എപ്സ്റ്റീൻ ഫയലുകൾ 'മറച്ചുവെക്കൽ': ബോണ്ടിക്കും ജസ്റ്റിസ് ഡിപ്പാർട്‌മെന്റിനുതിരെ ഡെമോക്രാറ്റ് നേതാക്കൾ

എപ്സ്റ്റീൻ ഫയലുകൾ 'മറച്ചുവെക്കൽ': ബോണ്ടിക്കും ജസ്റ്റിസ് ഡിപ്പാർട്‌മെന്റിനുതിരെ ഡെമോക്രാറ്റ് നേതാക്കൾ


വാഷിംഗ്ടൺ: അമേരിക്കയിൽ ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടുന്നതിൽ 'വിപുലമായ മറച്ചുവെക്കൽ' നടക്കുന്നതായി ആരോപിച്ച് മുൻനിര ഡെമോക്രാറ്റിക് നേതാക്കൾ രംഗത്ത്. അറ്റോർണി ജനറൽ പാം ബോണ്ടിയും യു.എസ്. ജസ്റ്റിസ് ഡിപ്പാർട്‌മെന്റും ബോധപൂർവ്വം രേഖകൾ തടഞ്ഞുവെച്ചുവെന്നാണ് ആരോപണം.

'ജസ്റ്റിസ് ഡിപ്പാർട്‌മെന്റിനും ട്രംപ് ഭരണകൂടത്തിനുമെതിരെ മുന്നറിയിപ്പായി ഞങ്ങൾ ഇവിടെ എത്തിയതാണ്. ഈ വലിയ മറച്ചുവെക്കൽ പുറത്തുകൊണ്ടുവരും. എല്ലാ വഴികളും അന്വേഷിക്കും, വിസിൽബ്ലോവേഴ്‌സുമായി സംസാരിക്കും.'-സെനറ്റ് ന്യൂനപക്ഷനേതാവ് ചക്ക് ഷൂമർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിൽ മുൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണിനോട് എപ്സ്റ്റീൻ വിഷയത്തിൽ ചോദ്യംചെയ്യൽ നടക്കുന്നതിനിടെ, കമ്മിറ്റിയിലെ മുൻനിര ഡെമോക്രാറ്റായ റോബർട്ട് ഗാർസിയയും ജസ്റ്റിസ് ഡിപ്പാർട്‌മെന്റിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. 'വൈറ്റ് ഹൗസ് തലത്തിൽ മറച്ചുവെക്കൽ നടക്കുന്നു. പുറത്തുവിടാത്ത ശേഷിക്കുന്ന രേഖകൾ ഉടൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം,' എന്ന് ഗാർസിയ ആവശ്യപ്പെട്ടു.

ട്രംപിനെതിരെ ഉള്ള ആരോപണങ്ങൾ ഉൾപ്പെട്ട ചില രേഖകൾ ജസ്റ്റിസ് ഡിപ്പാർട്‌മെന്റ് തടഞ്ഞുവെച്ചതായി പുതിയ കണ്ടെത്തൽ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 'ഇത് നിയമവിരുദ്ധവും അംഗീകരിക്കാനാകാത്തതുമാണ്. രേഖകൾ എവിടെയാണെന്ന് പാം ബോണ്ടിയും പ്രസിഡന്റും വ്യക്തമാക്കണം,' -ഗാർസിയ ആവശ്യപ്പെട്ടു.

ഇതുവരെ ജസ്റ്റിസ് ഡിപ്പാർട്‌മെന്റ് ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല. എന്നാൽ 'പരിശോധനയിൽ തെറ്റായി ടാഗ് ചെയ്തതായി കണ്ടെത്തുന്ന രേഖകൾ നിയമാനുസൃതമായി പുറത്തുവിടുമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ ഡിപ്പാർട്‌മെന്റ് വ്യക്തമാക്കി. ഘിസ്ലെയ്ൻ മാക്‌സ് വെല്ലിന്റെ കേസുമായി ബന്ധപ്പെട്ട ചില രേഖകൾ കാണാനില്ലെന്ന ആരോപണം പരിശോധിക്കുന്നതായും അറിയിച്ചു.

സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയിലെ മുൻനിര ഡെമോക്രാറ്റായ ഡിക് ഡർബിനും ഷൂമറും ചേർന്ന് ജസ്റ്റിസ് ഡിപ്പാർട്‌മെന്റിനും എഫ്ബിഐയ്ക്കും കത്തയച്ചു. ട്രംപ് ഭരണകാലത്ത് എപ്സ്റ്റീൻ ഫയലുകൾ കൈകാര്യം ചെയ്ത രീതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സംരക്ഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

ട്രംപ് ഭരണകൂടം ഒരു വർഷമായി ഫയലുകൾ തെറ്റായി കൈകാര്യം ചെയ്തുവെന്നും, 'എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പാരൻസി ആക്ട്' പാസാക്കിയ ശേഷം നിശ്ചിത സമയപരിധിക്ക് ശേഷം മാത്രമാണ് ഭൂരിഭാഗം രേഖകളും പുറത്തുവിട്ടതെന്നും ഡെമോക്രാറ്റുകൾ ആരോപിച്ചു. ചില രേഖകളിൽ ഇരകളുടെ വ്യക്തിവിവരങ്ങൾ മായ്ച്ചുകളയാതെ പ്രസിദ്ധീകരിച്ചതും, തിരിച്ചറിയാനാകുന്ന വിധത്തിലുള്ള നഗ്‌നചിത്രങ്ങൾ ഉൾപ്പെടുത്തിയതുമാണ് നിയമലംഘനമെന്ന് അവർ ചൂണ്ടിക്കാട്ടി.

അതേസമയം, എപ്സ്റ്റീൻ വിഷയത്തിൽ താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും, എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരമായി നിഷേധിച്ചുവരികയാണ്.
'ഡോണൾഡ് ട്രംപും അദ്ദേഹത്തെ പിന്തുണക്കുന്ന റിപ്പബ്ലിക്കൻ നേതാക്കളും മറച്ചുവെക്കൽ തന്ത്രം നടപ്പാക്കുകയാണ്. യുകെയിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഉയർന്ന തലങ്ങളിലുള്ളവർ രാജിവെക്കുകയാണ്. അമേരിക്കയിൽ അതുണ്ടാകുമോ?' ഡർബിൻ ചോദിച്ചു.

കഴിഞ്ഞ വർഷം ജുഡീഷ്യറി കമ്മിറ്റിയിലെ ഹിയറിംഗിനിടെ 'ഒരിക്കൽ നിങ്ങൾക്ക് നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് മറുപടി പറയേണ്ടിവരും' എന്ന് ജനറൽ ബോണ്ടിയോട് പറഞ്ഞതായി ഡർബിൻ ഓർമ്മിപ്പിച്ചു. എല്ലാ നിലയിലും എപ്സ്റ്റീൻ ഫയൽ വിവാദം പുതിയ രാഷ്ട്രീയ ചൂടിലേക്കാണ് നീങ്ങുന്നത്.