വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ യുദ്ധസമയത്ത് യു എസ് സേനയെ സഹായിച്ച 1,100 അഫ്ഗാനികളെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്ക് അയയ്ക്കാന്‍ ട്രംപ് ഭരണകൂടം ചര്‍ച്ചകള്‍ നടത്തുന്ന റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം.
യു എസ് യുദ്ധ ശ്രമങ്ങളെ സഹായിച്ച അഫ്ഗാനികള്‍ക്ക് പുനരധിവാസത്തിന് അപേക്ഷിക്കാന്‍ അനുവാദം നല്‍കുന്ന സംരംഭം നിര്‍ത്തലാക്കാന്‍ ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഒരു വര്‍ഷമായി ഖത്തറില്‍ കഴിയുന്ന ആയിരത്തിലധികം അഫ്ഗാനികളുടെ സംഘത്തില്‍ യു എസ് സൈനിക അംഗങ്ങളുടെ ബന്ധുക്കളും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. നാനൂറിലധികം കുട്ടികളും ഈ സംഘത്തില്‍ ഉള്‍പ്പെടുന്നു.
സൈനികരെ അഫ്ഗാനിസ്ഥാനില്‍ നിന്നും യു എസ് പിന്‍വലിച്ചതിന് ശേഷം താലിബാന്‍ നിയന്ത്രണത്തിലായ മാതൃരാജ്യത്ത് യു എസ് സൈനിക ശ്രമങ്ങളെ പിന്തുണച്ചതിനാലാണ് ഈ അഫ്ഗാനികളെ അവരുടെ സംരക്ഷണത്തിന്റെ ഭാഗമായി ഖത്തറിലേക്ക് മാറ്റിയതെന്നാണ് ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, പതിറ്റാണ്ടുകളായുള്ള സംഘര്‍ഷത്തിനും അസ്ഥിരതയ്ക്കും ശേഷം കോംഗോ വലിയ കുടിയിറക്കല്‍ പ്രതിസന്ധിയാണ് നേരിടുന്നത്. യു എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ കണക്കനുസരിച്ച് 2025 സെപ്റ്റംബര്‍ വരെ 8.2 ദശലക്ഷം ആളുകളാണ് കുടിയിറക്കപ്പെട്ടത്. വര്‍ഷാവസാനത്തോടെ ഈ സംഖ്യ 9 ദശലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ ചര്‍ച്ചകളെക്കുറിച്ച് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെട്ടവരില്‍ നിന്ന് തനിക്കറിയാന്‍ സാധിച്ചതായി ലാഭേച്ഛയില്ലാത്ത അഫ്ഗാന്‍ഇവാക് എന്ന സംഘടനയുടെ പ്രസിഡന്റ് ഷോണ്‍ വാന്‍ഡിവര്‍ ഗാര്‍ഡിയനോട് പറഞ്ഞു.
ഖത്തറിലെ 1,100 അഫ്ഗാനികളില്‍ 900 പേര്‍ക്കും യു എസില്‍ പുനരധിവാസത്തിന് അര്‍ഹതയുണ്ടെന്ന് വാന്‍ഡിവര്‍ പറഞ്ഞു. യോഗ്യതയില്ലാത്ത 200 പേര്‍ക്ക് അക്രമത്തില്‍ വലയുന്ന കോംഗോ ഒഴികെയുള്ള രാജ്യങ്ങളോട് അവരെ സ്വീകരിക്കുന്നതിനെക്കുറിച്ച് യു എസിന് സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനികളില്‍ 100 മുതല്‍ 150 പേര്‍ വരെ സജീവ സേവനത്തിലുള്ള സൈനികരുടെ കുടുംബാംഗങ്ങളാണെന്നും 700ലധികം പേര്‍ സ്ത്രീകളും കുട്ടികളുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു നയമാറ്റത്തിലൂടെ ഇതെല്ലാം പരിഹരിക്കാന്‍ കഴിയുമെന്നും വാന്‍ഡിവര്‍ പറഞ്ഞു.
കോംഗോയുമായുള്ള ചര്‍ച്ചകള്‍ യഥാര്‍ഥ പുനരധിവാസത്തിലേക്ക് എത്താതിരിക്കാനും സാധ്യതയുണ്ടെന്നത് അഫ്ഗാനികളെ കൂടുതല്‍ അനിശ്ചിതത്വത്തിലാക്കുന്നുണ്ട്. യു എസ് സേനയുമായുള്ള അവരുടെ സഹകരണം കണക്കിലെടുക്കുമ്പോള്‍ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങുന്നത് മരണത്തില്‍ കലാശിച്ചേക്കാമെന്നും വാന്‍ഡിവര്‍ പറഞ്ഞു.
