യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് 25 ശതമാനം തീരുവ വര്‍ധിപ്പിച്ച് ട്രംപ്; വ്യാപാര കരാര്‍ ലംഘിച്ചതായി ആരോപണം

യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് 25 ശതമാനം തീരുവ വര്‍ധിപ്പിച്ച് ട്രംപ്; വ്യാപാര കരാര്‍ ലംഘിച്ചതായി ആരോപണം


വാഷിംഗ്ടണ്‍: യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ പാലിക്കുന്നില്ലെന്നാരോപിച്ച് കാറുകളും ട്രക്കുകളും ഉള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് 25 ശതമാനം തീരുവ വര്‍ധിപ്പിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. അടുത്ത ആഴ്ച മുതല്‍ ഈ വര്‍ധന പ്രാബല്യത്തില്‍ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലാണ് ട്രംപ് തീരുമാനം അറിയിച്ചത്. യൂറോപ്യന്‍ യൂണിയന്‍ മുമ്പ് സമ്മതിച്ച വ്യാപാര കരാര്‍ പാലിക്കുന്നില്ലെന്നതാണ് നടപടിക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു.

അമേരിക്കയില്‍ വാഹന നിര്‍മ്മാണം നടത്താത്ത കമ്പനികള്‍ക്ക് ഈ പുതിയ 25 ശതമാനം തീരുവ ബാധകമാകുമെന്ന് ട്രംപ് വ്യക്തമാക്കി. എന്നാല്‍, യു എസില്‍ തന്നെ കാറുകളും ട്രക്കുകളും നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് തീരുവ ബാധകമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ മണ്ണില്‍ വാഹന നിര്‍മ്മാണ ശാലകള്‍ സ്ഥാപിക്കുന്നതിന് വലിയ നിക്ഷേപങ്ങള്‍ നടക്കുന്നതായും 100 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള പദ്ധതികള്‍ പുരോഗമിക്കുന്നതായും ട്രംപ് തന്റെ പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം പദ്ധതികള്‍ അമേരിക്കന്‍ തൊഴിലാളികള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്നത് മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത വ്യാവസായിക വളര്‍ച്ചയാണെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഈ തീരുമാനത്തോടെ അമേരിക്ക- യൂറോപ്യന്‍ യൂണിയന്‍ വ്യാപാര ബന്ധങ്ങളില്‍ പുതിയ സംഘര്‍ഷ സാധ്യതകള്‍ ഉയരുന്നുവെന്ന വിലയിരുത്തലുകളും അന്താരാഷ്ട്ര വ്യാപാര മേഖലയില്‍ ഉയരുന്നുണ്ട്.