വാഷിംഗ്ടണ്‍: കുടിയേറ്റക്കാരെ ബോണ്ട് ഹിയറിങ് അനുവദിക്കാതെ നിര്‍ബന്ധിതമായി തടവില്‍വയ്ക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നയം പരിശോധിക്കാന്‍ യു എസ് സുപ്രിം കോടതി തീരുമാനിച്ചു. രാജ്യവ്യാപകമായി കുടിയേറ്റക്കാര്‍ക്കെതിരായ നടപടികള്‍ ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് സുപ്രിം കോടതി കേസ് പരിഗണിക്കുന്നത്.
അമേരിക്കയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന കുടിയേറ്റക്കാര്‍ക്ക്, നാടുകടത്തല്‍ നടപടിയെ നിയമപരമായി ചോദ്യം ചെയ്യുന്ന കാലയളവില്‍ തങ്ങള്‍ തടവില്‍ തുടരണമോ എന്നത് തീരുമാനിക്കാന്‍ കോടതിയില്‍ ഹിയറിങ് ആവശ്യപ്പെടാനുള്ള അവകാശമുണ്ടോയെന്നാണ് സുപ്രിം കോടതി പരിശോധിക്കുക.
ട്രംപ് ഭരണകൂടത്തിന്റെ കര്‍ശന കുടിയേറ്റ നയത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ് കേസിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്.
കേസില്‍ ഇടപെട്ടിട്ടുള്ള ഭൂരിഭാഗം അപ്പീല്‍ കോടതികളും അമേരിക്കയില്‍ അനധികൃതമായി താമസിക്കുന്നവരുള്‍പ്പെടെയുള്ള കുടിയേറ്റക്കാരെ ബോണ്ട് ഹിയറിങ് കൂടാതെ തടവില്‍വയ്ക്കുന്നത് ഫെഡറല്‍ നിയമത്തിന് വിരുദ്ധമാണെന്ന് വിധിച്ചിട്ടുണ്ട്. എന്നാല്‍ അഞ്ചാം, എട്ടാം സര്‍ക്യൂട്ട് അപ്പീല്‍ കോടതികള്‍ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുകയും തുടരുകയും ചെയ്തതായി ആരോപിക്കപ്പെടുന്ന കുടിയേറ്റക്കാരെ നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ നിര്‍ബന്ധമായും തടവില്‍വയ്ക്കാമെന്നാണ് ഈ കോടതികളുടെ നിലപാട്.
ബ്രസീല്‍ പൗരനായ റിക്കാര്‍ഡോ അപരേസിഡോ ബാര്‍ബോസ ഡാ കുന്‍ഹയുടെ കേസാണ് സുപ്രിം കോടതി പരിഗണിക്കുന്നത്. രണ്ട് പതിറ്റാണ്ട് മുമ്പ് അനധികൃതമായി അമേരിക്കയില്‍ പ്രവേശിച്ച അദ്ദേഹം 2016ല്‍ അഭയം തേടിയതായി അധികൃതര്‍ പറയുന്നു.
2025 സെപ്റ്റംബറില്‍ അറസ്റ്റിലായതിന് പിന്നാലെ, തന്റെ തടങ്കല്‍ നിര്‍ബന്ധമാണെന്ന് ഇമിഗ്രേഷന്‍ ജഡ്ജി വിധിച്ചതിനെ തുടര്‍ന്ന് കുന്‍ഹ ബോണ്ട് ഹിയറിങ് ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിനെതിരെ ഇതുവരെ ഒരു കുറ്റം ചുമത്തുകയോ കുറ്റക്കാരനായി വിധിക്കുകയോ ചെയ്തിട്ടില്ലെന്ന് അഭിഭാഷകര്‍ പറഞ്ഞു.
കേസ് വരും മാസങ്ങളില്‍ സുപ്രിം കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, പുതിയ നയത്തിന്റെ ഭരണഘടനാപരമായ വ്യാപ്തിയുമായി ബന്ധപ്പെട്ട മറ്റൊരു കേസും പരിഗണിക്കണമെന്ന് ട്രംപ് ഭരണകൂടം സുപ്രിം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
വ്യത്യസ്ത ഫെഡറല്‍ സര്‍ക്യൂട്ട് കോടതികളുടെ വിധികള്‍ തമ്മിലുള്ള ഭിന്നത കുടിയേറ്റ നിയമത്തിന്റെ ക്രമബദ്ധമായ നടത്തിപ്പിനെ തടസ്സപ്പെടുത്തുന്നു എന്നാണ് റിപ്പബ്ലിക്കന്‍ ഭരണകൂടത്തിന്റെ അഭിഭാഷകരുടെ വാദം.
