ഫെന്റനൈല്‍ ' വിനാശായുധം'; മയക്കുമരുന്ന് യുദ്ധത്തില്‍ ട്രംപിന്റെ കടുത്ത നടപടി

ഫെന്റനൈല്‍ ' വിനാശായുധം'; മയക്കുമരുന്ന് യുദ്ധത്തില്‍ ട്രംപിന്റെ കടുത്ത നടപടി


വാഷിംഗ്ടണ്‍: അനധികൃത ഫെന്റനൈലിനെ 'വിനാശായുധം' (Weapon of Mass Destruction) ആയി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിങ്കളാഴ്ച നിര്‍ണായക എക്‌സിക്യൂട്ടീവ് ഓര്‍ഡറിന് ഒപ്പുവച്ചു. ഫെന്റനൈല്‍ ഒരു ലഹരിമരുന്ന് മാത്രമല്ല, രാസായുധമായി പോലും ഉപയോഗിക്കാവുന്ന ഭീഷണിയാണെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതോടെ ഫെന്റനൈല്‍ ഉത്പാദനവും വിതരണം ചെയ്യുന്ന കാര്‍ട്ടലുകളെയും വിദേശ ശൃംഖലകളെയും നേരിടാന്‍ പ്രതിരോധവകുപ്പിന്റെയും നീതിന്യായ വകുപ്പിന്റെയും എല്ലാ സംവിധാനങ്ങളും വിനിയോഗിക്കാനാകും എന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. സംഘടിത ശക്തികള്‍ ഫെന്റനൈല്‍ 'വ്യാപകവും കേന്ദ്രീകൃതവുമായ ഭീകരാക്രമണങ്ങള്‍ക്ക്' ഉപയോഗിക്കാമെന്ന മുന്നറിയിപ്പും ഉത്തരവിലുണ്ട്.

പുതിയ പ്രഖ്യാപനത്തോടെ ഫെന്റനൈല്‍ കേസുകളില്‍ നിയമനടപടികള്‍ ശക്തമാകുകയും കടുത്ത ശിക്ഷകള്‍ക്ക് വഴി തുറക്കുകയും ചെയ്യും. ക്രിമിനല്‍ നിയമം നടപ്പാക്കുന്നതില്‍ നീതിന്യായ വകുപ്പിനെ സഹായിക്കാന്‍ പെന്റഗണ്‍ ആസ്തികള്‍ വിനിയോഗിക്കാനാകും. തെക്കേ അമേരിക്കന്‍ മയക്കുമരുന്ന് കടത്തുകാരെ ലക്ഷ്യമിട്ട് യുഎസ് നടപടികള്‍ വ്യാപിപ്പിക്കാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്; ഇതിനകം കരീബിയന്‍-കിഴക്കന്‍ പസഫിക് മേഖലകളില്‍ 20ലേറെ ബോട്ട് ആക്രമണങ്ങള്‍ നടന്നതായി ഭരണകൂടം ചൂണ്ടിക്കാട്ടുന്നു. അമേരിക്കയില്‍ എത്തുന്ന ഫെന്റനൈലിന്റെ ഭൂരിഭാഗവും മെക്‌സിക്കോയില്‍ നിര്‍മ്മിച്ച്, ചൈനയും ഇന്ത്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് കടത്തിവരുന്നത്; തുറമുഖങ്ങളിലൂടെ തന്നെ ഇത് കൂടുതലായി രാജ്യത്തിനുള്ളില്‍ എത്തുന്നുവെന്നും അധികൃതര്‍ പറയുന്നു.

'ബോംബുകള്‍ പോലും ഉണ്ടാക്കാത്ത നാശമാണ് ഫെന്റനൈല്‍ സൃഷ്ടിച്ചത്. വര്‍ഷംതോറും രണ്ടുലക്ഷം മുതല്‍ മൂന്നുലക്ഷം വരെ ആളുകള്‍ മരിക്കുന്നു,' എന്ന് ട്രംപ് വൈറ്റ് ഹൗസില്‍ പറഞ്ഞു. 18 മുതല്‍ 45 വയസ്സുവരെയുള്ള അമേരിക്കക്കാരില്‍ മരണകാരണങ്ങളില്‍ ഫെന്റനൈല്‍ മുന്‍നിരയിലാണ്. 2023ല്‍ 1.07 ലക്ഷം പേരാണ് മയക്കുമരുന്ന് അമിത ഉപയോഗം മൂലം മരിച്ചതെന്നും ഇതില്‍ ഏകദേശം 70 ശതമാനവും ഫെന്റനൈല്‍ പോലുള്ള ഓപിയോയിഡുകള്‍ മൂലമാണെന്നും ഡിഇഎ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിയന്ത്രിത മയക്കുമരുന്ന് നിയമം ലംഘിച്ച് നിര്‍മ്മിക്കപ്പെടുന്ന, വിതരണം ചെയ്യപ്പെടുന്ന, കൈവശം വയ്ക്കുന്ന ഫെന്റനൈലിനെയാണ് ഉത്തരവ് 'അനധികൃത ഫെന്റനൈല്‍' എന്ന് നിര്‍വചിക്കുന്നത്; ചികിത്സകള്‍ക്ക് നിയമാനുസൃതമായി ഉപയോഗിക്കുന്ന ഫെന്റനൈലിനെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഫെന്റനൈലിനെ വിനാശായുധമായി വര്‍ഗീകരിക്കണമെന്ന ആവശ്യം മുന്‍പ് കോണ്‍ഗ്രസിലെ ചില അംഗങ്ങളും ഉന്നയിച്ചിരുന്നു.