ഓഹരി വിപണിയിലെ ഇടിവിന് ഡെമോക്രാറ്റുകളെ കുറ്റപ്പെടുത്തി ട്രംപ്; എണ്ണവിലയിലെ ആശങ്ക 'വലിയ തട്ടിപ്പെന്നും' ആരോപണം

ഓഹരി വിപണിയിലെ ഇടിവിന് ഡെമോക്രാറ്റുകളെ കുറ്റപ്പെടുത്തി ട്രംപ്; എണ്ണവിലയിലെ ആശങ്ക 'വലിയ തട്ടിപ്പെന്നും' ആരോപണം


വാഷിങ്ടണ്‍: അമേരിക്കന്‍ ഓഹരി വിപണിയില്‍ ആറു ട്രില്യണ്‍ ഡോളറിലേറെ മൂല്യത്തകര്‍ച്ചയുണ്ടായി എന്ന അവകാശവാദവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിപണിയിലെ ഇടിവിന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിജയവും അവരുടെ സാമ്പത്തിക നയങ്ങളുമാണ് കാരണമെന്ന് ആരോപിച്ച ട്രംപ്, ഡെമോക്രാറ്റുകളെ വളര്‍ച്ചാവിരുദ്ധരെന്നും വിശേഷിപ്പിച്ചു. നവംബര്‍ മൂന്നിന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ നേടിയ വിജയം വിപണിയെ പ്രതികൂലമായി ബാധിച്ചെന്നും നയങ്ങളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.

ഡെമോക്രാറ്റുകളുടെ വിജയത്തിനുശേഷം വിപണിക്ക് ആറു ട്രില്യണ്‍ ഡോളറിലേറെ മൂല്യം നഷ്ടമായെന്നും നാസ്ഡാക് സൂചികയില്‍ മാത്രം 20 ശതമാനം ഇടിവുണ്ടായെന്നും ട്രംപ് അവകാശപ്പെട്ടു. ഡെമോക്രാറ്റുകളുടെ വളര്‍ച്ചാവിരുദ്ധവും പ്രതികാരരാഷ്ട്രീയത്തിലൂന്നിയതുമായ നയങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പും ഫലവും അസാധാരണമായിരുന്നുവെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

ഒക്ടോബര്‍ ആദ്യം സര്‍വകാല റെക്കോര്‍ഡിലെത്തിയ നാസ്ഡാക് സൂചിക ഇപ്പോള്‍ വര്‍ഷാരംഭത്തിലെ നിലവാരത്തേക്കാള്‍ താഴെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിപണിയിലെ ഇടിവിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് വാള്‍സ്ട്രീറ്റിലെ സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഫെഡറല്‍ റിസര്‍വിന്റെ കര്‍ശനമായ പണനയവും ഡെമോക്രാറ്റുകളുടെ തിരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്നുണ്ടായ നിക്ഷേപകരുടെ ആശങ്കയും വിപണിയെ ബാധിച്ചിരിക്കാമെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വിലയിരുത്തി. അതേസമയം, നിലവിലെ ഇടിവ് സമ്പൂര്‍ണ തകര്‍ച്ചയല്ലെന്നും താല്‍ക്കാലിക തിരുത്തലാകാമെന്നും ചില വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സ്ഥിതി ഗുരുതരമായാല്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങാനുള്ള സാധ്യതയും അവര്‍ തള്ളിക്കളയുന്നില്ല.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ അതിവേഗ വളര്‍ച്ച സാമ്പത്തിക കുമിളയ്ക്ക് (Economic bubble) വഴിയൊരുക്കിയിട്ടുണ്ടെന്നും അത് പൊട്ടിത്തെറിച്ചാല്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുമെന്നും മുന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ ചെയര്‍മാന്‍ ഗാരി ജെന്‍സ്‌ലര്‍ സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2028ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇത്തരമൊരു പ്രതിസന്ധി ഉണ്ടായേക്കാമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

ഇടക്കാല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ രണ്ടു പ്രവചനങ്ങളും ശരിയായെന്നാണ് ട്രംപിന്റെ മറ്റൊരു അവകാശവാദം. ഡെമോക്രാറ്റുകള്‍ വിജയിച്ചാല്‍ ഓഹരി വിപണിയില്‍ വലിയ ഇടിവുണ്ടാകുമെന്നും ഇറാന്‍ കൂടുതല്‍ ആക്രമണോത്സുക നിലപാട് സ്വീകരിക്കുമെന്നുമാണ് താന്‍ നേരത്തെ പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാന്‍ പ്രതിഷേധക്കാരില്‍ 81,000 പേരെ കൊലപ്പെടുത്തിയെന്ന ആരോപണവും ട്രംപ് ഉന്നയിച്ചു. ഡെമോക്രാറ്റുകളെ ദുര്‍ബലരും കഴിവുകെട്ടവരും രാജ്യത്തെ നശിപ്പിക്കുന്നവരുമായി ഇറാന്‍ കാണുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

എണ്ണവിലയിലെ ഇടിവിനെക്കുറിച്ചും ട്രംപ് പ്രതികരിച്ചു. ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം എണ്ണവില കുത്തനെ കുറഞ്ഞത് താന്‍ നേരത്തെ പ്രവചിച്ചതാണെന്നും എണ്ണവില ഉയര്‍ന്നുനില്‍ക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ വലിയ തട്ടിപ്പാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. എണ്ണവില ഉയര്‍ത്തിനിര്‍ത്താന്‍ ഇറാനും ഡെമോക്രാറ്റുകളും ബോധപൂര്‍വം ശ്രമിക്കുകയാണെന്ന ആരോപണവും ട്രംപ് ഉന്നയിച്ചു. എന്നാല്‍ ഓഹരി വിപണിയിലെ ഇടിവിനും എണ്ണവിലയിലെ മാറ്റങ്ങള്‍ക്കും പിന്നില്‍ ഒറ്റ കാരണമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ സ്ഥിരീകരിച്ചിട്ടില്ല.