വാഷിംഗ്ടണ്‍: തുര്‍ക്കിക്ക് എഫ്-35 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്നതിനെതിരായ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ എതിര്‍പ്പ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളി. അമേരിക്ക ഏതൊക്കെ രാജ്യങ്ങള്‍ക്ക് എന്ത് പ്രതിരോധ ഉപകരണങ്ങള്‍ വില്‍ക്കണമെന്നത് വിദേശ നേതാക്കള്‍ തീരുമാനിക്കേണ്ട കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ, അമേരിക്കയുടെ പ്രതിരോധ വില്‍പ്പനയില്‍ ഇസ്രായേലിന് അഭിപ്രായം പറയാനുള്ള അവകാശമില്ലെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്.
തുര്‍ക്കിയെ 'മികച്ച സഖ്യകക്ഷി'യെന്ന് വിശേഷിപ്പിച്ച ട്രംപ്, സിറിയ ഉള്‍പ്പെടെയുള്ള പ്രാദേശിക വിഷയങ്ങളില്‍ അങ്കാറ വഹിച്ച പങ്കിനെയും പ്രശംസിച്ചു.
തുര്‍ക്കിയും ഇസ്രായേലും തമ്മില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നുണ്ടെന്ന് സമ്മതിച്ച ട്രംപ്, തുര്‍ക്കി ഇസ്രായേലിന്റെയോ നെതന്യാഹുവിന്റെയോ വലിയ ആരാധകരല്ലെന്നും പറഞ്ഞു. എന്നാല്‍ അമേരിക്കതുര്‍ക്കി ബന്ധം ശക്തമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുര്‍ക്കി അമേരിക്കയുടെ മികച്ച സഖ്യകക്ഷിയാണെന്നും നിരവധി മേഖലകളില്‍ അവര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും ട്രംപ് പറഞ്ഞു.
തുര്‍ക്കിക്ക് അത്യാധുനിക എഫ്-35 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ നല്‍കുന്നത് പശ്ചിമേഷ്യയിലെ ശക്തിസന്തുലിതാവസ്ഥയെ ബാധിക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
സി എന്‍ എന്നിന് നല്‍കിയ അഭിമുഖത്തില്‍, തുര്‍ക്കിയെ വീണ്ടും എഫ്-35 പദ്ധതിയുടെ ഭാഗമാക്കുന്നതിനെ നെതന്യാഹു ശക്തമായി എതിര്‍ത്തിരുന്നു. അത്തരമൊരു തീരുമാനം മേഖലയില്‍ അസ്ഥിരത വര്‍ധിപ്പിക്കുമെന്നും തുര്‍ക്കിക്ക് 'ആക്രമണാത്മകമായ ലക്ഷ്യങ്ങള്‍' ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
റഷ്യയില്‍ നിന്ന് എസ്-400 വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം വാങ്ങിയതിനെ തുടര്‍ന്ന് 2019-ല്‍, ട്രംപിന്റെ ആദ്യ ഭരണകാലത്ത്, തുര്‍ക്കിയെ ബഹുരാഷ്ട്ര എഫ്-35 പദ്ധതിയില്‍ നിന്ന് അമേരിക്ക പുറത്താക്കിയിരുന്നു. ഇതേത്തുടര്‍ന്ന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുകയും അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതിയുടെ സുരക്ഷയെക്കുറിച്ച് നേറ്റോയ്ക്കുള്ളിലും ആശങ്ക ഉയരുകയും ചെയ്തിരുന്നു.
ഇസ്രായേല്‍ ഉയര്‍ത്തുന്ന തന്ത്രപ്രധാന ആശങ്കകള്‍ തുടരുന്നതിനിടയിലും തുര്‍ക്കിയുമായി പ്രതിരോധ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ തുറന്നുവയ്ക്കാന്‍ ട്രംപ് തയ്യാറാണെന്ന സൂചനയാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന നല്‍കുന്നത്.
