വാഷിങ്ടൺ: എഴുത്തുകാരി ഇ. ജീൻ കാരളിനെ അപകീർത്തിപ്പെടുത്തിയ കേസിൽ 83 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന ഫെഡറൽ ജൂറിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യു.എസ്. സുപ്രീം കോടതിയെ സമീപിച്ചു. പ്രസിഡന്റ് പദവിയിലിരിക്കെ നടത്തിയ ഔദ്യോഗിക പ്രസ്താവനകൾക്ക് പ്രസിഡൻഷ്യൽ ഇമ്മ്യൂണിറ്റി (നിയമപരിരക്ഷ) ബാധകമാണെന്നാണ് ട്രംപിന്റെ പ്രധാന വാദം.
പ്രസിഡന്റായിരിക്കെ നടത്തിയ പ്രസ്താവനകളുടെ പേരിൽ തനിക്കെതിരെ നിയമനടപടി സ്വീകരിക്കാനാവില്ലെന്ന് ഹർജിയിൽ ട്രംപ് ചൂണ്ടിക്കാട്ടി. ഈ വാദം പരിഗണിക്കാതെ ഫെഡറൽ അപ്പീൽ കോടതി നടപടിക്രമങ്ങൾ ചൂണ്ടിക്കാട്ടി വിഷയം ഒഴിവാക്കിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
2024ൽ യു.എസ്. സുപ്രീം കോടതി പുറപ്പെടുവിച്ച പ്രസിഡൻഷ്യൽ ഇമ്മ്യൂണിറ്റി സംബന്ധിച്ച വിധിയെയാണ് ട്രംപ് ഇപ്പോൾ അടിസ്ഥാനമാക്കുന്നത്. ഔദ്യോഗിക ചുമതലയുടെ ഭാഗമായി നടത്തിയ നടപടികൾക്ക് പ്രസിഡന്റിന് വ്യാപകമായ നിയമപരിരക്ഷ നൽകുന്ന ആ വിധി ഈ കേസിലും ബാധകമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇ. ജീൻ കാരളിന്റെ ആരോപണങ്ങൾക്ക് നൽകിയ മറുപടികൾ പ്രസിഡന്റെന്ന നിലയിലെ ഔദ്യോഗിക പ്രതികരണങ്ങളായിരുന്നുവെന്നും അതിനാൽ നിയമപരിരക്ഷ ലഭിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
അതേസമയം, ഈ വാദം കേസിന്റെ തുടക്കത്തിൽ ഉന്നയിക്കാതെ വർഷങ്ങൾക്കുശേഷമാണ് ട്രംപ് മുന്നോട്ടുവന്നതെന്ന് രണ്ടാം സർക്ക്യൂട്ട് അപ്പീൽ കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. വിചാരണ കഴിഞ്ഞ് വിധി വന്നതിന് 15 മാസങ്ങൾക്കുശേഷം അമേരിക്കൻ സർക്കാരിനെ പ്രതിഭാഗമാക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
1990കളിൽ ന്യൂയോർക്കിലെ ഒരു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമിൽ ട്രംപ് ലൈംഗികമായി ആക്രമിച്ചെന്ന ഇ. ജീൻ കാരളിന്റെ ആരോപണം 2023ൽ ജൂറി ശരിവെച്ചിരുന്നു. തുടർന്ന് 2022ൽ സമൂഹമാധ്യമത്തിലൂടെ ആരോപണത്തെ 'വ്യാജവും നുണയും' എന്ന് വിശേഷിപ്പിച്ച് കാരളിനെ അപകീർത്തിപ്പെടുത്തിയതിനും ട്രംപിനെ ഉത്തരവാദിയാക്കി അഞ്ച് മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടിരുന്നു.
ഇതിന് പുറമെ, 2019ൽ കാരളിന്റെ ലൈംഗികാതിക്രമ ആരോപണം നിഷേധിച്ച് നടത്തിയ പ്രസ്താവനകൾ അപകീർത്തികരമാണെന്ന് കണ്ടെത്തിയ മറ്റൊരു കേസിലാണ് 2024ൽ 83 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ട്രംപിനോട് കോടതി നിർദേശിച്ചത്.
അഞ്ച് മില്യൺ ഡോളർ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ട്രംപിന്റെ അപ്പീൽ കഴിഞ്ഞ മാസം യു.എസ്. സുപ്രീം കോടതി ഏകകണ്ഠമായി തള്ളിയിരുന്നു. ആ തുകയും പലിശയും ഉൾപ്പെടെ കാരളിന് കൈമാറിയതായി അവരുടെ അഭിഭാഷകർ അറിയിച്ചു. പുതിയ ഹർജിയെക്കുറിച്ച് ഇ. ജീൻ കാരളിന്റെ അഭിഭാഷകർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇ. ജീൻ കാരൾ കേസിൽ 83 മില്യൺ ഡോളർ നഷ്ടപരിഹാര വിധി റദ്ദാക്കണമെന്ന് ട്രംപ്; സുപ്രീം കോടതിയെ സമീപിച്ചു
