ടി വി അഭിമുഖത്തിനിടെ പ്രകോപിതനായി ട്രംപ്; മഴയാണ് കാരണമെന്ന് വിശദീകരണം

ടി വി അഭിമുഖത്തിനിടെ പ്രകോപിതനായി ട്രംപ്; മഴയാണ് കാരണമെന്ന് വിശദീകരണം


വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ പ്രകോപിതനായി സ്റ്റുഡിയോ വിട്ടിറങ്ങിയ സംഭവത്തിന് പിന്നാലെ അതിന്റെ കാരണം മഴയാണെന്ന് വിശദീകരിച്ചു. അമേരിക്കൻ മാധ്യമങ്ങളെയും അഭിമുഖ അവതാരകയെയും രൂക്ഷമായി വിമർശിച്ച ട്രംപിന്റെ പ്രതികരണം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയായിരുന്നു.

എൻ ബി സിയുടെ ‘മീറ്റ് ദ പ്രസ്സ്’ പരിപാടിയുടെ അവതാരകയായ ക്രിസ്റ്റ് ൻ വെൽകറുമായി നടത്തിയ അഭിമുഖത്തിനിടെയാണ് സംഭവം. .മുൻ പ്രസിഡന്റ് ജോ ബൈഡൻ്റ ഭരണകാലത്ത് സർക്കാർ അന്വേഷണങ്ങളുടെ പേരിൽ അന്യായമായി ലക്ഷ്യമാക്കപ്പെട്ടതായി കരുതുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ട്രംപ് മുന്നോട്ടുവച്ചിരുന്ന ‘ആന്റി-വെപ്പണൈസേഷൻ ഫണ്ട്’ സംബന്ധിച്ച ചോദ്യമാണ് ആദ്യം ഉയർന്നത്.

ഈ പദ്ധതി ഫെഡറൽ ഏജൻസികളുടെ പിന്തുണ ലഭിക്കാതെ മുന്നോട്ട് പോകാൻ സാധിച്ചില്ലെന്ന ചൂണ്ടിക്കാട്ടലിന് മറുപടിയായി, രാഷ്ട്രീയ എതിരാളികളും ചില മാധ്യമങ്ങളും നിരപരാധികളായ ആളുകളുടെ ജീവിതം തകർത്തുവെന്ന് ട്രംപ് ആരോപിച്ചു.

തുടർന്ന് 2020ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന ട്രംപിന്റെ പഴയ ആരോപണങ്ങളെക്കുറിച്ച് വെൽക്കർ തെളിവുകൾ ആവശ്യപ്പെട്ടതോടെ ചർച്ച കൂടുതൽ സംഘർഷഭരിതമായി. തിരഞ്ഞെടുപ്പ് കൃത്രിമമായി സ്വാധീനിക്കപ്പെട്ടതാണെന്നും അതിന് ധാരാളം തെളിവുകളുണ്ടെന്നും ട്രംപ് അവകാശപ്പെട്ടെങ്കിലും അതിനെ പിന്തുണയ്ക്കുന്ന വ്യക്തമായ തെളിവുകളൊന്നും അദ്ദേഹം അവതരിപ്പിച്ചില്ല.

വെൽക്കർ കൂടുതൽ വിശദീകരണം തേടിയതോടെ ട്രംപ് അവതാരകയെയും അമേരിക്കൻ മാധ്യമങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ചു. പ്രമുഖ മാധ്യമ ശൃംഖലകൾ ഏകപക്ഷീയവും വിശ്വാസ്യതയില്ലാത്തവയുമാണെന്ന് അദ്ദേഹം ആരോപിച്ചു.

വാക്കുതർക്കം രൂക്ഷമായതോടെ ട്രംപ് അഭിമുഖം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് എഴുന്നേറ്റ് പുറത്തേക്ക് നടക്കുകയായിരുന്നു. 

ഇനി മതിയാക്കാം താൻ ആവശ്യത്തിന് സമയം നൽകിയിട്ടുണ്ട് എന്ന് പറഞ്ഞാണ് അദ്ദേഹം അഭിമുഖം അവസാനിപ്പിച്ചത്.

സംഭവം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ ഒരു ചർച്ചയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് തന്റെ പെരുമാറ്റത്തെ ന്യായീകരിച്ചു. താൻ അതിമനോഹരമായ ഒരു കളപ്പുരയിൽ വെച്ചാണ് അഭിമുഖം നൽകിയതെന്നും പക്ഷേ പുറത്തു മഴ പെയ്യുകയായിരുന്നുവെന്നും എൻ ബി സി ഫേക്ക് ന്യൂസിനൊപ്പമായിരുന്നതിനാൽ മഴ കാരണം തനിക്ക് കുറച്ച് ദേഷ്യം വന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

ട്രംപിന്റെ ഈ വിശദീകരണം സാമൂഹിക മാധ്യമങ്ങളിൽ പുതിയ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും വഴിവെച്ചു. അഭിമുഖം നടന്നത് മുറിക്കുള്ളിലല്ലേ? മഴയ്ക്ക് ഇതുമായി എന്താണ് ബന്ധം? എന്ന ചോദ്യമാണ് നിരവധി പേർ ഉയർത്തിയത്. ചിലർ എൻ ബി സി കാലാവസ്ഥയും നിയന്ത്രിക്കുന്നുണ്ടോ? എന്ന തരത്തിലുള്ള പരിഹാസ കുറിപ്പുകളും പങ്കുവെച്ചു.