ഡെമോക്രാറ്റുകളും മാധ്യമങ്ങളും വഴിതെറ്റിയെന്ന് വീണ്ടും ട്രംപ്

ഡെമോക്രാറ്റുകളും മാധ്യമങ്ങളും വഴിതെറ്റിയെന്ന് വീണ്ടും ട്രംപ്


വാഷിങ്ടണ്‍: അമേരിക്കന്‍ മാധ്യമങ്ങളെയും രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ട് രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്ക പൂര്‍ണ സൈനിക വിജയം നേടിയാലും അതിനെ വളച്ചൊടിച്ച് അവതരിപ്പിക്കുമെന്നാണ് ട്രംപിന്റെ ആരോപണം.

സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. അമേരിക്ക ഇറാനെ പൂര്‍ണമായും നിബന്ധനകളില്ലാതെയും പരാജയപ്പെടുത്തിയാലും മുഖ്യധാരാ മാധ്യമങ്ങള്‍ അതിനെ അമേരിക്കയുടെ തോല്‍വിയായി ചിത്രീകരിക്കുമെന്ന് ട്രംപ് പറഞ്ഞു.

അമേരിക്കയ്ക്ക് മേല്‍ ഇറാന്‍ അതുല്യവും അതിവിശിഷ്ടവുമായ വിജയം നേടി എന്ന തലക്കെട്ടുകളാകും അവര്‍ നല്‍കുക എന്നാണ് ട്രംപ് ആരോപിച്ചത്.

ഇതോടൊപ്പം പ്രമുഖ അമേരിക്കന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരായ തന്റെ പഴയ വിമര്‍ശനവും ട്രംപ് ആവര്‍ത്തിച്ചു. ദി ന്യൂയോര്‍ക്ക് ടൈംസിനെ ദി ഫെയിലിംഗ് ന്യൂയോര്‍ക്ക് ടൈംസ് എന്നും ദി വാള്‍ സ്ട്രീറ്റ് ജേണലിനെ ദി ചൈന സ്ട്രീറ്റ് ജേര്‍ണല്‍ എന്നും അദ്ദേഹം വിശേഷിപ്പിച്ചു. സി എന്‍ എന്നിനെ അഴിമതിയിലും പ്രസക്തിയില്ലാത്തതുമായ സി എന്‍ എന്‍ എന്നും ട്രംപ് വിമര്‍ശിച്ചു.

ഈ മാധ്യമങ്ങളെയെല്ലാം ഫേക്ക് ന്യൂസ് മീഡിയ എന്ന പേരിലാണ് ട്രംപ് വിശേഷിപ്പിച്ചത്.

തുടര്‍ന്ന് ആഭ്യന്തര രാഷ്ട്രീയ എതിരാളികളായ ഡെമോക്രാറ്റുകളെയും ട്രംപ് കടന്നാക്രമിച്ചു. ഡെമാക്രാറ്റുകളും മാധ്യമങ്ങളും പൂര്‍ണമായും വഴിതെറ്റിയിരിക്കുകയാണ് എന്നാണ് അദ്ദേഹം കുറിച്ചത്.

തന്റെ വിമര്‍ശകര്‍ പൂര്‍ണമായും ഭ്രാന്തിലായിരിക്കുകയാണ് എന്ന പരാമര്‍ശത്തോടെയാണ് ട്രംപ് പോസ്റ്റ് അവസാനിപ്പിച്ചത്.