പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ട്രംപ് പീഡിപ്പിച്ച രേഖകള്‍ മറച്ചുവെച്ചു-ആരോപണവുമായി ഡെമോക്രാറ്റുകള്‍

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ട്രംപ് പീഡിപ്പിച്ച രേഖകള്‍ മറച്ചുവെച്ചു-ആരോപണവുമായി ഡെമോക്രാറ്റുകള്‍


വാഷിംഗ്ടണ്‍: ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിനെതിരെ ഡെമോക്രാറ്റുകള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട രേഖകള്‍ മറച്ചുവെച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് വിവാദത്തിന് കാരണം. ഇതിനെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ഒളിച്ചുകളിയെന്ന് ഡെമോക്രാറ്റുകള്‍ വിശേഷിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ സുതാര്യത നിയമത്തിന്റെ അടിസ്ഥാനത്തില്‍, ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് പേജുകള്‍ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടിരുന്നു. എന്നാല്‍, 2019ല്‍ ട്രംപിനെതിരെ ഒരു യുവതി നല്‍കിയ പീഡനപരാതിയുമായി ബന്ധപ്പെട്ട എഫ്ബിഐ രേഖകളില്‍ 50ലധികം പേജുകള്‍ കാണാനില്ലെന്ന കണ്ടെത്തല്‍ വിവാദമാകുന്നു.

എപ്സ്റ്റീന്റെ പെണ്‍വാണിഭ സംഘത്തെക്കുറിച്ചുള്ള അന്വേഷണ രേഖകളിലെ ഇന്‍ഡക്‌സുകളും സീരിയല്‍ നമ്പറുകളും പരിശോധിച്ചപ്പോള്‍, പരാതിക്കാരിയുമായി എഫ്ബിഐ ഏജന്റുമാര്‍ നാല് തവണ അഭിമുഖം നടത്തിയതും അതിന്റെ സംഗ്രഹങ്ങളും കുറിപ്പുകളും തയ്യാറാക്കിയതുമാണെന്ന് വ്യക്തമായതായി യുഎസ് മാധ്യമം എന്‍പിആര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പൊതു ഡേറ്റാ ബേസില്‍ ലഭ്യമാകുന്നത് ഒരു സംഗ്രഹം മാത്രമാണ്. അത് പ്രധാനമായും എപ്സ്റ്റീനെതിരായ ആരോപണങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ശേഷിക്കുന്ന മൂന്ന് സംഗ്രഹങ്ങളും അനുബന്ധ കുറിപ്പുകളും ഉള്‍പ്പെടെ 50ലധികം പേജുകള്‍ നീതിന്യായ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ട്. സമാനമായ കണ്ടെത്തലുകള്‍ ദി ന്യൂയോര്‍ക്ക് ടൈംസ്, എംഎസ് നൗ എന്നിവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പരാതിക്കാരിയുടെ വാദം പ്രകാരം, തനിക്ക് 13 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ളപ്പോള്‍ എപ്സ്റ്റീന്‍ ട്രംപിന് പരിചയപ്പെടുത്തിയതും പിന്നീട് അദ്ദേഹം ലൈംഗികമായി പീഡിപ്പിച്ചതുമാണ്. അതേസമയം, ഫയലുകള്‍ നീക്കം ചെയ്തിട്ടില്ലെന്നും സ്വകാര്യ വിവരങ്ങള്‍ ഒഴിവാക്കുന്നതിനായി താല്‍ക്കാലികമായി മാറ്റിയ രേഖകള്‍ ഉടന്‍ തന്നെ പുനഃസ്ഥാപിക്കുമെന്നും നീതിന്യായ വകുപ്പ് വ്യക്തമാക്കി.

ഇതിനിടെ, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എപ്സ്റ്റീന്‍ ഫയലുകള്‍ തന്നെ കുറ്റവിമുക്തനാക്കിയെന്നുമാണ് ട്രംപ് പ്രതികരിച്ചത്.