വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെ, ചരിത്രത്തിൽ താനെങ്ങനെ ഓർക്കപ്പെടുമെന്ന ചിന്തയിൽ അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി റിപ്പോർട്ട്. ന്യൂയോർക്ക് മാഗസിന്റെ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. 80ാം വയസ്സിലേക്കെത്തുന്ന ട്രംപ്, തന്റെ ബാക്കിയുള്ള ജീവിതത്തെക്കുറിച്ച് ഇപ്പോൾ കൂടുതൽ ചിന്തിക്കുന്നുവെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
വൈറ്റ് ഹൗസിൽ നിർമ്മാണത്തിലിരിക്കുന്ന പുതിയ ബാൽറൂമിനെയും 'തന്റെ പാരമ്പര്യത്തിന്റെ ഭാഗം' എന്ന നിലയിലാണ് ട്രംപ് കാണുന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 'ഇത് ഇവിടെ ട്രംപിന്റെ ഒരു അടയാളം ബാക്കി വെക്കാനാണ്,' എന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
അതേസമയം, ട്രംപിനെ 'സൂപ്പർഹ്യൂമൻ പ്രസിഡന്റ്' എന്ന നിലയിൽ അവതരിപ്പിക്കുകയാണ് വൈറ്റ് ഹൗസ്. സാധാരണ മനുഷ്യനേക്കാൾ കൂടുതൽ ഊർജവും സഹനശേഷിയും ഓർമ്മശക്തിയും ട്രംപിനുണ്ടെന്നായിരുന്നു ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലറുടെ അവകാശവാദം.
എന്നാൽ, ന്യൂയോർക്ക് മാഗസിന്റെ റിപ്പോർട്ട് ചില ആശങ്കകളും ഉയർത്തുന്നു. വർഷങ്ങളായി മുടിക്ക് നിറം നൽകുന്നത് ട്രംപ് ഉപേക്ഷിച്ച് സ്വാഭാവികമായി വെളുപ്പിലേക്ക് മാറിയതായി റിപ്പോർട്ട് പറയുന്നു. അതിലുപരി, അദ്ദേഹത്തിന്റെ കേൾവിശക്തി മുൻപത്തെ പോലെ അല്ലെന്ന ആശങ്കയും വൈറ്റ് ഹൗസ് ജീവനക്കാരിൽ ചിലർ പങ്കുവച്ചിട്ടുണ്ട്.
പിതാവിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുമ്പോൾ 'അൽസൈമേഴ്‌സ്' എന്ന പദം ഓർക്കാൻ ട്രംപിന് കഴിഞ്ഞില്ലെന്ന സംഭവവും ശ്രദ്ധേയമായി. 'ഏകദേശം 86-87 വയസ്സിൽ തുടങ്ങുന്ന?- എന്താണ് അതിനെ വിളിക്കുന്നത്?' എന്ന് അദ്ദേഹം ചോദിച്ചതായാണ് റിപ്പോർട്ട്.
ഇക്കാര്യങ്ങളിൽ പ്രതികരിച്ച ട്രംപിന്റെ മകൻ എറിക് ട്രംപ്, പിതാവ് മരണത്തെക്കുറിച്ച് ചിന്തിക്കാൻ ഇഷ്ടപ്പെടുന്ന ആളല്ലെന്നും, ഇപ്പോഴത്തെ നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അദ്ദേഹത്തിന്റെ സ്വഭാവമെന്നും പറഞ്ഞു. 'എല്ലാവർക്കും ഒരുവിധം അത് മനസ്സിൽ വരും. പക്ഷേ, അച്ഛന് ഇനിയും നിരവധി വർഷങ്ങൾ ബാക്കിയുണ്ടെന്നാണ് ഞാനും വിശ്വസിക്കുന്നത്,' എറിക് പറഞ്ഞു.