കുടിയേറ്റക്കാര്‍ സര്‍ക്കാരിന്റെ നിയമവ്യാഖ്യാനത്തെ ചോദ്യം ചെയ്ത് ആയിരക്കണക്കിന് ഹര്‍ജികള്‍ സമര്‍പ്പിച്ചതോടെ രാജ്യത്തെ കോടതികള്‍ക്ക് വലിയ ഭാരമുണ്ടായതായും ഭരണകൂടം ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയില്‍ പ്രവേശനാനുമതിയില്ലാതെ കഴിയുന്ന വിദേശികളെ ചില സര്‍ക്യൂട്ടുകളില്‍ നിര്‍ബന്ധിതമായി തടവിലാക്കുമ്പോള്‍ മറ്റു സര്‍ക്യൂട്ടുകളില്‍ അവര്‍ക്ക് ബോണ്ട് ഹിയറിങ് ലഭിക്കുകയും പലപ്പോഴും വിട്ടയയ്ക്കപ്പെടുകയും ചെയ്യുന്ന പരസ്പരവിരുദ്ധമായ കുടിയേറ്റ നിയമനടപടി സംവിധാനമാണ് ഇതിലൂടെ രൂപപ്പെട്ടിരിക്കുന്നതെന്ന് ഭരണകൂടത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ വ്യക്തമാക്കി.
അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ പ്രതിനിധീകരിക്കുന്ന കുടിയേറ്റക്കാരാണ് കേസിലെ ഹര്‍ജിക്കാര്‍. ട്രംപ് ഭരണകൂടം നിയമത്തിലെ വ്യവസ്ഥകള്‍ക്ക് നല്‍കിയ പുതിയ വ്യാഖ്യാനം ഭൂരിഭാഗം അപ്പീല്‍ കോടതികളും തള്ളിയിട്ടുണ്ടെന്നും നൂറുകണക്കിന് ജില്ലാ കോടതി ജഡ്ജിമാരും ഇതേ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ വ്യക്തമാക്കി.
അമേരിക്കയുടെ അതിര്‍ത്തിയില്‍ പിടിയിലാകുന്നവരില്‍ മാത്രം നിയന്ത്രണം പരിമിതപ്പെടുത്താതെ രാജ്യത്തിന്റെ ഏതുഭാഗത്തുനിന്നും പിടിയിലാകുന്ന കുടിയേറ്റക്കാര്‍ക്ക് ബോണ്ട് ഹിയറിങ് നിഷേധിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നാണ് ഹര്‍ജിക്കാരുടെ അഭിഭാഷകരുടെ ആരോപണം. അവര്‍ അമേരിക്കയില്‍ എത്രകാലമായി താമസിക്കുന്നുവെന്നതും പരിഗണിക്കപ്പെടുന്നില്ലെന്നും അവര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ പുതിയ നിയമവ്യാഖ്യാനം ദശലക്ഷക്കണക്കിന് വിദേശ പൗരന്മാരെ ബാധിച്ചേക്കാമെന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ അഭിഭാഷകര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ വ്യക്തമാക്കി.
1996ലെ കുടിയേറ്റ നിയമപ്രകാരം പുതിയ നിര്‍ബന്ധിത തടങ്കല്‍ നയം നിയമപരമാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.
അതിര്‍ത്തിക്ക് പുറത്തുവെച്ച് അറസ്റ്റ് ചെയ്യപ്പെടുന്ന ക്രിമിനല്‍ റെക്കോര്‍ഡില്ലാത്ത ഭൂരിഭാഗം വിദേശികള്‍ക്കും ബോണ്ട് ഹിയറിങ് ആവശ്യപ്പെടാന്‍ അവസരം നല്‍കുന്ന രീതിയായിരുന്നു മുന്‍ ഭരണകൂടങ്ങള്‍ പൊതുവെ പിന്തുടര്‍ന്നിരുന്നത്. അതില്‍നിന്നുള്ള മാറ്റമാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നയം.
