വാഷിംഗ്ടണ്‍: ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികള്‍ക്ക് നല്‍കിവരുന്ന ലിംഗമാറ്റ അനുബന്ധ ചികിത്സകള്‍ക്ക് ഫെഡറല്‍ തലത്തില്‍ വിലക്ക് ഏര്‍പ്പെടുത്താനുള്ള നടപടികളുമായി ട്രംപ് ഭരണകൂടം മുന്നോട്ട്. കുട്ടികള്‍ക്ക് നല്‍കുന്ന പ്യൂബര്‍ട്ടി ബ്ലോക്കറുകള്‍, ഹോര്‍മോണ്‍ ചികിത്സ, ശസ്ത്രക്രിയകള്‍ എന്നിവയെ ലക്ഷ്യമിട്ട് ആരോഗ്യ-മാനവസേവന വകുപ്പ് (HHS) വ്യാഴാഴ്ച പുതിയ നിയമനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു. ഇത്തരം ചികിത്സകള്‍ നല്‍കുന്ന ആശുപത്രികള്‍ക്ക് മെഡിക്കെയ്ഡ്, മെഡികെയര്‍ പദ്ധതികളിലൂടെ ലഭിക്കുന്ന ഫെഡറല്‍ ധനസഹായം പിന്‍വലിക്കാനാണ് നീക്കം. കൂടാതെ കുട്ടികള്‍ക്കായുള്ള സ്‌റ്റേറ്റ് ചില്‍ഡ്രന്‍സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രോഗ്രാമിലൂടെയും (SCHIP) ഇത്തരം ചികിത്സകള്‍ക്ക് ഫണ്ട് അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
'ഇത് ചികിത്സയല്ല, വൈദ്യപരമായ വീഴ്ചയാണ്' എന്നാണ് ആരോഗ്യമന്ത്രി റോബര്‍ട്ട് എഫ്. കെനഡി ജൂനിയറുടെ പ്രതികരണം. 'ലിംഗം നിരാകരിക്കുന്ന നടപടികള്‍ കുട്ടികളുടെ ഭാവി കവര്‍ന്നെടുക്കുകയാണ്' എന്നും അദ്ദേഹം ആരോപിച്ചു. ഇതോടൊപ്പം, ഭിന്നലിംഗം (gender dysphoria) ഭിന്നശേഷിയുടെ നിര്‍വചനത്തില്‍ നിന്ന് ഒഴിവാക്കുന്ന നിയമഭേദഗതിയും HHS സിവില്‍ റൈറ്റ്‌സ് ഓഫീസ് പരിഗണനയ്‌ക്കെടുത്തിട്ടുണ്ട്. ലിംഗദ്വന്ദ്വം അനുഭവിക്കുന്നവര്‍ ഉപയോഗിക്കുന്ന ചെസ്റ്റ് ബൈന്‍ഡര്‍ പോലുള്ള ഉപകരണങ്ങള്‍ വിപണനം ചെയ്യുന്ന കമ്പനികള്‍ക്ക് FDA മുന്നറിയിപ്പ് നോട്ടീസുകളും അയച്ചു.
നിലവില്‍ അമേരിക്കയിലെ പകുതിയിലധികം സംസ്ഥാനങ്ങള്‍ ലിംഗമാറ്റ ചികിത്സകള്‍ക്ക് നിയന്ത്രണമോ നിരോധനമോ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പുതിയ ഫെഡറല്‍ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍, മെഡിക്കെയ്ഡ് സഹായത്തോടെ ചികിത്സ തുടരുന്ന ഏകദേശം രണ്ട് ഡസന്‍ സംസ്ഥാനങ്ങളില്‍ പോലും സേവനങ്ങള്‍ നിലയ്ക്കാന്‍ സാധ്യതയുണ്ട്. നിയമങ്ങള്‍ അന്തിമമല്ലെങ്കിലും, നീണ്ട നിയമനിര്‍മാണ നടപടികളും പൊതു അഭിപ്രായ ശേഖരണവും കഴിഞ്ഞാല്‍ മാത്രമേ പ്രാബല്യത്തില്‍ വരൂവെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, നിയമപരമായ വെല്ലുവിളികള്‍ ഉറപ്പാണെന്നും വിലയിരുത്തല്‍.
മെഡിക്കെയര്‍, മെഡിക്കെയ്ഡ് പദ്ധതികളില്‍ പങ്കാളികളായിരിക്കുന്ന മിക്ക ആശുപത്രികള്‍ക്കും ഫെഡറല്‍ ഫണ്ടിങ് നഷ്ടപ്പെടുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന ആശങ്ക ശക്തമാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ തന്നെ നിരവധി ആശുപത്രികള്‍ കുട്ടികള്‍ക്കായുള്ള ലിംഗമാറ്റ ചികിത്സകള്‍ നിര്‍ത്തിവെക്കാന്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ അടക്കമുള്ള പ്രമുഖ മെഡിക്കല്‍ സംഘടനകള്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുകയും, ചികിത്സാ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളുടെ അവകാശങ്ങള്‍ ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം നടപ്പാക്കുന്ന നടപടികളുടെ തുടര്‍ച്ചയായാണ് പുതിയ പ്രഖ്യാപനങ്ങള്‍. അധികാരമേറ്റ ആദ്യദിനം തന്നെ ആണ്‍- പെണ്‍ എന്നീ രണ്ട് ലിംഗങ്ങള്‍ മാത്രമേ ഫെഡറല്‍ സര്‍ക്കാര്‍ അംഗീകരിക്കൂവെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. 19 വയസ്സിന് താഴെയുള്ളവരുടെ ലിംഗമാറ്റ ചികിത്സകള്‍ക്ക് ഫെഡറല്‍ പിന്തുണ നിഷേധിക്കുന്ന ഉത്തരവുകളും അദ്ദേഹം ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടെ, 18 വയസ്സിന് താഴെയുള്ളവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് തടവ് ശിക്ഷ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് വഴിയൊരുക്കുന്ന ബില്‍ യുഎസ് ഹൗസ് പാസാക്കിയിട്ടുണ്ട്.
ഈ നീക്കങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളുടെ ജീവനും ആരോഗ്യവും അപകടത്തിലാക്കുമെന്ന് അവകാശസംരക്ഷണ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. 'ആശുപത്രികളെ സര്‍ക്കാര്‍ ധനസഹായവും ജീവന്‍ രക്ഷിക്കുന്ന ചികിത്സയും തമ്മില്‍ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ് ഭരണകൂടം' എന്നാണ് ഫിസിഷ്യന്‍സ് ഫോര്‍ റിപ്പ്രൊഡക്റ്റീവ് ഹെല്‍ത്ത് അധ്യക്ഷ ഡോ. ജമീല പെരിറ്റിന്റെ പ്രതികരണം. ട്രെവര്‍ പ്രോജക്റ്റ് ഉള്‍പ്പെടെയുള്ള സംഘടനകളും തീരുമാനം കടുത്ത തിരിച്ചടിയാണെന്ന് വിമര്‍ശിച്ചു.
ട്രാന്‍സ്‌ജെന്‍ കുട്ടികള്‍ക്ക് തിരിച്ചടി; ലിംഗമാറ്റ ചികിത്സയ്ക്ക് ഫെഡറല്‍ ഫണ്ടിങ് നിഷേധിക്കാന്‍ ട്രംപ് ഭരണകൂടം
