വാഷിംഗ്ടണ്‍: വിദേശ വിദ്യാര്‍ഥികള്‍, സാംസ്‌കാരിക വിനിമയ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍, വിദേശ മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള വിസാ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം. യു എസ് ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡി എച്ച് എസ്) പുറത്തിറക്കിയ പുതിയ അന്തിമ ചട്ടപ്രകാരം ഇവര്‍ക്കുള്ള വിസകള്‍ക്ക് ഇനി നിശ്ചിത കാലാവധി നിശ്ചയിക്കും.
നിലവില്‍ വിദ്യാര്‍ഥികള്‍ക്കുള്ള എഫ് വിസ, സാംസ്‌കാരിക വിനിമയ പരിപാടികളിലെ ജെ വിസ, മാധ്യ മപ്രവര്‍ത്തകര്‍ക്കുള്ള ഐ വിസ എന്നിവ പഠനമോ ജോലിയോ അവസാനിക്കുന്നതുവരെ സാധുവായിരുന്നുവെങ്കിലും പുതിയ ചട്ടപ്രകാരം ഇവയ്ക്ക് നിശ്ചിത കാലപരിധിയുണ്ടാകും.
പുതിയ നിയമം അനുസരിച്ച് വിദ്യാര്‍ഥി വിസയ്ക്കും എക്‌സ്‌ചേഞ്ച് വിസയ്ക്കും പരമാവധി നാല് വര്‍ഷമാണ് കാലാവധി. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിസയുടെ കാലാവധി പരമാവധി 240 ദിവസമായിരിക്കും. ചൈനീസ് മാധ്യമ പ്രവര്‍ത്തകര്‍ക്കാകട്ടെ പരമാവധി 90 ദിവസത്തെ വിസ മാത്രമേ അനുവദിക്കുകയുള്ളു.
ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിച്ചതിന് 60 ദിവസത്തിന് ശേഷം, കോണ്‍ഗ്രസിന്റെ പരിശോധനയ്ക്ക് വിധേയമായി പുതിയ ചട്ടം പ്രാബല്യത്തില്‍ വരും.
2025 ജനുവരിയില്‍ അധികാരമേറ്റ ശേഷം കുടിയേറ്റവുമായി ബന്ധപ്പെട്ട നടപടികള്‍ ട്രംപ് ഭരണകൂടം വ്യാപകമായി കര്‍ശനമാക്കിയിരുന്നു. നിയമപരമായി താമസിക്കുന്നവരെയും കൂടുതല്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സമീപനമാണ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. ആശയപരമായ നിലപാടുകളുടെ പേരില്‍ സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ വിസയും ഗ്രീന്‍ കാര്‍ഡും റദ്ദാക്കുകയും ലക്ഷക്കണക്കിന് കുടിയേറ്റക്കാരുടെ നിയമപരമായ പദവി പിന്‍വലിക്കുകയും ചെയ്തിരുന്നു.
പുതിയ ചട്ടപ്രകാരം ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് അധികൃതരുടെ അനുമതിയില്ലാതെ പഠനലക്ഷ്യം മാറ്റാനോ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മാറാനോ കഴിയില്ല.
കൂടാതെ പഠനം പൂര്‍ത്തിയാക്കിയ ശേഷം അമേരിക്ക വിടാന്‍ അനുവദിച്ചിരുന്ന 60 ദിവസത്തെ ഗ്രേസ് പീരിയഡ് 30 ദിവസമാക്കി കുറച്ചു. ഈ കാലയളവിനുള്ളില്‍ തൊഴില്‍ദാതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കുകയോ രാജ്യം വിടുകയോ വേണം. എന്നാല്‍ ആവശ്യമായവര്‍ക്ക് വിസാ കാലാവധി നീട്ടാന്‍ അപേക്ഷിക്കാമെന്നും ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു.
പുതിയ വിസാ നയം 'വിവേചനപരമാണെന്ന്' ചൈന ആരോപിച്ചു. പ്രത്യേകിച്ച് ചൈനീസ് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള 90 ദിവസത്തെ വിസാ പരിധി ഉടന്‍ പിന്‍വലിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
2021-ല്‍ മാധ്യമ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് അമേരിക്കയും ചൈനയും തമ്മില്‍ ഉണ്ടായ ധാരണയെ ഈ നടപടി ഗുരുതരമായി ലംഘിക്കുന്നതാണെന്നും ഇത് അമേരിക്കയിലെ ചൈനീസ് മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു. ആവശ്യമെങ്കില്‍ സമാനമായ തിരിച്ചടി നടപടികള്‍ സ്വീകരിക്കാനുള്ള അവകാശം ചൈനയ്ക്കുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പുതിയ ചട്ടം അനാവശ്യമായ നടപടിക്രമങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അന്തര്‍ദേശീയ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും ഡി എച്ച് എസ് മുന്‍ ഉദ്യോഗസ്ഥനായ ഡഗ് റാന്‍ഡ് അഭിപ്രായപ്പെട്ടു.
കാറ്റോ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കുടിയേറ്റ പഠന ഡയറക്ടര്‍ ഡേവിഡ് ജെ ബിയര്‍, വിദ്യാര്‍ഥികള്‍ക്ക് പഠനം കഴിഞ്ഞ് വെറും 30 ദിവസത്തിനുള്ളില്‍ തൊഴില്‍ കണ്ടെത്തുകയോ സ്‌പോണ്‍സര്‍ഷിപ്പ് നേടുകയോ ചെയ്യേണ്ട സാഹചര്യം യാഥാര്‍ഥ്യബോധമില്ലാത്ത തീരുമാനമാണെന്ന് വിമര്‍ശിച്ചു.
2024-ല്‍ 18 ലക്ഷത്തിലധികം വിദ്യാര്‍ഥി വിസാ പ്രവേശനങ്ങളാണ് അമേരിക്കയില്‍ രേഖപ്പെടുത്തിയതെന്ന് ഡി എച്ച് എസ് അറിയിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 11 ശതമാനം വര്‍ധനയാണിത്. ഇതേ കാലയളവില്‍ അഞ്ച് ലക്ഷത്തിലധികം സാംസ്‌കാരിക വിനിമയ സന്ദര്‍ശകര്‍ക്കും 37,300 വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്കും വിസ അനുവദിച്ചതായും വകുപ്പ് വ്യക്തമാക്കി.
ഇത്തരം സന്ദര്‍ശകരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതിനാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതില്‍ വെല്ലുവിളി നേരിടുന്നുണ്ടെന്നും നിശ്ചിത കാലാവധി കഴിഞ്ഞും അമേരിക്കയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസാ കാലാവധി നീട്ടാന്‍ അപേക്ഷിക്കുകയോ രാജ്യം വിട്ട് വീണ്ടും പ്രവേശനാനുമതി നേടുകയോ ചെയ്യേണ്ടിവരുമെന്നും ഡി എച്ച് എസ് അറിയിച്ചു.
