വാഷിംഗ്ടൺ: ഭൂമിയിലെ മത്സരങ്ങൾ മതിയാകാത്തതുപോലെയാണ് ഇനി ചന്ദ്രനിലും അമേരിക്കയും ചൈനയും ശക്തിപ്രകടനം കടുപ്പിക്കാനൊരുങ്ങുകയാണ് എന്ന മുന്നറിയിപ്പുമായി ഒരു അമേരിക്കൻ പഠന റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളത്. ചൈനയുടെ ബഹിരാകാശ അധിനിവേശ സ്വപ്നങ്ങൾ അമേരിക്കയ്ക്ക് ഭാവിയിൽ വലിയ സുരക്ഷാഭീഷണിയാകാമെന്നും അതിനെ ചെറുക്കാൻ 'ഗാർഡിയൻസ് ഓഫ് ദ ഗാലക്‌സി' മാതൃകയിൽ ബഹിരാകാശ സൈനികരെ തന്നെ വിന്യസിക്കേണ്ടി വരാമെന്നുമാണ് റിപ്പോർട്ടിലെ പരാമർശം.
അമേരിക്കൻ പ്രതിരോധ പഠന സ്ഥാപനമായ മിച്ചൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ എയറോസ്‌പേസ് സ്റ്റഡീസിന്റെ റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പ്. ചന്ദ്രനിലെ വിഭവങ്ങളും പ്രദേശങ്ങളും പിടിച്ചടക്കാനുള്ള മത്സരത്തിലേക്ക് അമേരിക്കയും ചൈനയും നീങ്ങുകയാണെന്നും ഭാവിയിൽ ഇത് തുറന്ന ഏറ്റുമുട്ടലിലേക്ക് വഴിമാറാനിടയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അമേരിക്കൻ സപേസ് ഫോഴ്‌സിലെ വിരമിച്ച കേണൽ കൈൽ പംറോയിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ചന്ദ്രനിലും ബഹിരാകാശ നിലയങ്ങളിലും അമേരിക്കൻ സപേസ് ഫോഴ്‌സ് അംഗങ്ങളായ 'ഗാർഡിയൻസ്' വിന്യസിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇപ്പോഴുള്ള മനുഷ്യ ബഹിരാകാശ പദ്ധതികൾ കാഴ്ചപ്പാട്, നയം, ധനസഹായം എന്നിവയിലെ അനിശ്ചിതത്വം കാരണം പിന്നോട്ടുപോയെന്നും അതിനിടെ ചൈന സ്ഥിരതയോടെ മുന്നേറിയെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
2022ൽ ടിയാൻഗോംഗ് ബഹിരാകാശ നിലയം പൂർത്തിയാക്കിയ ചൈന ഇതിനകം ചന്ദ്രനിൽ റോവറുകൾ ഇറക്കിയിട്ടുണ്ട്. അടുത്ത ലക്ഷ്യം മനുഷ്യനെ ചന്ദ്രനിലെത്തിക്കലാണ്. അമേരിക്കയും അതേ ലക്ഷ്യവുമായി മുന്നേറുന്ന സാഹചര്യത്തിൽ പുതിയ ' ബഹിരാകാശപ്പോര് ' കടുക്കുകയാണ്.
1967ലെ ഔട്ടർ സ്‌പേസ് ഉടമ്പടി പ്രകാരം ബഹിരാകാശത്ത് സൈനിക പ്രവർത്തനങ്ങളും ചന്ദ്രനിൽ അവകാശവാദവും നിരോധിച്ചിട്ടുണ്ടെങ്കിലും, 'കരാറുകൾ പാലിക്കാത്ത ചരിത്രം ചൈനയ്ക്കുണ്ടെന്ന്' റിപ്പോർട്ട് ആരോപിക്കുന്നു. അതിനാൽ തന്നെ ഈ പുതിയ ബഹിരാകാശ മത്സരത്തിൽ 'ഹാർഡ് പവർ' നിർണായകമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കും രാഷ്ട്രീയ മത്സരം നീളുമ്പോൾ, സയൻസ് ഫിക്ഷൻ സിനിമകളിലെ പോലെ 'സ്‌പേസ് സൈന്യം' യാഥാർഥ്യമാകുമോ എന്ന ചർച്ചയും ശക്തമാകുകയാണ്.
ചന്ദ്രനിൽ ചൈന അവകാശം സ്ഥാപിക്കും മുമ്പ് അമേരിക്ക രക്ഷാകർത്തൃത്വം ഏറ്റെടുക്കണമെന്ന് റിപ്പോർട്ട്
