കോടതി വിധിക്കെതിരെ പ്ലാന്‍ ബി യുമായി ട്രംപ്

കോടതി വിധിക്കെതിരെ പ്ലാന്‍ ബി യുമായി ട്രംപ്


വാഷിംഗ്ടണ്‍: ആഗോള താരിഫ് ചുമത്തിയ നടപടിയില്‍ ഡൊണള്‍ഡ് ട്രംപ് അധികാര പരിധി ലംഘിച്ചുവെന്ന സുപ്രിം കോടതി വിധിയിലും കുലുക്കമില്ലാതെ പ്രസിഡന്റ്. തനിക്ക് ബാക്കപ്പ് പ്ലാന്‍ ഉണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി വിധിക്കു പിന്നാലെ ട്രംപ് എത്തിയത്. 

മറ്റു നിയമവഴികള്‍ ഉപയോഗിച്ച് താരിഫുകള്‍ പുനഃസ്ഥാപിക്കാനോ പുതുക്കാനോ സാധ്യതയുണ്ടെന്നാണ് ട്രംപിന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടുന്നത്. 

സെക്ഷന്‍ 232 പ്രകാരം ഇറക്കുമതികള്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് തെളിഞ്ഞാല്‍ താരിഫ് ചുമത്താമെന്നത് ട്രംപ് ഉപയോഗപ്പെടുത്തിയേക്കാം. സ്റ്റീല്‍, അലുമിനിയം മേഖലയില്‍ മുമ്പ് ഈ വകുപ്പ് ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇത് വ്യവസായ- അന്വേഷണങ്ങള്‍ ആവശ്യപ്പെടുന്ന പ്രക്രിയയാണ്. അതിനാല്‍ എല്ലാ രാജ്യങ്ങളിലേക്കും ബാധകമായ വ്യാപക ആഗോള താരിഫുകള്‍ക്ക് ഇത് ഉപയോഗിക്കുക പ്രായോഗികമായി ബുദ്ധിമുട്ട് നേരിട്ടേക്കും. 

സെക്ഷന്‍ 301 പ്രകാരം, മറ്റ് രാജ്യങ്ങള്‍ വിവേചനപരമോ അന്യായമോ ആയ വ്യാപാരനടപടികള്‍ സ്വീകരിക്കുന്നുവെങ്കില്‍ യു എസിന് താരിഫ് ചുമത്താനുള്ള സൗകര്യമുണ്ട്. ചൈനയുമായി നടന്ന മുന്‍ വ്യാപാരയുദ്ധങ്ങളില്‍ ഈ വകുപ്പ് വ്യാപകമായി ഉപയോഗിച്ചിരുന്നു.

എന്നാല്‍ ഇത് പ്രത്യേക രാജ്യങ്ങളെയും പ്രത്യേക വ്യാപാര പ്രശ്‌നങ്ങളെയും ലക്ഷ്യമിടുന്ന നടപടിയാണ്. അതുകൊണ്ടുതന്നെ ആഗോളതലത്തിലുള്ള സമഗ്ര താരിഫുകള്‍ക്ക് ഇത് നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കില്ല. 

ഇറക്കുമതി പെട്ടെന്ന് വര്‍ധിച്ച് ആഭ്യന്തര വ്യവസായങ്ങള്‍ക്ക് ഗുരുതര നാശം സംഭവിച്ചാല്‍ താത്ക്കാലിക സംരക്ഷണ താരിഫുകള്‍ ചുമത്താന്‍ സെക്ഷന്‍ 201 അനുവദിക്കുന്നുണ്ട്. എന്നാല്‍ ഈ താരിഫുകള്‍ കാലപരിധിയുള്ളതും കര്‍ശനമായ 'അപകട നിലവാരം' തെളിയിക്കേണ്ടതുമുണ്ട്. 

സെക്ഷന്‍ 122 പ്രകാരം ഗുരുതരമായ വ്യാപാര ക്ഷാമം  നേരിടുമ്പോള്‍ 15 ശതമാനം വരെ താത്ക്കാലിക സര്‍ചാര്‍ജ് ചുമത്താം.

ഇത് അടിയന്തരാധികാരത്തേക്കാള്‍ പരിമിതവും നിയന്ത്രിതവുമാണ്. അതിനാല്‍ ട്രംപ് മുമ്പ് ഉപയോഗിക്കാന്‍ ശ്രമിച്ച വ്യാപക അധികാരത്തിനേക്കാള്‍ ചുരുങ്ങിയ പരിധിയിലാണ് ഇത് വരുന്നത്. 

ട്രംപിന്റെ ബാക്കപ്പ് പ്ലാന്‍ എന്താണെന്നത് വ്യക്തമല്ലെങ്കിലും ഇനി അദ്ദേഹത്തിന് ലഭ്യമായ മാര്‍ഗങ്ങള്‍ കൂടുതലും പരിമിതമാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.