വാഷിംഗ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഒപ്പ് ഭാവിയിൽ പുറത്തിറങ്ങുന്ന യുഎസ് പേപ്പർ കറൻസികളിൽ ഉൾപ്പെടുത്തുമെന്ന് ട്രഷറി വകുപ്പ് അറിയിച്ചു. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് നിലവിലെ പ്രസിഡന്റിന്റെ ഒപ്പ് കറൻസിയിൽ പ്രത്യക്ഷപ്പെടുന്നത്.
അമേരിക്കയുടെ 250ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഈ തീരുമാനം എടുത്തതാണെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി. ട്രംപിന്റെ നേതൃത്വത്തിൽ അമേരിക്ക ശക്തമായ സാമ്പത്തിക വളർച്ചയിലേക്കാണ് നീങ്ങുന്നതെന്നും ഡോളറിന്റെ ആഗോള പ്രാധാന്യം കൂടുതൽ ഉറപ്പുവരുത്തപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
ട്രഷറർ ബ്രാൻഡൺ ബീച്ചും ഈ നീക്കത്തെ പിന്തുണച്ച് സംസാരിച്ചു. അമേരിക്കയുടെ വളർച്ചക്കും സാമ്പത്തിക പുനരുജ്ജീവനത്തിനും ട്രംപ് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും, അതിന്റെ അടയാളമായി കറൻസിയിൽ അദ്ദേഹത്തിന്റെ ഒപ്പ് ഉൾപ്പെടുത്തുന്നത് യുക്തിപൂർണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
250ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറങ്ങുന്ന പുതിയ നോട്ടുകൾ രാജ്യത്തിന്റെ ശക്തിയും ഐക്യവും പ്രതിനിധാനം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
ട്രംപിന്റെ ഒപ്പ് യുഎസ് ഡോളറിൽ; ചരിത്രത്തിൽ ആദ്യമായി അധികാരത്തിലുള്ള പ്രസിഡന്റിന്റെ പേര് കറൻസിയിൽ
