ഹോര്‍മുസിലെ ഗതാഗതം തടസ്സമില്ലാതെ തുടരേണ്ടത് അത്യാവശ്യമെന്ന് ട്രംപും മോഡിയും

ഹോര്‍മുസിലെ ഗതാഗതം തടസ്സമില്ലാതെ തുടരേണ്ടത് അത്യാവശ്യമെന്ന് ട്രംപും മോഡിയും


ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും  ടെലിഫോണ്‍ സംഭാഷണം നടത്തി. ഹോര്‍മുസ് കടലിടുക്കിലൂടെ നടക്കുന്ന ഗതാഗതം തടസമില്ലാതെ തുടരേണ്ടത് അത്യാവശ്യമാണെന്ന് ഇരുവരും ചര്‍ച്ചയില്‍ ഊന്നിപ്പറഞ്ഞതായി ഇന്ത്യയിലെ യു എസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ അറിയിച്ചു.

ഇറാന്റെ ഊര്‍ജ മേഖല ലക്ഷ്യമിട്ട് ആസൂത്രണം ചെയ്തിരുന്ന അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് താത്ക്കാലികമായി അഞ്ച് ദിവസത്തെ ഇടവേള പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സംഭാഷണം. ടെഹ്റാനുമായി അടുത്തിടെ നടന്ന ഇടപെടലുകള്‍ ഫലപ്രദമായിരുന്നു എന്ന് ട്രംപ് വിശേഷിപ്പിക്കുകയും സംഘര്‍ഷം കുറയ്ക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ പുരോഗമിക്കുന്നുവെന്ന സൂചന നല്‍കുകയും ചെയ്തു.

പ്രസിഡന്റ് ട്രംപുമായി ഫോണില്‍ സംസാരിച്ച് പശ്ചിമേഷ്യയിലെ സാഹചര്യത്തെക്കുറിച്ച് ആശയവിനിമയം നടത്തിയതായി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രധാനമന്ത്രി മോഡി പറഞ്ഞു. സംഘര്‍ഷം കുറയുകയും സമാധാനം പുനഃസ്ഥാപിക്കപ്പെടുകയും വേണമെന്ന കാര്യത്തെ ഇന്ത്യ പിന്തുണക്കുന്നതായും ഹോര്‍മുസ് കടലിടുക്ക് തുറന്നതും സുരക്ഷിതവുമായ നിലയില്‍ തുടരുന്നത് ലോകത്തിന് അത്യാവശ്യമാണെന്നും സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങളില്‍ തുടര്‍ച്ചയായി ബന്ധത്തില്‍ തുടരാന്‍ ധാരണയായതായും മോഡി കുറിച്ചു.

ഇതിന് മുമ്പ് ചൊവ്വാഴ്ച രാജ്യസഭയില്‍ സംസാരിച്ച മോഡി പശ്ചിമേഷ്യയിലെ സംഘര്‍ഷം ഊര്‍ജ ലഭ്യത, വിലക്കയറ്റം, വ്യാപാരം എന്നിവയില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ ഇടയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. സാധ്യതയുള്ള തടസ്സങ്ങള്‍ നേരിടാന്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.

സംസ്ഥാന സര്‍ക്കാരുകള്‍ കോവിഡ് കാലത്തെ പോലെ ഏകോപിതമായി പ്രവര്‍ത്തിക്കണമെന്നും കുടിയേറ്റ തൊഴിലാളികള്‍ പോലുള്ള ദുര്‍ബല വിഭാഗങ്ങളെ സംരക്ഷിക്കണമെന്നും, കള്ളക്കടത്തും കൃത്രിമ വിലവര്‍ധനയും തടയണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ലോക്‌സഭയില്‍ ഒരു ദിവസം മുന്‍പ് സംസാരിക്കുമ്പോള്‍ പശ്ചിമേഷ്യയില്‍ നിന്നുള്ള ഊര്‍ജ ഇറക്കുമതികളെ ഇന്ത്യ ആശ്രയിക്കുന്നതിനെ ചൂണ്ടിക്കാട്ടി സ്ഥിതി ആശങ്കാജനകമാണെന്ന് മോഡി പറഞ്ഞിരുന്നു. പെട്രോള്‍, ഡീസല്‍, എല്‍ പി ജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ വിവിധ ഉറവിടങ്ങളില്‍ നിന്ന് ഇറക്കുമതി വൈവിധ്യമാക്കുന്ന നടപടികള്‍ തുടരുകയാണെന്നും അദ്ദേഹം ഉറപ്പുനല്‍കി. കൂടാതെ, ദീര്‍ഘകാല അസ്ഥിരത സാധ്യതയുണ്ടെങ്കിലും സംഭാഷണവും നയതന്ത്രവുമാണ് പ്രശ്‌നപരിഹാരത്തിന്  മാര്‍ഗമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.