ഇതിനിടെ, സാമൂഹികമാധ്യമങ്ങളിൽ 'ആംചെയർ ഡോക്ടർമാർ' എന്നറിയപ്പെടുന്ന ചിലർ ട്രംപിന്റെ ആരോഗ്യത്തെക്കുറിച്ച് ഗുരുതരമായ പ്രവചനങ്ങൾ നടത്തുന്നുണ്ട്. അടുത്തിടെ പുറത്തുവന്ന ചില വിവരങ്ങളുടെയും ശാരീരിക ലക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ അദ്ദേഹത്തിന് മാസങ്ങൾ മാത്രമേ ബാക്കിയുള്ളുവെന്ന തരത്തിലുള്ള അവകാശവാദങ്ങളും പ്രചരിച്ചു.
2025 അവസാനത്തോടെ, ശരീരത്തിലെ ഒരു ഭാഗത്തിന്റെ എംആർഐ സ്‌കാൻ 'പൂർണമായും മികച്ച ആരോഗ്യത്തെ സൂചിപ്പിക്കുന്നുവെന്ന് ്' ട്രംപ് അവകാശപ്പെട്ടെങ്കിലും, പിന്നീട് ഏത് ഭാഗമാണ് സ്‌കാൻ ചെയ്തതെന്ന് അറിയില്ലെന്ന് അദ്ദേഹം തന്നെ സമ്മതിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ഡോക്ടർ അത് എംആർഐ അല്ല, നെഞ്ചിന്റെയും വയറിന്റെയും സി.ടി. സ്‌കാനായിരുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്തു.
കൈകളുടെ പുറകിൽ പതിവായി കാണപ്പെടുന്ന മുറിവുകളും നീലപാടുകളും, തുടർച്ചയായ കൈകുലുക്കലും ഉയർന്ന അളവിലുള്ള ആസ്പിരിൻ ഉപയോഗവുമാണ് കാരണമെന്ന് വൈറ്റ് ഹൗസ് വിശദീകരിച്ചു. കാലിലെ ഞരമ്പുകൾ രക്തം ഹൃദയത്തിലേക്ക് തിരിച്ചയക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥ മൂലം കാൽമുട്ടുകൾ മരവിക്കുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്.
ദിവസേന 325 മില്ലിഗ്രാം ആസ്പിരിൻ കഴിക്കുന്നുവെന്ന് ട്രംപ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിനായി സാധാരണ നിർദേശിക്കുന്ന 81 മില്ലിഗ്രാമിനെക്കാൾ കൂടുതലാണ്. ഡോക്ടർമാർ ഡോസ് കുറയ്ക്കാൻ നിർദേശിച്ചിട്ടും അദ്ദേഹം അത് പിന്തുടർന്നിട്ടില്ല.
കാബിനറ്റ് യോഗങ്ങളിൽ ഉറങ്ങിപ്പോയെന്ന ആരോപണങ്ങൾ ട്രംപ് നിഷേധിച്ചു. 'ഞാൻ കണ്ണടയ്ക്കുന്നത് വിശ്രമിക്കാനാണ്. കണ്ണടയ്ക്കുന്ന നിമിഷം ക്യാമറകൾ പിടിക്കുന്നതാണ് പ്രശ്‌നം,' എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ജൂൺ 14ന് ട്രംപ് 80 വയസ്സ് പൂർത്തിയാക്കും. ആരോഗ്യചർച്ചകൾക്കിടയിലും, ചരിത്രത്തിൽ താൻ ഏത് രൂപത്തിലാണ് നിലനിൽക്കുക എന്ന ചിന്തയാണ് ഇപ്പോൾ അദ്ദേഹത്തെ കൂടുതൽ അലട്ടുന്നതെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്.
'എന്നെ ചരിത്രം എങ്ങനെ ഓർക്കും?': ആരോഗ്യചർച്ചകൾക്കിടെ ട്രംപ് ചിന്തിക്കുന്നത് അനന്തര ജീവിതത്തെക്കുറിച്ചെന്ന് റിപ്പോർട്ട്
