വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രംപ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെ പുറത്താക്കി. പ്രസിഡന്റിന്റെ ലക്ഷ്യങ്ങളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതും ജെഫ്രി എപ്സ്റ്റീന്‍ ഫയലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവര്‍ തെറ്റായി കൈകാര്യം ചെയ്തുവെന്ന പ്രസിഡന്റിന്റെയും ഉപദേശകരുടെയും വീക്ഷണവുമാണ് പുറത്താക്കലിന് കാരണമായത്.
പാം ബോണ്ടി ഒരു വര്‍ഷമായി അറ്റോണി ജനറലായി പ്രവര്‍ത്തിക്കുന്നുണ്ട്. മികച്ച അമേരിക്കന്‍ ദേശസ്‌നേഹിയായ പാം ബോണ്ടി സ്വകാര്യ മേഖലയിലെ വളരെ ആവശ്യമുള്ളതും പ്രധാനപ്പെട്ടതുമായ പുതിയ ജോലിയിലേക്ക് മാറുമെന്ന് പ്രസിഡന്റ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു. അവരുടെ പുതിയ ജോലിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അദ്ദേഹം നല്‍കിയില്ല.
കഴിഞ്ഞ വര്‍ഷം നീതിന്യായ വകുപ്പിന്റെ രണ്ടാം റാങ്കിലേക്ക് ഉയര്‍ത്തിയ ട്രംപിന്റെ മുന്‍ വ്യക്തിഗത അഭിഭാഷകനായ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ച് ആക്ടിംഗ് അറ്റോര്‍ണി ജനറലായി ചുമതലയേല്‍ക്കും. പാം ബോണ്ടി വകുപ്പിനെ ശക്തിയോടെയും ബോധ്യത്തോടെയും നയിച്ചുവെന്നും അവരുടെ നേതൃത്വത്തിനും സൗഹൃദത്തിനും താന്‍ നന്ദിയുള്ളവനാണെന്നും ബ്ലാഞ്ച് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
നീതിന്യായ വകുപ്പില്‍ സങ്കീര്‍ണമായ ഒരു കാലഘട്ടത്തിലായിരുന്നു ബോണ്ടി അധ്യക്ഷയായത്. ചരിത്രപരമായി പ്രസിഡന്റിന്റെ സ്വാധീനത്തില്‍ നിന്ന് സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്ന ഒരു ഏജന്‍സി ട്രംപിന്റെ മുന്‍ഗണനകള്‍ നിറവേറ്റുന്നതിനായി അവര്‍ പ്രവര്‍ത്തിച്ചു. ട്രംപിന്റെ ആദ്യ ടേമില്‍ അറ്റോര്‍ണി ജനറല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച നടപടികള്‍ അവര്‍ സ്വീകരിക്കുകയും അദ്ദേഹത്തിന്റെ ശത്രുക്കളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശ്രമിക്കുകയും 2020ലെ തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ബന്ധപ്പെട്ട തെളിവുകള്‍ തേടുകയും ചെയ്തു.
സമീപ വര്‍ഷങ്ങളില്‍ ട്രംപിനെയും അദ്ദേഹത്തിന്റെ സഖ്യകക്ഷികളെയും അന്വേഷിച്ച നിരവധി പ്രോസിക്യൂട്ടര്‍മാരെയും മറ്റ് ജീവനക്കാരെയും നിര്‍ബന്ധിതമായി പുറത്താക്കുകയും ചെയ്തത് ബോണ്ടിയുടെ മേല്‍നോട്ടത്തിലായിരുന്നു.
എങ്കിലും മാസങ്ങളായി ട്രംപിനെ പാംബോണ്ടിയെ കുറിച്ച് പരാതിയായിരുന്നു. ബോണ്ടി ദുര്‍ബലയും ഫലപ്രദയല്ലെന്നും പറഞ്ഞ ട്രംപ് എതിരാളികളായി താന്‍ കണ്ടവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ കൊണ്ടുവരാന്‍ വളരെ സാവധാനത്തിലാണ് നീങ്ങിയതെന്നും പറഞ്ഞു.
