ലോസ് ആഞ്ചലസ് : പ്രശസ്ത സംവിധായകനും നടനുമായ റോബ് റൈനറും ഭാര്യ മിഷേല്‍ സിംഗറും ലോസ് ആഞ്ചലസിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോളിവുഡ് ലോകത്ത് അനുശോചന പ്രവാഹം. ഞായറാഴ്ചയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ലോസ് ആഞ്ചലസ് പൊലീസ് അറിയിച്ചു.
ടിവി ചരിത്രത്തിലെ ഇതിഹാസമായ നോര്‍മന്‍ ലിയറിന്റെ കുടുംബം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ദുഃഖം രേഖപ്പെടുത്തി. 'ഓള്‍ ഇന്‍ ദി ഫാമിലി' എന്ന ഹിറ്റ് സിറ്റ്‌കോമിലൂടെ പ്രശസ്തനായ റൈനറെ ലിയര്‍ സ്വന്തം മകനെന്നപോലെ കണ്ടിരുന്നുവെന്ന് കുടുംബത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു. 'റോബും മിഷേലും അവരുടെ കല, സാമൂഹിക പ്രവര്‍ത്തനം, ദാനധര്‍മ്മം, കുടുംബസ്‌നേഹം എന്നിവയിലൂടെ ലോകത്തെ കൂടുതല്‍ നല്ലതാക്കാന്‍ ശ്രമിച്ചവരാണ്,' എന്ന് ലിയര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 'ഇന്ന് ലോകം കൂടുതല്‍ ഇരുണ്ടതായി' ലിയറിന്റെ ഭാര്യ ലിന്‍ ലിയര്‍ വിശേഷിപ്പിച്ചു.
'ദി പ്രിന്‍സസ് െ്രെബഡ്', 'ദിസ് ഇസ് സ്‌പൈനല്‍ ടാപ്' തുടങ്ങിയ റൈനര്‍ സംവിധാനം ചെയ്ത ചിത്രങ്ങളിലെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അനുശോചനം അറിയിച്ചു. ക്രിസ്റ്റഫര്‍ ഗസ്റ്റ്‌ജെയ്മി ലീ കര്‍ട്ടിസ് ദമ്പതികള്‍ 'വേദനയും ഞെട്ടലും നിറഞ്ഞ അവസ്ഥയിലാണ് ' എന്നും കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും പറഞ്ഞു. കാരി എല്‍വ്‌സ്, റീറ്റ വില്‌സണ്‍, മരിയ ശ്രൈവര്‍ എന്നിവര്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുകളിലൂടെ ഇരുവരെയും അനുസ്മരിച്ചു.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും മുന്‍ പ്രഥമവനിത മിഷേല്‍ ഒബാമയും റൈനറുടെ കലാസാഫല്യങ്ങളെയും മനുഷ്യസ്‌നേഹത്തെയും പ്രശംസിച്ചു. സംവിധായകന്‍ റോണ്‍ ഹോവാര്‍ഡ്, പോള്‍ ഫീഗ്, നടന്‍ ജോണ്‍ ക്യൂസാക്ക്, ജോഷ് ഗാഡ് എന്നിവരും റൈനറെ 'കാലത്തിന്റെ മികച്ച സംവിധായകരില്‍ ഒരാള്‍' എന്നു വിശേഷിപ്പിച്ചു.
'അപ്രതീക്ഷിതമായ ഈ വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ്; സ്വകാര്യത മാനിക്കണം' എന്ന് കുടുംബം പുറത്തിറക്കിയ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. 1989ല്‍ വിവാഹിതരായ റോബ് റൈനറും മിഷേല്‍ സിംഗറും മൂന്ന് മക്കളാണ്: ജേക്ക്, നിക്, റോമി. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ നിക് റൈനര്‍ (32) കൊലപാതകക്കുറ്റത്തിന് അറസ്റ്റിലായതായും ജാമ്യമില്ലാതെ കസ്റ്റഡിയില്‍ ആണെന്നും അധികൃതര്‍ അറിയിച്ചു.
റോബ് റൈനര്‍-മിഷേല്‍ സിംഗര്‍ ദമ്പതികളുടെ വിയോഗം: ഹോളിവുഡ് ലോകം ദുഃഖത്തില്‍
