മുന്‍ കോണ്‍ഗ്രസ് അംഗം ജോര്‍ജ് സാന്റോസിന്റെ ജയില്‍ ശിക്ഷ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇളവുചെയ്തു

മുന്‍ കോണ്‍ഗ്രസ് അംഗം ജോര്‍ജ് സാന്റോസിന്റെ ജയില്‍ ശിക്ഷ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇളവുചെയ്തു


വാഷിംഗ്ടണ്‍: കള്ളപ്പണം വെളുപ്പിക്കല്‍, പൊതുപണം മോഷ്ടിക്കല്‍, പ്രചാരണ ഫണ്ട് മാറ്റിവിനിയോഗിക്കല്‍ തുടങ്ങി ഗുരുതരമായ 23 കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ നിന്ന് പുറത്താക്കപ്പെടുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്ത റിപ്പബ്ലിക്കന്‍ നേതാവ് ജോര്‍ജ് സാന്റോസിന്റെ ശിക്ഷ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇളവുചെയ്തു.

വെള്ളിയാഴ്ച വൈകിട്ട് ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. സാന്റോസിനെ ഉടന്‍ ജയിലില്‍ നിന്ന് മോചിപ്പിക്കുന്ന ഒരു കമ്മ്യൂട്ടേഷനില്‍ ഒപ്പുവെച്ചതായി ട്രംപ് പറഞ്ഞു. 'ജോര്‍ജ്ജ് വളരെക്കാലമായി ഏകാന്തതടവില്‍ കഴിയുകയാണ്, എത് കണക്കില്‍ പെടുത്തി ആയാലും അദ്ദേഹത്തിനോട് ഭയങ്കരമായി മോശമായാണ് പെരുമാറിയത് ' എന്ന്'  ട്രംപ് എഴുതി.

2024ല്‍, തെറ്റായ പ്രചാരണ-ധനകാര്യ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും താന്‍ സ്വരൂപിച്ച തുക കൃത്രിമമായി വര്‍ദ്ധിപ്പിക്കാനുമുള്ള ഒരു പദ്ധതിയില്‍ താന്‍ പങ്കെടുത്തതായി സാന്റോസ് കുറ്റസമ്മതം നടത്തിയിരുന്നു. ഫെഡറല്‍ കോടതി സാന്റോസിന് ഏഴ് വര്‍ഷത്തിലധികം തടവ് ശിക്ഷ വിധിച്ചിരുന്നു. ജൂലൈയിലാണ് അദ്ദേഹം ശിക്ഷ അനുഭവിക്കാന്‍ തുടങ്ങിയത്.

ട്രംപിന്റെ വിശ്വസ്തനായ സാന്റോസ് 2022 ലെ മിഡ്‌ടേം തെരഞ്ഞെടുപ്പില്‍ സമയത്ത് ന്യൂയോര്‍ക്കിലെ ഒരു ഡെമോക്രാറ്റിക് ജില്ല റിപ്പബ്ലിക്കന്‍ പക്ഷത്തേക്ക് പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ 2023 അവസാനത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ കാലാവധി വെട്ടിക്കുറച്ചു.

ഗയാനയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി മാര്‍ജോറി ടെയ്‌ലര്‍ ഗ്രീന്‍  സാന്റോസിന്റെ ശിക്ഷ ഇളവ് ചെയ്യണമെന്ന ആവശ്യത്തിന് നേതൃത്വം നല്‍കുകയും മോചനം ആവശ്യപ്പെട്ട് നീതിന്യായ വകുപ്പിന്റെ മാപ്പ് അഭിഭാഷകന് (Pardon Attorney)  കത്ത് എഴുതുകയും ചെയ്തു. 'ജോര്‍ജ്ജ് സാന്റോസിനെ വിട്ടയച്ചതിന് പ്രസിഡന്റ് ട്രംപിന് നന്ദി!!' പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് ശേഷം അവര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി.

കള്ളപ്പണം വെളുപ്പിക്കല്‍, പൊതുപണം മോഷ്ടിക്കല്‍, പ്രചാരണ ഫണ്ട് മാറ്റിവിനിയോഗിക്കല്‍ തുടങ്ങി 23 കുറ്റങ്ങള്‍ സാന്റോസിന്റെ പേരിലുണ്ടായിരുന്നു. 2022 നവംബറില്‍ അപ്രതീക്ഷിതമായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ന്യൂയോര്‍ക്ക് ടൈംസ്, വോള്‍സ്ട്രീറ്റ് ജേര്‍ണല്‍ തുടങ്ങിയ പത്രങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് സാന്റോസിനെ കുരുക്കിലാക്കിയത്. താന്‍ ജൂതവംശാനാണെന്നും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലാണ് 'അമ്മ കൊല്ലപ്പെട്ടതെന്നും മുത്തച്ഛനും മുത്തശ്ശിയും നാസി ഭീകരതയ്ക്ക് ഇരയായി ഹോളോകോസ്റ്റില്‍ മരിച്ചു എന്നതും ഉള്‍പ്പെടെ സാന്റോസിന്റെ ജീവചരിത്രത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന പല കാര്യങ്ങളും തെറ്റാണെന്നായിരുന്നു വാര്‍ത്ത. ജീവചരിത്രത്തില്‍ പറയുന്നത് പോലെ ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ പഠിക്കുകയോ ഗോള്‍ഡ്മന്‍ സാക്‌സ് സിറ്റി ഗ്രൂപ്പില്‍ ജോലിയെടുക്കുകയോ ചെയ്തിട്ടില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് പ്രചാരണവേളയില്‍ പറഞ്ഞ പലകാര്യങ്ങളും തെറ്റാണെന്ന് സാന്റോസിന് സമ്മതിക്കേണ്ടിവന്നു.

