അമേരിക്കയുടെ 250ാം സ്വാതന്ത്ര്യ വാർഷികം: 250 അടി ഉയരത്തിലുള്ള 'ട്രയംഫൽ ആർച്ച്' രൂപകൽപ്പന പുറത്തുവിട്ട് ട്രംപ് ഭരണകൂടം

അമേരിക്കയുടെ 250ാം സ്വാതന്ത്ര്യ വാർഷികം: 250 അടി ഉയരത്തിലുള്ള 'ട്രയംഫൽ ആർച്ച്' രൂപകൽപ്പന പുറത്തുവിട്ട് ട്രംപ് ഭരണകൂടം


വാഷിംഗ്ടൺ: ഡോണൾഡ് ട്രംപ് നേതൃത്വം നൽകുന്ന അമേരിക്കൻ ഭരണകൂടം രാജ്യത്തിന്റെ 250ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന 250 അടി ഉയരമുള്ള 'ട്രയംഫൽ ആർച്ച്' (ഇൻഡിപെൻഡൻസ് ആർച്ച്) സ്മാരകത്തിന്റെ ഔദ്യോഗിക രൂപരേഖ പുറത്തുവിട്ടു.

വാഷിംഗ്ടൺ ഡി.സി.യിലെ ആർലിങ്ടൺ മെമ്മോറിയൽ ബ്രിഡ്ജിന്റെ അവസാന ഭാഗമായ മെമ്മോറിയൽ സർകിളിലാണ് സ്മാരകം നിർമ്മിക്കാൻ പദ്ധതി. ലിങ്കൺ മെമോറിയലിനു നേരെ പോട്ടോമാക് നദിയുടെ മറുകരയിലാണ് ഇത് ഉയരുക.

ശില്പസൗന്ദര്യവും രൂപകൽപ്പനയും

നീയോക്ലാസിക്കൽ ശൈലിയിൽ രൂപകൽപ്പന ചെയ്ത സ്മാരകത്തിന്റെ മുകളിൽ 60 അടി നീളമുള്ള സ്വർണാഭരണങ്ങളാൽ അലങ്കരിച്ച 'ലേഡി ലിബർട്ടി' പ്രതിമ സ്ഥാപിക്കും. ഇതിന് ഇരുവശത്തും സ്വർണ കഴുകൻ ശില്പങ്ങളും അടിത്തട്ടിൽ നാല് സിംഹപ്രതിമകളും ഉണ്ടായിരിക്കും.

One Nation Under God', 'Libetry and Justice for All' എന്നീ വാക്യങ്ങൾ സ്വർണലിപികളിലാണ് സ്മാരകത്തിൽ രേഖപ്പെടുത്തുന്നത്.

250 അടി ഉയരമുള്ള ഈ ആർച്ച്, 100 അടി ഉയരമുള്ള ലിങ്കൺ മെമ്മോറിയലിനേക്കാൾ ഇരട്ടിയിലധികം ഉയരമുള്ളതായിരിക്കും. ഫ്രാൻസിലെ പ്രശസ്തമായ  ആർക് ഡി ട്രയംഫിനോട് സാമ്യമുള്ള രൂപമാണിതിന്.

രൂപകൽപ്പനയും നിർമാണവും

ഹാരിസൺ ഡിസൈൻസ് എന്ന സ്ഥാപനമാണ് രൂപകൽപ്പന തയ്യാറാക്കിയിരിക്കുന്നത്. ആർക്കിടെക്ട് നിക്കോളാസ് ലിയോ ഷാർബോണോയാണ് പദ്ധതിയിൽ പ്രധാന പങ്കുവഹിക്കുന്നത്. അമേരിക്കൻ ആഭ്യന്തര വകുപ്പിനും ഫൈൻ ആർട്‌സ് കമ്മീഷനുമാണ് പദ്ധതി സമർപ്പിച്ചിരിക്കുന്നത്.

ധനസഹായവും വിവാദങ്ങളും

തുടക്കത്തിൽ സ്വകാര്യ ധനസഹായത്തിലൂടെയാണ് പദ്ധതി നടപ്പാക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നെങ്കിലും, ഇപ്പോൾ കുറഞ്ഞത് 15 മില്യൺ ഡോളർ സർക്കാർ ഫണ്ടിൽ നിന്ന് അനുവദിച്ചതായി ബജറ്റ് രേഖകൾ വ്യക്തമാക്കുന്നു.

അതേസമയം, വിയറ്റ്‌നാം യുദ്ധസേനാനികളുടെ ഒരു സംഘം കോടതിയെ സമീപിച്ച് പദ്ധതി തടയണമെന്ന് ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ അനുമതി ഇല്ലാതെയും, ലിങ്കൺ മെമ്മോറിയലും ആർലിംഗ്ടൺ ദേശീയ ശ്മശാനവും തമ്മിലുള്ള കാഴ്ച തടസ്സപ്പെടുമെന്നുമാണ് അവരുടെ ആരോപണം.