വാഷിംഗ്ടണ്‍: ഇറാന്റെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിക്കാനിരിക്കെ ഇറാന്‍ 'പൂര്‍ണമായും തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന്' യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.
ഇറാനെ യുദ്ധത്തില്‍ കീഴടങ്ങാന്‍ നിര്‍ബന്ധിതമാക്കുകയെന്ന ലക്ഷ്യത്തോടെ യു എസ് ട്രഷറി പുതിയ ഉപരോധങ്ങളുടെ ഒരു പാക്കേജ് പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ട്രംപ് ട്രൂത്ത് സോഷ്യലിലെ ഹ്രസ്വ പോസ്റ്റിലൂടെ പ്രതികരിച്ചത്. 'ഇറാന്‍ പൂര്‍ണമായും തകര്‍ന്നുകൊണ്ടിരിക്കുന്നു!' എന്നാണ് ട്രംപ് കുറിച്ചത്.
സൈനിക ആക്രമണങ്ങളില്‍ നിന്നും ഭീഷണികളില്‍ നിന്നും ഉപരോധം കേന്ദ്രീകരിച്ചുള്ള സാമ്പത്തിക യുദ്ധത്തിലേക്കുള്ള മാറ്റമാണ് പുതിയ യു എസ് തന്ത്രമെന്നും ഇറാനെതിരെ ഇത് 'സാമ്പത്തിക ഡി-ഡേ' ആയിരിക്കുമെന്നും ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പുതിയ ഉപരോധ ഭീഷണിയെ ഇറാന്‍ കാര്യമായി പരിഗണിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പതിറ്റാണ്ടുകളായി തുടരുന്ന സാമ്പത്തിക ഉപരോധങ്ങളെ രാജ്യം അതിജീവിച്ചിട്ടുണ്ടെന്നും ഇറാന്‍ അവകാശപ്പെട്ടു.
പുതിയ ഉപരോധങ്ങള്‍ക്കെതിരെ ഇറാന്റെ പ്രതികരണം രൂക്ഷമായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായിയും മുന്നറിയിപ്പ് നല്‍കി. വാഷിംഗ്ടണുമായി സഹകരിക്കുന്നതായി ഇറാന്‍ കരുതുന്ന രാജ്യങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകാമെന്ന് അദ്ദേഹം വ്യക്തമാക്കി.
'നിലവിലെ സാഹചര്യം കൂടുതല്‍ രൂക്ഷമാക്കുന്ന ഏതൊരു നടപടിക്കും തീര്‍ച്ചയായും പ്രത്യാഘാതങ്ങളുണ്ടാകും. ഞങ്ങളുടെ കൈകള്‍ ബന്ധിക്കപ്പെട്ടിട്ടില്ല,' ബഗായി പറഞ്ഞു.
യു എസ് പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ക്ക് വലിയ സ്വാധീനം ഉണ്ടാകുമെന്ന വാദവും ബഗായി തള്ളി. ഇറാനില്‍ സമ്മര്‍ദം ചെലുത്തുന്നതിനായി യു എസ് മുമ്പ് നടത്തിയ സമാന ശ്രമങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇറാനിയന്‍ ജനത എത്രത്തോളം ദൃഢനിശ്ചയവും ഉറച്ച നിലപാടുമുള്ളവരാണെന്ന് അവര്‍ തെളിയിക്കും,' ബഗായി കൂട്ടിച്ചേര്‍ത്തു.
ട്രംപ് ഭരണകൂടം പുതിയ നടപടികള്‍ സ്വീകരിക്കുന്നത് യുദ്ധത്തില്‍ നടത്തിയ ആക്രമണങ്ങളെക്കുറിച്ചുള്ള തെറ്റായ കണക്കുകൂട്ടലിന്റെ ഭാഗമാണെന്നും സൈനിക ആക്രമണത്തിലൂടെ ഇറാനികളെ മുട്ടുകുത്തിക്കാമെന്ന് ഭരണകൂടം കരുതിയെന്നും ബഗായി ആരോപിച്ചു.
അതേസമയം, യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പുതിയ ഉപരോധങ്ങളെ എതിരാളിക്കെതിരെ ഇതുവരെ ആവിഷ്‌കരിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ സാമ്പത്തിക ആക്രമണമെന്നാണ് വിശേഷിപ്പിച്ചത്.