2023 ഡിസംബറില്‍ സാന്റോസിനെ പുറത്താക്കാന്‍ സഭ വോട്ട് ചെയ്തു. ചേംബറില്‍ നിന്ന് പുറത്താക്കപ്പെടുന്ന ആറാമത്തെ പ്രതിനിധിയായിരുന്നു അദ്ദേഹം. ദ്വികക്ഷി ഹൗസ് എത്തിക്‌സ് കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ തെറ്റ് ചെയ്തതിന് 'മതിയായ തെളിവുകള്‍' കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഈ നീക്കം.
311-114 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പുറത്താക്കാനുള്ള നടപടി സഭ പൂര്‍ത്തിയാക്കിയത്. ഇത്തരത്തില്‍ പുറത്താക്കപ്പെടുന്ന ആറാമത്തെ അംഗമാണ് സാന്റോസ്. 100ലധികം ഹൗസ് റിപ്പബ്ലിക്കന്‍മാരും മിക്കവാറും എല്ലാ ഡെമോക്രാറ്റുകളും ചേര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ ഔപചാരിക പുറത്താക്കലിന് വോട്ട് ചെയ്തത്. ആവശ്യമായ മൂന്നില്‍ രണ്ട് വോട്ടുകളെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ക്കാണ് അദ്ദേഹം പുറത്തായത്.

'സാന്റോസിന്റെ കുറ്റകൃത്യങ്ങളുടെ ഇരകളെ ഇപ്പോഴും പൂര്‍ണ്ണമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും, അക്കാര്യത്തില്‍ അദ്ദേഹം ഒരു പശ്ചാത്താപവും കാണിച്ചിട്ടില്ലെന്നും സാന്റോസിനെതിരായ അന്വേഷണത്തിനിടെ എത്തിക്‌സ് കമ്മിറ്റിയില്‍ സേവനമനുഷ്ഠിച്ച റിപ്പബ്ലിക്കന്‍മാരില്‍ ഒരാളായ പ്രതിനിധി ആന്‍ഡ്രൂ ഗാര്‍ബറിനോ (ന്യൂയോര്‍ക്ക്) പറഞ്ഞു. 'അദ്ദേഹം ജയിലില്‍ കഴിഞ്ഞ മൂന്ന് മാസത്തില്‍ താഴെയുള്ള സമയം നീതിയല്ലെന്നും അദ്ദേഹം ഒരു പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

പൊതുജനങ്ങളില്‍ നിന്ന് വിമര്‍ശനം ഉയരാന്‍ സാധ്യതയുള്ള മാപ്പ് നല്‍കലുകള്‍ക്ക് സാധാരണയായി തങ്ങളുടെ ഭരണ കാലാവധി അവസാനിക്കുന്നതുവരെ കാത്തിരിക്കുന്ന മറ്റ് സമീപകാല പ്രസിഡന്റുമാരേക്കാള്‍ ട്രംപ്  തന്റെ ദയാഹര്‍ജി അധികാരങ്ങള്‍ വളരെ വേഗത്തിലാണ് ഉപയോഗിക്കുന്നത്. ഹണ്ടര്‍ ബൈഡന്റെ മുന്‍ ബിസിനസ് പങ്കാളിയായ ഡെവണ്‍ ആര്‍ച്ചര്‍, ഫെഡറല്‍ കോടതിയില്‍ വഞ്ചനയ്ക്ക് ശിക്ഷിക്കപ്പെട്ട നിക്കോള സ്ഥാപകന്‍ ട്രെവര്‍ മില്‍ട്ടണ്‍; ബാങ്കുകളെ വഞ്ചിക്കാന്‍ ഗൂഢാലോചന നടത്തിയതിന് 2022 ല്‍ ശിക്ഷിക്കപ്പെട്ട മുന്‍ റിയാലിറ്റി ടിവി താരങ്ങളായ ടോഡ്, ജൂലി ക്രിസ്ലി എന്നിവര്‍ക്കും ട്രംപ് മാപ്പ് നല്‍കിയിരുന്നു.