വാഷിംഗ്ടൺ: നേറ്റോ കൂട്ടാളികളുടെ നിലപാടിനെ വിമർശിക്കുകയും ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനെ പുകഴ്ത്തുകയും ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ട്രംപ് പ്രതികരിച്ചത്.
ഇറാനും യുക്രൈനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അമേരിക്ക ആവശ്യപ്പെട്ടപ്പോൾ നേറ്റോ രാജ്യങ്ങൾ ആവശ്യമായ പിന്തുണ നൽകിയില്ലെന്ന് ട്രംപ് പറഞ്ഞു. 'അവരുടെ തയ്യാറെടുപ്പ് പരിശോധിക്കാനായിരുന്നു ഞങ്ങൾ സഹായം അഭ്യർഥിച്ചത്. യഥാർഥത്തിൽ അത്ര ആവശ്യമില്ലായിരുന്നു,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ചാൾസ് രാജാവിന്റെ പ്രസംഗത്തെ ട്രംപ് പ്രശംസിച്ചു. 'അദ്ദേഹത്തിന്റെ പ്രസംഗം എനിക്ക് ഏറെ ഇഷ്ടമായി. അദ്ദേഹം മികച്ച രാജാവാണ്, രാജ്ഞിയും അതുപോലെ. മികച്ച ദമ്പതികളാണ്,' എന്ന് ട്രംപ് പറഞ്ഞു. ബ്രിട്ടീഷ് പ്രതിനിധി ട്രാൻസ് അറ്റ്‌ലാന്റിക് ബന്ധത്തെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൂട്ടുകെട്ടുകളിലൊന്നായി വിശേഷിപ്പിക്കുകയും ഒറ്റപ്പെട്ട് നിൽക്കുന്നത് ഒഴിവാക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
ഇതിനിടെ, ജർമനിയിൽനിന്ന് അമേരിക്കൻ സൈന്യത്തെ കുറയ്ക്കാനുള്ള സാധ്യതകൾ പരിശോധിക്കുന്നുണ്ടെന്ന് ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യൽ വഴി അറിയിച്ചു. അടുത്തുതന്നെ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഇറാനുമായി നടക്കുന്ന ചർച്ചകളിൽ അമേരിക്ക പിന്നിലാണെന്ന് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഹോർമുസ് കടലിടുക്ക് പ്രശ്‌നം യൂറോപ്പിനെ ബാധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രംപ്-മെർസ് ബന്ധം ' പഴയതുപോലെ തന്നെയാണെന്ന്' മെർസ് വ്യക്തമാക്കിയെങ്കിലും, അമേരിക്കൻ സൈന്യത്തെ പിൻവലിക്കുമെന്ന സൂചന യൂറോപ്യൻ രാജ്യങ്ങളിൽ ആശങ്ക ഉയർത്തുന്നുണ്ട്.
ചാൾസ് രാജാവിനെ പുകഴ്ത്തിയും നേറ്റോയെ വിമർശിച്ചും ട്രംപ്;ജർമനിയിൽനിന്ന് സൈന്യത്തെ പിൻവലിക്കുന്നതും പരിഗണനയിൽ
