ട്രംപ്-പെട്രോ കൂടിക്കാഴ്ച സൗഹൃദാന്തരീക്ഷത്തിൽ; ഉപരോധ ഇളവും മയക്കുമരുന്ന് വിരുദ്ധ നടപടിയും ചർച്ചയായി

ട്രംപ്-പെട്രോ കൂടിക്കാഴ്ച സൗഹൃദാന്തരീക്ഷത്തിൽ; ഉപരോധ ഇളവും മയക്കുമരുന്ന് വിരുദ്ധ നടപടിയും ചർച്ചയായി


വാഷിംഗ്ടൺ: മാസങ്ങളോളം പരസ്പര വിമർശനങ്ങൾ നടത്തിയ ശേഷം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയും വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ച സൗഹൃദാന്തരീക്ഷത്തിൽ അവസാനിച്ചു. അടച്ച മുറിക്കുള്ളിൽ ഏകദേശം രണ്ട് മണിക്കൂർ നീണ്ട ചർച്ചകൾക്കുശേഷം പെട്രോയെ 'ടെറിഫിക്' എന്ന് ട്രംപ് വിശേഷിപ്പിച്ചു.

വെനിസ്വേലൻ ഗ്യാസ് കൊളംബിയ വഴി കയറ്റുമതി ചെയ്യാനുള്ള സാധ്യതയും മേഖലയിലെ മയക്കുമരുന്ന് കടത്ത് തടയാനുള്ള സംയുക്ത നടപടികളും ചർച്ചയായതായി പെട്രോ അറിയിച്ചു. ഇരുവരും ഇഎൽഎൻ വിമതസംഘത്തിനെതിരെ ഒരുമിച്ച് പ്രവർത്തിക്കാനും ധാരണയിലെത്തി.

കഴിഞ്ഞ വർഷം മയക്കുമരുന്ന് ബന്ധം ആരോപിച്ച് പെട്രോയ്‌ക്കെതിരെ ഏർപ്പെടുത്തിയ യുഎസ് ഉപരോധം പിൻവലിക്കാനുള്ള ശ്രമം തുടരുകയാണെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആരോപണങ്ങൾ പെട്രോ നിഷേധിച്ചു.

കൂടിക്കാഴ്ചയ്ക്കുശേഷം 'കൊളംബിയയെ ഞാൻ സ്‌നേഹിക്കുന്നു, വലിയ ബഹുമാനം' എന്ന് കൈ കൊണ്ട് എഴുതിയ കുറിപ്പും ഇരുവരുടെയും ചിത്രവും പെട്രോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

മയക്കുമരുന്ന് മാഫിയ തലവന്മാരെ ലക്ഷ്യമിടുന്ന ശക്തമായ നടപടി വേണമെന്ന് ട്രംപിനോട് ആവശ്യപ്പെട്ടതായി പെട്രോ പറഞ്ഞു. യുഎഇ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലുള്ള ശക്തരായ മയക്കുമരുന്ന് വ്യാപാരികളെ പിടികൂടാൻ സഹകരണം അഭ്യർഥിച്ചതായും അദ്ദേഹം വ്യക്തമാക്കി.

വെനിസ്വേലയുമായി ബന്ധപ്പെട്ട ഉപരോധങ്ങളും വ്യാപാര നിയന്ത്രണങ്ങളും മൂലം മൂന്ന് രാജ്യങ്ങൾക്കും നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയ പെട്രോ, എണ്ണയും വാതകവും സംയുക്തമായി കയറ്റുമതി ചെയ്യാൻ സാധ്യതയുണ്ടെന്നും പറഞ്ഞു. കൊളംബിയ-ഇക്വഡോർ വ്യാപാര തർക്കത്തിൽ മധ്യസ്ഥനാകാനും ട്രംപ് സമ്മതിച്ചതായാണ് റിപ്പോർട്ട്.

ട്രംപുമായി മുൻപ് കടുത്ത വാക്കേറ്റങ്ങളുണ്ടായിരുന്നെങ്കിലും, ഈ കൂടിക്കാഴ്ച 'നിർമാണാത്മകവും പ്രതീക്ഷ നൽകുന്നതുമായിരുന്നു' എന്നാണ് പെട്രോയുടെ പ്രതികരണം. അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും പൊതുവായ ലക്ഷ്യങ്ങൾക്കായി ഒന്നിച്ചു പ്രവർത്തിക്കാമെന്ന സന്ദേശമാണ് ഇരുവരും നൽകിയത്.