ്രചാരണ സംഘവും റഷ്യയും തമ്മിലുള്ള ബന്ധം അന്വേഷിച്ച മുന്‍ സ്‌പെഷല്‍ കൗണ്‍സല്‍ റോബര്‍ട്ട് മുള്ളറിന് നാല് വര്‍ഷം മുമ്പ് പാര്‍ക്കിന്‍സണ്‍സ് രോഗം സ്ഥിരീകരിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
'2021 ലെ വേനല്‍ക്കാലത്ത് ബോബിന് പാര്‍ക്കിന്‍സണ്‍സ് രോഗം കണ്ടെത്തിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.
'ആ വര്‍ഷം അവസാനത്തോടെ അദ്ദേഹം നിയമരംഗത്ത് നിന്ന് വിരമിച്ചു. 2021 ലും 2022 ലും ശരത്കാലത്ത് അദ്ദേഹം തന്റെ നിയമ കോളേജില്‍ അധ്യാപകനായിരുന്നു, 2022 അവസാനത്തോടെ അദ്ദേഹം വിരമിച്ചു. രോഗാവസ്ഥയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ സ്വകാര്യത മാനിക്കപ്പെടണമെന്ന് അദ്ദേഹത്തിന്റെ കുടുംബം പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
ഇപ്പോള്‍ 81 വയസ്സുള്ള മുള്ളറിന് യാത്രചെയ്യുന്നതിനും സംസാരിക്കുന്നതിലും പ്രശ്‌നമുള്ളതിനാല്‍, ജെഫ്രി എപ്സ്റ്റീന്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സാക്ഷിമൊഴി നല്‍കാനുള്ള കോണ്‍ഗ്രസ് അഭ്യര്‍ത്ഥന പാലിക്കാന്‍ ഈയാഴ്ച അദ്ദേഹത്തിന് കഴിയില്ല. ജെഫ്രി എപ്സ്റ്റീന്‍ കേസ് ഫെഡറല്‍ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ ചൊവ്വാഴ്ച ഹാജരാകാന്‍ ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി അദ്ദേഹത്തെ വിളിച്ചുവരുത്താന്‍ പദ്ധതിയിട്ടിരുന്നു. 2001 മുതല്‍ 2013 വരെ എഫ്ബിഐ ഡയറക്ടറായിരുന്ന മുള്ളറുടെ കേസില്‍ അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കാനാണ് നിയമനിര്‍മ്മാതാക്കള്‍ ആഗ്രഹിച്ചത്.
2019ലെ മുള്ളറുടെ സ്ഥിരതയില്ലാത്തതുപോലെയുള്ള സംസാകരവും തെളിവുനല്‍കലും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു.
2019ല്‍ ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് മുമ്പാകെ അദ്ദേഹം താല്‍ക്കാലികമായി മൊഴി നല്‍കിയപ്പോഴാണ് മുള്ളറുടെ ആരോഗ്യത്തെക്കുറിച്ച് ആദ്യമായി ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നത്. 74 വയസ്സുള്ളപ്പോള്‍, ഉത്തരം നല്‍കാനും കേള്‍ക്കാനും അദ്ദേഹം ചിലപ്പോഴൊക്കെ പാടുപെട്ടു. 'മിസ്റ്റര്‍ മുള്ളര്‍ ഇത്രയധികം വിഷയത്തില്‍ നിന്ന് മാറി സംസാരിച്ചതില്‍ അത്ഭുതപ്പെട്ടുപോയെന്ന് അരിസോണയിലെ പ്രതിനിധി ഡെബ്ബി ലെസ്‌കോ പിന്നീട് പറഞ്ഞു. 'ചില അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല, അത് തന്നെ ശരിക്കും അത്ഭുതപ്പെടുത്തിയെന്ന് ഡെബ്ബി ലെസ്‌കോ പറഞ്ഞു.
രണ്ട് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തിന് പാര്‍ക്കിന്‍സണ്‍സ് രോഗനിര്‍ണയം ഉണ്ടായതെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞത്. 60 വയസ്സിനു മുകളിലുള്ളവരില്‍ ഏറ്റവും സാധാരണമായ ഈ രോഗം വിറയല്‍, ചലനശേഷി മന്ദഗതിയിലാക്കല്‍, സംസാര പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു. ലക്ഷണങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെങ്കിലും, ചികിത്സയില്ല. അത് പുരോഗമിക്കുമ്പോള്‍ പലപ്പോഴും ഉത്കണ്ഠയും വിഷാദവുംവര്‍ധിക്കും.
കെന്റക്കിയിലെ ഹൗസ് ഓവര്‍സൈറ്റ് ചെയര്‍മാന്‍ ജെയിംസ് കോമറാണ് എപ്സ്റ്റീന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്, മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി, ഹിലരി, ബില്‍ ക്ലിന്റണ്‍, എറിക് ഹോള്‍ഡര്‍ ജൂനിയര്‍, മെറിക്ക് ഗാര്‍ലന്‍ഡ്, ആല്‍ബെര്‍ട്ടോ ഗൊണ്‍സാലസ്, ജെഫ് സെഷന്‍സ്, വില്യം ബാര്‍ എന്നിവരുള്‍പ്പെടെയുള്ള മുന്‍ ഉദ്യോഗസ്ഥരെയും അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്.
ട്രംപ് അന്വേഷണ ഉദ്യോഗസ്ഥനായ റോബര്‍ട്ട് മുള്ളറിന് പാര്‍ക്കിന്‍സണ്‍സ് രോഗം സ്ഥിരീകരിച്ചതായി കുടുംബം; ജെഫ്രി എപ്സ്റ്റീന്‍ കേസില്‍ മൊഴിനല്‍കാന്‍ ഹാജരാകില്ല
