റഷ്യന്‍ എണ്ണ ഇടപാടില്‍ സമ്മര്‍ദം: ഇന്ത്യയ്‌ക്കെതിരെ തീരുവ ആയുധമാക്കുമെന്ന് ട്രംപ്

റഷ്യന്‍ എണ്ണ ഇടപാടില്‍ സമ്മര്‍ദം: ഇന്ത്യയ്‌ക്കെതിരെ തീരുവ ആയുധമാക്കുമെന്ന് ട്രംപ്


ന്യൂയോര്‍ക്ക്/വാഷിങ്ടണ്‍:  റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങലിനെച്ചൊല്ലി ഇന്ത്യയ്‌ക്കെതിരെ അമേരിക്ക തീരുവ ഉയര്‍ത്താന്‍ തയ്യാറാണെന്ന് സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ വിഷയത്തില്‍ തന്റെ നീരസം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അറിയാമായിരുന്നുവെന്നും, ഇന്ത്യയ്‌ക്കെതിരെ തീരുവ വളരെ വേഗത്തില്‍ ഉയര്‍ത്താനാകുമെന്നും ട്രംപ് പറഞ്ഞു.

ഫ്‌ലോറിഡയില്‍ നിന്ന് വാഷിംഗ്ടണിലേക്കുള്ള എയര്‍ഫോഴ്‌സ് വണ്ണില്‍ യാത്ര ചെയ്യുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. 'ഇന്ത്യ എന്നെ സന്തോഷിപ്പിക്കാനായിരുന്നു ശ്രമിച്ചത്. മോഡി നല്ല മനുഷ്യനാണ്. ഞാന്‍ സന്തോഷവാനല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അവര്‍ വ്യാപാരം നടത്തുന്നു; തീരുവ ഉയര്‍ത്താന്‍ ഞങ്ങള്‍ക്ക് അധിക സമയം വേണ്ട. അത് ഇന്ത്യയ്ക്ക് വളരെ ദോഷകരമാകും,' ട്രംപ് പറഞ്ഞു.
 റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്ന ഇറക്കുമതികള്‍ക്ക് 500 ശതമാനം വരെ തീരുവ ചുമത്തുന്ന ബില്‍ അവതരിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് ട്രംപിനൊപ്പമുണ്ടായിരുന്ന യുഎസ് സെനറ്റര്‍ ലിന്‍സി ഗ്രഹാം വ്യക്തമാക്കി. റഷ്യ-ഉെ്രെകന്‍ യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സമ്മര്‍ദം ചെലുത്തണമെന്നും ഗ്രഹാം പറഞ്ഞു.

റഷ്യയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ വലിയ തിരിച്ചടി നല്‍കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പേര് അദ്ദേഹം പരാമര്‍ശിച്ചത്. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങിയതിനെത്തുടര്‍ന്ന് യുഎസ് 25 ശതമാനം തീരുവ ചുമത്തിയിരുന്നുവെന്നും ഗ്രഹാം പറഞ്ഞു.

'ഏകദേശം ഒരു മാസം മുന്‍പ് ഞാന്‍ ഇന്ത്യന്‍ അംബാസഡറുടെ വീട്ടിലുണ്ടായിരുന്നു. അവര്‍ സംസാരിച്ചതെല്ലാം റഷ്യന്‍ എണ്ണ വാങ്ങല്‍ കുറച്ചതിനെക്കുറിച്ചായിരുന്നു. 'തീരുവ ഒഴിവാക്കാന്‍ പ്രസിഡന്റിനോട് പറയാമോ' എന്നാണ് അവര്‍ ചോദിച്ചതെന്നും ഗ്രഹാം വ്യക്തമാക്കി.